'ഭാരതം നമ്മുടെ അമ്മ, ലോകത്ത് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യം; ജാതി-മത ഭേദമന്യേ രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം'; ഔസേപ്പച്ചന്‍ ബിജെപി വേദിയില്‍; നിയമസഭയില്‍ മത്സരിക്കാന്‍ ക്ഷണം; പ്രമുഖ സംഗീത സംവിധായകന്‍ ബിജെപിയിലേക്കോ?

സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ബിജെപി വേദിയില്‍

Update: 2025-10-17 06:13 GMT

തൃശൂര്‍: സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ബിജെപി വേദിയില്‍. തൃശൂരില്‍ ബിജെപി വികസന മുന്നേറ്റ ജാഥയിലാണ് ഔസേപ്പച്ചന്‍ പങ്കെടുക്കുന്നത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണനാണ് ജാഥ നയിക്കുന്നത്. ഔസേപ്പച്ചനൊപ്പം രാഷ്ട്രീയ നിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലിയും വേദിയിലെത്തി. ഭാരതം നമ്മുടെ അമ്മയാണെന്നും നമ്മുടെ രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഔസേപ്പച്ചന്‍ പറഞ്ഞു. ഒരേ ചിന്തയില്‍ വളരണം. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി പ്രയത്‌നിക്കുന്ന ആളാണ് ബി ഗോപാലകൃഷ്ണനെന്നും ഔസേപ്പച്ചന്‍ പ്രശംസിച്ചു.

ഒരുമിച്ച് പ്രവര്‍ത്തിക്കുകയെന്നതാണ് ഓരോ ഭാരതീയരും ചെയ്യേണ്ട കടമയെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു. ബി ഗോപാലകൃഷ്ണന് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ചിന്താശക്തിയും ദൃഢനിശ്ചയവും ഉണ്ടെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു. വികസന സന്ദേശയാത്രക്ക് എല്ലാ മംഗളങ്ങളും വിജയാശംസകളും നേരുന്നുവെന്ന് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അദേഹം പറഞ്ഞു.

നല്ല രാഷ്ട്രീയക്കാരെ തനിക്ക് ഇഷ്ടമാണെന്ന് ഫക്രുദ്ദീന്‍ അലിയും പറഞ്ഞു. പോസിറ്റീവ് രാഷ്ട്രീയം ഇഷ്ടപ്പെടുന്ന ആളാണ് താന്‍. കക്ഷി രാഷ്ട്രീയത്തിന് അപ്പുറം പരിപാടിയുടെ ആശയമാണ് തന്നെ ഈ വേദിയിലേക്ക് എത്തിച്ചത്. ബി ഗോപാലകൃഷ്ണന്‍ നല്ല നേതാവാണ്. നേതൃനിരയിലേക്ക് വരാന്‍ യോഗ്യനാണ്. സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടമാണ്. ചില സമയത്ത് പ്രതികരണങ്ങള്‍ കൈവിട്ടുപോകുന്നുണ്ട്. അത് സുരേഷ് ഗോപി തന്നെ ശരിയാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഫക്രുദ്ദീന്‍ അലി പറഞ്ഞു.

ഔസേപ്പച്ചനെയും ഫക്രുദ്ദീന്‍ അലിയെയും ബി ഗോപാലകൃഷ്ണന്‍ ബിജെപിയിലേക്ക് ക്ഷണിച്ചു. ബിജെപിയില്‍ ചേര്‍ന്ന് നിയമസഭയില്‍ മത്സരിക്കാനാണ് ക്ഷണം. ബിജെപിക്ക് ഒപ്പം അണിചേരണമെന്ന് ഔസേപ്പച്ചനോടും ഫക്രുദ്ദീന്‍ അലിയോടും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. വാതില്‍ തുറന്നിട്ടിരിക്കുകയാണ്. മുണ്ട് പൊക്കി കാണിക്കുന്ന ആളുകളെ അല്ല കേരളത്തിന് ആവശ്യമെന്നും വികസനത്തിന്റെ കാഴ്ചപ്പാടില്‍ പ്രവര്‍ത്തിക്കുന്ന ആളുകളെയാണ് ആവശ്യമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

' നിങ്ങള്‍ കളങ്കമില്ലാത്ത ആളുകളാണ്. ജനങ്ങളെ സേവിക്കാന്‍ പറ്റിയ ആളുകളാണ്. നിയമസഭയില്‍ നിങ്ങളെ പോലെയുള്ളവര്‍ മത്സരിക്കണമെന്നതാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആഗ്രഹം. ഭാരതീയ ജനതാ പാര്‍ട്ടി നിങ്ങള്‍ക്ക് വേണ്ടി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. നിയമസഭയില്‍ മുണ്ട് പൊക്കി കാണിച്ച അടിയുണ്ടാക്കുന്നയാളുകളല്ല വേണ്ടത്. കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നയാളുകളാണ് വരേണ്ടത്. ഔസേപ്പച്ചനെ പോലെയുള്ളവര്‍ വികസന കാഴ്ചപ്പാടില്‍ ബിജെപിയോടൊപ്പം അണിചേരണം' ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Tags:    

Similar News