70 ശതമാനം വൈദ്യുതിയും വാങ്ങുന്നത് പുറത്ത് നിന്ന്; ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതും പാരയായി; ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങിയതിന്റെ ഭാരം; പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വൈദ്യുതി നിരക്ക് കൂട്ടുന്നത് അഞ്ചാം തവണ; യുഡിഎഫ് പ്രക്ഷോഭത്തിന്

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വൈദ്യുതി നിരക്ക് കൂട്ടുന്നത് അഞ്ചാം തവണ

Update: 2024-12-06 14:57 GMT

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം വൈദ്യുതി നിരക്ക് ഉയര്‍ത്തിയത് അഞ്ചാം തവണ. നാല് ഘട്ടങ്ങളിലായി ഇതുവരെ യൂണിറ്റിന് ആകെ 134.63പൈസ വര്‍ദ്ധിപ്പിച്ചു.

2017ല്‍ കൂട്ടിയത് 30 പൈസ- 4.77 % 2018 ല്‍ യൂണിറ്റിന് 20 പൈസയും (4.77ശതമാനം) 2019 ല്‍ 40 പൈസയും (7.32 ശതമാനം) 2022ല്‍ 40.63 പൈസയും (6.59ശതമാനം) 2023 ല്‍ 24 പൈസയും (3 ശതമാനം) ആണ് വര്‍ദ്ധിപ്പിച്ചത്.

വൈദ്യുതി ബോര്‍ഡ് ഇത്തവണ 4.45 ശതമാനമാണ് യൂണിറ്റിന് വര്‍ദ്ധനയാണ് ആവശ്യപ്പെട്ടത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 16 പൈസയും 2025-26 വര്‍ഷത്തില്‍ 12 പൈസയും വര്‍ധിപ്പിക്കുമെന്നാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. നിരക്ക് വര്‍ദ്ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.

നിലവിലെ നിരക്കില്‍ ശരാശരി 34പൈസയുടെ വര്‍ദ്ധനയും വേനല്‍ക്കാലത്ത് അധികനിരക്കും രാത്രികാല ഉപഭോഗത്തിന് പ്രത്യേക നിരക്കും ഏര്‍പ്പെടുത്തി പരമാവധി നേട്ടമുണ്ടാക്കാനുള്ള അനുമതി അപേക്ഷയാണ് കെ.എസ്.ഇ.ബി നല്‍കിയിരുന്നത്. 10 പൈസ സമ്മര്‍ താരിഫ് വേണമെന്ന കെ.എസ്.ഇ.ബി ആവശ്യം റഗുലേറ്ററി കമ്മീഷന്‍ തള്ളി. വൈദ്യുതി നിരക്ക് കൂട്ടുന്നതിന് മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഇന്നലെ വൈകീട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

തമിഴ്‌നാടും കര്‍ണാടകവും അടക്കം പല സംസ്ഥാനങ്ങളിലും ജനങ്ങള്‍ക്ക് സബ്‌സിഡി ആനുകൂല്യം നല്‍കുന്നുണ്ട്. കേരളത്തില്‍ അതില്ല. കടുത്ത വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെങ്കിലും നിലവില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു. 70 ശതമാനം വൈദ്യുതി പുറത്ത് നിന്ന് വാങ്ങുകയാണ്. കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങിയതിന്റെ ഭാരമാണ് നിരക്ക് വര്‍ധനയിലൂടെ ജനങ്ങളില്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത്. അഭ്യന്തര ഉത്പാദനം കുറഞ്ഞത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

ജനകീയ പ്രക്ഷോഭത്തിന് യുഡിഎഫ്

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. എല്ലാത്തരത്തിലും ജനങ്ങളെ ദ്രോഹിക്കുന്നതിനുള്ള ലൈസന്‍സായാണ് ഈ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ചയെ കാണുന്നത്. ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോകുന്ന അഴിമതി സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായുള്ള ജനകീയ പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും പകല്‍ക്കൊള്ളയും. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോര്‍ഡിന് ഉണ്ടാക്കിയ ബാധ്യതയാണ് നിരക്ക് വര്‍ധനവിലൂടെ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്കു മേല്‍ കെട്ടിവച്ചിരിക്കുന്നത്. ജനജീവിതം ദുസഹമാക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി തയാറാകണം.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ദീര്‍ഘകാല കരാര്‍ റദ്ദാക്കി അഴിമതിക്ക് ശ്രമിച്ചതാണ് ബോര്‍ഡിനുണ്ടായ അധിക ബാധ്യതയ്ക്ക് പ്രധാന കാരണം. യൂണിറ്റിന് നാലുരൂപ 26 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി എഴുവര്‍ഷമായി വാങ്ങിക്കൊണ്ടിരുന്നതാണ് കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ആറര മുതല്‍ പന്ത്രണ്ട് രൂപ വരെ നല്‍കേണ്ടി വന്നത്. ഇതിലൂടെ മൂവായിരം കോടിയുടെ അധിക ബാധ്യതയാണ് ബോര്‍ഡിനുണ്ടായത്. ഈ ബാധ്യത ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാകില്ല. വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശിക എഴുതിത്തള്ളിയിട്ട് രണ്ട് ദിവസമെ ആയിട്ടുള്ളൂ. അതിനിടയിലാണ് സാധാരണക്കാരനു മേല്‍ സര്‍ക്കാരിന്റെ ഇരുട്ടടി. 2016-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ അതുവരെയുള്ള കടം 1083 കോടി രൂപയായിരുന്നത് ഇപ്പോള്‍ 45000 കോടിയായി.

Tags:    

Similar News