ഇത്രേം കാലം പറഞ്ഞ പാലക്കയം തട്ടിലെ 14 ഏക്കര്‍ ഭൂമിയും റിസോര്‍ട്ടും, ഭര്‍ത്താവിന്റെ പേരിലെ ബെനാമി പെട്രോള്‍ പമ്പും ഒന്ന് തെളിയിച്ചു തന്നിട്ട് വേണം പുതിയ ആരോപണം; വ്യാജ പ്രചാരണത്തിന് മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടിയെന്ന് പി പി ദിവ്യ

മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടിയെന്ന് പി പി ദിവ്യ

Update: 2025-01-22 11:51 GMT

കണ്ണൂര്‍: തനിക്കും ഭര്‍ത്താവിനുമെതിരെ റിയല്‍ എസ്റ്റേറ്റ് ബിനാമി ആരോപണം ഉന്നയിച്ച കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്‍ ജില്ലാ പഞ്ചായത്ത് പി.പി. ദിവ്യ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിപ്പ്. വിനോദ സഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിന് സമീപം ബിനാമി കമ്പനിക്കൊപ്പം ഏക്കര്‍ കണക്കിന് ഭൂമി പി.പി ദിവ്യയുടെ ഭര്‍ത്താവ് വാങ്ങിയെന്ന ആരോപണത്തിലാണ് നിയമ നടപടി.

അടിസ്ഥാനരഹിതമായ ആരോപണമാണ് കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ് ഉന്നയിച്ചത്. പാലക്കയം തട്ടില്‍ 14 ഏക്കര്‍ ഭൂമിയും റിസോര്‍ട്ടും തനിക്കുണ്ടെന്നാണ് നേരത്തെ കോണ്‍ഗ്രസുകാര്‍ പറഞ്ഞ് പരത്തിയത്. കഴിഞ്ഞ മൂന്ന് മാസമായി വ്യാജ ആരോപണങ്ങള്‍ തനിക്കെതിരെ ഉന്നയിച്ചു വരികയാണ്.

പി പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കെ എസ് യു നേതാവ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടി സ്വീകരിക്കും.....

കഴിഞ്ഞ 3 മാസമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, നേതാക്കന്മാര്‍ എനിക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങളില്‍ ഒന്ന് പാലക്കയം തട്ടില്‍ 14 ഏക്കര്‍ ഭൂമിയും, റിസോര്‍ട്ടും, സ്വന്തമായുണ്ട് എന്നൊക്കെയായിരുന്നു. ഇന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നടത്തിയ പത്ര സമ്മേളനത്തില്‍ ബിനാമി കമ്പനിയുമായി ചേര്‍ന്ന് 4 എക്കര്‍ ഭൂമി വാങ്ങിയെന്ന വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ്.

എന്റെ ഭര്‍ത്താവ് ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിയിട്ടുണ്ടെന്നു ഷമ്മാസ് തെളിയിക്കണം. ഇല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കും. പഴയ ആരോപണം പുതിയ കുപ്പിയില്‍ ആക്കി വന്നു പത്ര സമ്മേളനം നടത്തിയ കെ എസ് യു ജില്ലാ നേതാവിനോട് മറ്റൊരു കാര്യം കൂടി അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ ഇത്രേം കാലം പറഞ്ഞ പാലക്കയം തട്ടിലെ 14 ഏക്കര്‍ ഭൂമിയും റിസോര്‍ട്ടും, ഭര്‍ത്താവിന്റെ പേരിലെ ബെനാമി പെട്രോള്‍ പമ്പും ഒന്ന് തെളിയിച്ചു തന്നിട്ട് വേണം പുതിയ ആരോപണം. എന്റെ കുടുംബത്തിന്റെ പേരില്‍ നടത്തുന്ന വ്യാജ പ്രചാരണത്തിന് മറുപടി പറഞ്ഞെ പറ്റു. മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും


Full View

രേഖകള്‍ സഹിതമാണ് മുഹമ്മദ് ഷമ്മാസ് ആരോപണവുമായി രംഗത്തുവന്നത്. കാര്‍ട്ടന്‍ ഇന്ത്യ അലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള കമ്പനിക്ക് പി.പി ദിവ്യയുമായി അടുത്ത ബന്ധമുണ്ട്. പതിനൊന്ന് കോടിയോളം രൂപയുടെ കരാര്‍ ഇവര്‍ക്ക് നല്‍കി. കമ്പിനിയുടെ എം.ഡി മുഹമ്മദ് ആസിഫ് ദിവ്യയുടെ നാട്ടുകാരനാണ്. ഇയാളും ദിവ്യയുടെ ഭര്‍ത്താവ് അജിത്തും പാലക്കയംതട്ടിന് സമീപം നാല് ഏക്കറോളം ഭൂമി വാങ്ങിയിട്ടുണ്ട്. ദിവ്യയുടെ ഭര്‍ത്താവ് അജിത്തിന്റെ പേരില്‍ അന്‍പത് സെന്റോളം ഭൂമിയുണ്ടെന്ന് ഷമ്മാസ് പറഞ്ഞു. കല്യാശേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റിനും ബിനാമി ഇടപാടില്‍ പങ്കെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് പി.പി ദിവ്യയുടെ ബിനാമി കമ്പനിക്ക് കോടികളുടെ കരാറാണ് ലഭിച്ചത്. തട്ടിക്കൂട്ട് കമ്പനി നിര്‍മ്മിച്ചത് പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായതിന് ശേഷമാണ്.ഭര്‍ത്താവിന്റെയും ബിനാമികളുടെയും പേരില്‍ സ്ഥലങ്ങള്‍ ഇവര്‍ വാങ്ങിക്കൂട്ടുകയായിരുന്നു. ഇനിയും കൂടുതല്‍തെളിവുകള്‍ പുറത്തുവിടുമെന്ന് പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു. കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു തട്ടിക്കൂട്ട് കമ്പനിയാണ്.

ഈ കമ്പനി രൂപീകരിച്ചത് പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായതിനുശേഷം 2021 ജൂലൈ 20 നാണ്. ദിവ്യയുടെ അടുത്ത സുഹൃത്തും നാട്ടുകാരനുമായ മുഹമ്മദ് ആസിഫാണ് കമ്പനിയുടെ എം.ഡി. കമ്പനി ഉടമയായ ആസിഫിന്റേയും പി.പി ദിവ്യയുടെ ഭര്‍ത്താവിന്റേയും പേരില്‍ ഏക്കര്‍ കണക്കിന് സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടുകയായിരുന്നു. കണ്ണൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പാലക്കയം തട്ടില്‍ മുഹമ്മദ് ആസിഫിന്റേയും ദിവ്യയുടെ ഭര്‍ത്താവ് വി.പി അജിത്തിന്റേയും പേരില്‍ വാങ്ങിയത് നാലേക്കറോളം ഭൂമിയാണ്.

ഇരുവരുടെയും പേരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്ത രേഖകള്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു. അനധികൃതമായി സ്വന്തം ബിനാമി കമ്പനിക്ക് ജില്ലാ പഞ്ചായത്ത് പതിനൊന്ന് കോടിയാണ് നല്‍കിയത്. ഇതിന് പുറമെ പടിയൂര്‍ എ.ബി.സി കേന്ദ്രത്തിന്റെ 76 ലക്ഷം രൂപയുടെ നിര്‍മ്മാണ കരാറും ഈ കമ്പനിക്ക് തന്നെ ലഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള പ്രീ ഫാബ്രിക് നിര്‍മ്മാണങ്ങളാണ് സില്‍ക്ക് വഴി ഈ കമ്പനിക്ക് നല്‍കിയത് പ്രധാനമായും ബയോ ടോയ്ലറ്റുകള്‍ മറ്റു കെട്ടിടങ്ങള്‍ എന്നിവയായിരുന്നു നിര്‍മ്മാണങ്ങള്‍ മൂന്ന് വര്‍ഷത്തിനിടെ 12 കോടിയിലധികം രൂപയുടെ പ്രവൃത്തികളാണ് ഈ കമ്പനിക്ക് നല്‍കിയത് .

ഒരു കരാര്‍ പോലും പുറത്തൊരു കമ്പനിക്കും ലഭിച്ചില്ല. പി.പി ദിവ്യയുടെ ഉറ്റ സുഹൃത്തും കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ പി.പി ഷാജിറിനും ഈ ബിനാമി ഇടപാടുകളില്‍ പങ്കുണ്ടെന്ന് മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ നിര്‍മ്മാണ പ്രവൃത്തികളുടെ കരാറുകളും ഈ കമ്പനിക്ക് ലഭിച്ചിട്ടുണ്ട് പി.പി ദിവ്യ ജില്ലാ പഞ്ചായത്തിന് പകരം തിരുട്ട് ഗ്രാമത്തിന്റെ പ്രസിഡന്റാവേണ്ടയാളാണ്.

പൊതു മുതല്‍ കൊള്ളയടിക്കുന്നതില്‍ വീരപ്പനെ പോലും ഇവര്‍ നാണിപ്പിക്കും. അഴിമതിയുടെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ പറ്റിയ ആളാണ് പി.പി ദിവ്യപി.പി ദിവ്യയുടെ അഴിമതികളുടെയും ബിനാമി കൂട്ടുകെട്ടുകളുടെയും അനധികൃത സ്വത്ത് സമ്പാദനത്തിന്റേയും കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരുമെന്നും ഷമ്മാസ് മുന്നറിയിപ്പ് നല്‍കി.


Tags:    

Similar News