ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് മിസൈല്‍ പ്രഹരം! ഇറാന്റെ ചങ്കിടിപ്പിച്ച് നതാന്‍സില്‍ നാശനഷ്ടം; സ്ഥിരീകരിച്ച് ഐ എ ഇ എ; ടെഹ്‌റാനിലെ ലോക പൈതൃക കേന്ദ്രമായ ഗോലെസ്താന്‍ കൊട്ടാരത്തിനും കേടുപാട്; തകര്‍ന്നടിഞ്ഞ് 150-ലേറെ നഗരങ്ങള്‍; 787 മരണം; യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഇറാന്റെ യുദ്ധമുന്നറിയിപ്പ്

ഇറാന്റെ ചങ്കിടിപ്പിച്ച് നതാന്‍സില്‍ നാശനഷ്ടം;

Update: 2026-03-03 12:23 GMT

ടെഹ്റാന്‍/വിയന്ന: ഇറാന്റെ അഭിമാനമായ നതാന്‍സ് ഭൂഗര്‍ഭ ആണവസമ്പുഷ്ടീകരണ കേന്ദ്രത്തിന് (Natanz Fuel Enrichment Plant) യുഎസ്-ഇസ്രയേല്‍ സഖ്യത്തിന്റെ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (IAEA) സ്ഥിരീകരിച്ചു. ശനിയാഴ്ച ആരംഭിച്ച വ്യോമാക്രമണ പരമ്പരയില്‍ ഇറാനിലുടനീളം വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നതാന്‍സിലെ ഭൂഗര്‍ഭ ആണവ പ്ലാന്റിന്റെ പ്രവേശന കവാടത്തിലുള്ള കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടതായി ഉപഗ്രഹ ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തി ഐഎഇഎ വ്യക്തമാക്കി. എന്നാല്‍ നിലവില്‍ ആണവ വികിരണ ഭീഷണിയില്ലെന്ന് ഏജന്‍സി കൂട്ടിച്ചേര്‍ത്തു.


യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ ഇതുവരെ 787 പേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ റെഡ് ക്രെസന്റ് സൊസൈറ്റി സ്ഥിരീകരിച്ചു. ഇറാനിലെ 153 നഗരങ്ങളിലായി അഞ്ഞൂറിലധികം കേന്ദ്രങ്ങളിലാണ് ഇതിനോടകം ബോംബാക്രമണം നടന്നത്.

യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇറാന്റെ മുന്നറിയിപ്പ്

ടെഹ്റാനിലെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ച ജര്‍മ്മനി, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങള്‍ക്ക് ഇറാന്‍ കടുത്ത മുന്നറിയിപ്പ് നല്‍കി. ഇത് യുദ്ധപ്രഖ്യാപനമായി കാണുമെന്നും അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്ന നടപടിയായി ഇതിനെ വിലയിരുത്തുമെന്നും ഇറാന്‍ വിദേശകാര്യ വക്താവ് വ്യക്തമാക്കി. അതേസമയം, ഖത്തറിലെ അമേരിക്കയുടെ അല്‍ ഉദെയ്ദ് (Al Udeid) വ്യോമത്താവളത്തിന് നേരെയും ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയും പ്രത്യാക്രമണം നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടു.

റിയാദിലെ യുഎസ് എംബസിയില്‍ ആക്രമണം

സൗദി തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിക്ക് നേരെ രണ്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നതായി സൗദി സ്ഥിരീകരിച്ചു. ആക്രമണത്തില്‍ എംബസിയില്‍ ചെറിയ രീതിയിലുള്ള തീപിടിത്തവും നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.

യുനെസ്‌കോയുടെ ആശങ്ക; ലോക പൈതൃക കേന്ദ്രത്തിന് കേടുപാട്

ടെഹ്റാനിലെ ലോക പ്രശസ്തമായ 'ഗോലെസ്താന്‍ കൊട്ടാരത്തിന്' (Golestan Palace) സമീപമുണ്ടായ ബോംബാക്രമണത്തില്‍ കൊട്ടാരത്തിന് കേടുപാടുകള്‍ സംഭവിച്ചതായി യുനെസ്‌കോ അറിയിച്ചു. കൊട്ടാരത്തിന്റെ ബഫര്‍ സോണിലുണ്ടായ സ്‌ഫോടനത്തിന്റെ ആഘാതത്തിലും അവശിഷ്ടങ്ങള്‍ പതിച്ചുമാണ് നാശനഷ്ടമുണ്ടായത്.

Tags:    

Similar News