ഒറ്റപ്പാലം പിടിക്കാന്‍ 'മേജര്‍' ഇറങ്ങുന്നു; ബിജെപി കോട്ടയില്‍ സര്‍പ്രൈസ് നീക്കവുമായി എന്‍ഡിഎ; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നേ മണ്ഡലത്തില്‍ സജീവമായി മേജര്‍ രവി
ഒറ്റപ്പാലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലം പിടിക്കാന്‍ സിനിമ സംവിധായകന്‍ മേജര്‍ രവിയെ എന്‍ഡിഎ കളത്തിലിറക്കിയേക്കും. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ഏകദേശ ധാരണയായതോടെ, മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ മേജര്‍ രവി സന്ദര്‍ശനം ആരംഭിച്ചു കഴിഞ്ഞു. ബിജെപി വെസ്റ്റ് ജില്ലാ ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ ജില്ലാ പ്രസിഡന്റ് പി. വേണുഗോപാലന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചത് സ്ഥാനാര്‍ത്ഥിത്വത്തിന്റെ വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ കാണുന്നത്.
ബിജെപിക്ക് എ ക്ലാസ് പരിഗണനയുള്ള മണ്ഡലങ്ങളിലൊന്നാണ് ഒറ്റപ്പാലം. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കാല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ നേടാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചിരുന്നു. മുന്‍പ് മൂന്ന് തവണയും മത്സരിച്ച വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ പി. വേണുഗോപാലന് പകരം ഇത്തവണ ഒരു സെലിബ്രിറ്റി മുഖത്തെ കൊണ്ടുവരുന്നതിലൂടെ മണ്ഡലം പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി. മേജര്‍ രവിയുടെ സിനിമാരംഗത്തെ താരമൂല്യവും ദേശീയവാദി എന്ന പ്രതിച്ഛായയും വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് എന്‍ഡിഎ ക്യാമ്പിന്റെ പ്രതീക്ഷ.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനം ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പി. വേണുഗോപാലന്‍ അറിയിച്ചു. മേജര്‍ രവിക്കൊപ്പം പാലക്കാട് ജില്ലാ മുന്‍ പ്രസിഡന്റ് കെ.എം. ഹരിദാസ്, യുവനേതാവ് ശങ്കു ടി. ദാസ്, മധ്യമേഖല ജനറല്‍ സെക്രട്ടറി ടി. ശങ്കരന്‍കുട്ടി എന്നിവരുടെ പേരുകളും സാധ്യതാ പട്ടികയിലുണ്ട്. എങ്കിലും മേജര്‍ രവി മണ്ഡലത്തില്‍ സജീവമായതോടെ അണികള്‍ക്കിടയില്‍ വലിയ ആവേശം പ്രകടമാണ്.