'നാൻ വീഴ്‌വേൻ എന്ന് നിനത്തായോ'; കഴുത്തിൽ കോളറുമായി പൊതുപരിപാടിയിൽ പങ്കെടുത്ത് മന്ത്രി; വീഡിയോയുമായി വീണ ജോർജ്; 'പുറത്തിറങ്ങി' എന്ന് ക്യാപ്ഷൻ
കണ്ണൂർ: പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്നതിന് ശേഷം ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്ത് മന്ത്രി വീണ ജോർജ്. കഴുത്തിൽ കോളർ ധരിച്ചായിരുന്നു മന്ത്രി എത്തിയത്. ഇപ്പോഴിതാ ഈ പരിപാടിയിലെത്തിയ മന്ത്രിയുടെ വീഡിയോ ശ്രദ്ധനേടുകയാണ്. 'നാൻ വീഴ്‌വേൻ എന്ന് നിനത്തായോ' എന്ന രജനികാന്തിന്റെ മാസ് ഡയലോഗിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ. മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ഹൈ ആംഗിൾ ഷോട്ടിൽ ചീറിപ്പായുന്ന മന്ത്രിയുടെ ഇന്നോവ ക്രിസ്റ്റയും അകമ്പടി പോകുന്ന പൊലീസ് വാഹനങ്ങളും ദൃശ്യങ്ങളിൽ കാണാം. പശ്ചാത്തല സംഗീതം ഉച്ചസ്ഥായിയിലാകവേ, അംഗരക്ഷകൻ തുറന്നുനൽകിയ കാറിൽനിന്ന് കഴുത്തിൽ കോളർ ധരിച്ച് മന്ത്രി പുറത്തിറങ്ങുന്നതും, സ്ലോ മോഷനിൽ നടന്നുനീങ്ങുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്കാണ് ഈ വീഡിയോ വഴിമരുന്നിട്ടിരിക്കുന്നത്. 'പുറത്തിറങ്ങി' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കെവെച്ചിരിക്കുന്നത്.
അതേസമയം, മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന കെ.എസ്.യു. പ്രവർത്തകർക്ക് കോടതി ജാമ്യം നിഷേധിച്ചു. കണ്ണൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. പൊലീസിന്റെ കസ്റ്റഡി അപേക്ഷയും കോടതി അന്നുതന്നെ പരിഗണിക്കും. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ ആക്രമണത്തിൽ മന്ത്രിക്കു പരിക്കേറ്റതിനെത്തുടർന്ന് ഏതാനും ദിവസങ്ങളായി അവർ വിശ്രമത്തിലായിരുന്നു.
