പെരുമ്പളംപാലം ഉദ്ഘാടനം ജനകീയ ഉത്സവമാക്കി പ്രദേശവാസികള്‍; കേരളത്തിലെ ഏറ്റവും വലിയ പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി; യഥാര്‍ഥ്യമായത് പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകളുടെ സ്വപ്നം
ആലപ്പുഴ: പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. പെരുമ്പളം ദ്വീപിലെ പന്ത്രണ്ടായിരത്തോളം ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കിഫ്ബി ഫണ്ടില്‍നിന്ന് 106 കോടി മുടക്കി നിര്‍മിച്ച പാലമാണ് നാടിന് സമര്‍പ്പിച്ചത്. പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകളുടെ സ്വപ്നമാണ് ഇന്ന് യഥാര്‍ഥ്യമായത്. വടുതല ഭാഗത്തുള്ള നാട മുറിച്ചാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. പാലത്തില്‍ കൂടിയുള്ള ആദ്യ കെഎസ്ആര്‍ടിസി സര്‍വീസ് അദ്ദേഹം ഫ്‌ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് അദ്ദേഹം വാഹനത്തില്‍ പാലത്തിലൂടെ യാത്ര ആരംഭിച്ചു. മന്ത്രിമാരായ പി. പ്രസാദ്, പിഎ മുഹമ്മദ് റിയാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ആലപ്പുഴ ജില്ലയിലെ അരൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഈ പാലം പെരുമ്പളം ദ്വീപ് നിവാസികളുടെ ദീര്‍ഘകാലത്തെ സ്വപ്നമാണ്. ഏകദേശം 100 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ഈ വിസ്മയത്തിന് 1157 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുണ്ട്. വേമ്പനാട്ട് കായലിനാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പെരുമ്പളം ദ്വീപിലെ 12,000-ത്തോളം വരുന്ന ജനതയ്ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗ്ഗം വള്ളങ്ങളും ബോട്ടുകളുമായിരുന്നു. കാറ്റും കോളും നിറഞ്ഞ കായല്‍ കടന്നുള്ള യാത്ര പലപ്പോഴും അപകടങ്ങള്‍ക്കും കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് മഴക്കാലത്ത് വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് വിടുമ്പോള്‍ രക്ഷിതാക്കള്‍ അനുഭവിച്ചിരുന്ന വലിയ ആശങ്കയും, അടിയന്തര സാഹചര്യങ്ങളില്‍ രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ നേരിട്ടിരുന്ന കടുത്ത പ്രയാസങ്ങളും ഇനി മറികടക്കാം.
ഉദ്ഘാടന ചടങ്ങിനായി ആയിരങ്ങളാണ് പെരുമ്പളത്ത് എത്തിയത്. ആരവങ്ങളോടെയാണ് ജനങ്ങള്‍ ഉദ്ഘാടന ചടങ്ങിനെ വരവേറ്റത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവരും കൂടെയുണ്ടായിരുന്നു. നാട മുറിച്ചതിനുശേഷം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പാലത്തിലൂടെ മറുകരയിലേക്ക് പോയി. പെരുമ്പളം ദ്വീപിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ ബസ് സര്‍വീസും ആരംഭിച്ചു. പെരുമ്പളം ദ്വീപ് എന്ന ബോര്‍ഡ് വെച്ചുള്ള കെഎസ്ആര്‍ടിസി ബസ് പാലത്തിലൂടെ കടന്നുപോയപ്പോള്‍ ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍ അതിനെ ഏറ്റെടുത്തത്.
1157 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയമുള്ള കായലിന് കുറുകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലമാണ് പെരുമ്പളത്ത് നിര്‍മിച്ചിരിക്കുന്നത്. വേമ്പനാട് കായലിന് കുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. മധ്യഭാഗത്ത് മഴവില്‍ നിറത്തില്‍ മൂന്ന് ബോ സ്ട്രിംഗ് ആര്‍ച്ചുകളും പാലത്തിന്റെ പ്രത്യേകതയാണ്. ഇവിടെ 12 മീറ്ററാണ് പാലത്തിന്റെ വീതി. പെരുമ്പളം പഞ്ചായത്തിലെ 14 വാര്‍ഡുകളിലായി 12000 പേരാണ് കഴിയുന്നത്. 100 കോടി ചെലവില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണ് പാലം നിര്‍മിച്ചത്.
പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തില്‍ ജി. സുധാകരന്‍ പങ്കെടുക്കുമോ, സി.പി.എമ്മും തമ്മിലുള്ള മഞ്ഞുരുക്കത്തിന് വഴിയൊരുക്കുമോ എന്ന ആകാംക്ഷയിലായിരുന്നു രാഷ്ട്രീയ കേരളം. മന്ത്രി മുഹമ്മദ് റിയാസ് അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കുകയും നോട്ടീസില്‍ പേരും ചിത്രവും ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും സുധാകരന്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരിപാടിയില്‍ നിന്ന് വിട്ടുനിന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
