കൊലപാതകത്തിന് ശേഷം ബൈക്ക് കെ.എസ്‌.ആർ.ടി.സി ബസിലിടിച്ചു കയറ്റി ആത്മഹത്യാ ശ്രമം; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ ലൈജു ആശുപത്രിയിൽ; കീഴില്ലത്തെ ജിബിമോളെ വകവരുത്തിയത് കഴുത്തിൽ ബാൻഡേജ് ടേപ്പ് മുറുക്കി; ക്രൂരതയ്ക്ക് പിന്നിൽ ലിവിംഗ് പങ്കാളി

Update: 2026-03-03 13:19 GMT

കൊച്ചി: പെരുമ്പാവൂർ കീഴില്ലത്ത് യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ കൂടെ താമസിച്ചിരുന്നയാളുടെ പേരിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു. കീഴില്ലം പണിക്കരമ്പലം കരുന്നാലിൽ ജിബിമോൾ (36) ആണ് ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കൊല്ലപ്പെട്ടത്. ഇവരോടൊപ്പം താമസിച്ചിരുന്ന കോതമംഗലം രാമല്ലൂർ ഇടത്തുങ്കുടി വീട്ടിൽ ലൈജു (47) ആണ് കൊലപാതകത്തിന് പിന്നിൽ.

കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു. പിന്നീട് പെരുമ്പാവൂർ പട്ടാലിൽ വെച്ച് ലൈജു ഓടിച്ചിരുന്ന ബൈക്ക് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ഇത് ആത്മഹത്യ ശ്രമമായിരുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ബൈക്ക് കെഎസ്ആർടിസി ബസിൽ ഇടിച്ച് കയറ്റിയായിരുന്നു ആത്മഹത്യാശ്രമം. അപകടത്തിൽ ലൈജുവിന്റെ തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

ഇരുവരും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലൈജുവിന്റെ ആദ്യ ഭാര്യക്ക് ജീവനാംശം നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ ഇയാൾ മുൻപ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വെരിക്കോസ് രോഗത്തിന് മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലൈജു കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് വീട്ടിൽ തിരിച്ചെത്തിയത്. നിയമപരമായി വിവാഹം കഴിക്കാതെയാണ് ജിബിമോളും ലൈജുവും ഒരുമിച്ച് താമസിച്ചിരുന്നത്. ഇവർക്ക് ഒരു മകനുണ്ട്. ലൈജുവിന് ആദ്യ ബന്ധത്തിൽ രണ്ട് മക്കളും ജിബിമോൾക്ക് ഒരു മകനും കൂടിയുണ്ട്.

സംഭവത്തിന് മുൻപ് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായും വിവരമുണ്ട്. മുൻപ് ലൈജു കോതമംഗലത്തെ ഹോട്ടലും പച്ചക്കറി കടയും നടത്തിയിരുന്നു. ഈ സമയത്താണ് ജിബി മോൾ അവിടെ ജോലിക്ക് എത്തിയതെന്നും പിന്നീട് ഇരുവരും ഒരുമിച്ച് താമസം ആരംഭിക്കുകയായിരുന്നു. മുവാറ്റുപുഴ ഗവൺമെൻ്റ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ജിബിമോളുടെ മൃതദേഹം സംസ്കരിച്ചു.

Tags:    

Similar News