പരിപാടിയിലേക്ക് ക്ഷണിച്ചത് ജില്ലാ കലക്ടര്‍; പ്രസംഗം സദുദ്ദേശ്യപരം; നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; ആത്മഹത്യയിലേക്ക് തള്ളി വിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടില്ലെന്നും ദിവ്യ
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണം നേരിടുന്ന പിപി ദിവ്യ കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
താൻ അന്വേഷണത്തിൽ നിന്ന് ഞാൻ ഒളിച്ചോടില്ലെന്നും. പ്രസംഗിച്ചത് ആത്മഹത്യയിലേക്ക് തള്ളിവിടാൻ ഉദ്ദേശിച്ചല്ല. ഫയലുകൾ വെച്ച് താമസിപ്പിക്കുന്നുവെന്ന പരാതി നേരത്തെയും ഉണ്ടെന്നും ദിവ്യ പ്രതികരിച്ചു. അതേസമയം ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. തന്‍റെ പ്രസംഗം സദ്ദുദ്ദേശപരമായിരുന്നുവെന്നും ജാമ്യ ഹര്‍ജിയിൽ പറയുന്നു.
അതിനിടെ, എഡിഎം നവീന്‍ ബാബുവിൻ്റെ മരണം ദൗർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. വിഷയത്തില്‍ പോലീസ് അന്വേഷണം നടക്കട്ടെയെന്നും. ആവശ്യമെങ്കിൽ റിപ്പോർട്ട് തേടുമെന്നും നവീന്‍ ബാബുവിൻ്റെ കുടുംബത്തെ കാണുമെന്നും ഗവർണർ വ്യക്തമാക്കി.
കണ്ണൂരിൽ നടന്ന സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ പി പി ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിന് പിന്നാലെ മണിക്കൂറുകൾക്കകമാണ് താമസിച്ച വീട്ടിനുള്ളിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ ചെങ്ങളായിയിലെ പെട്രോൾ പമ്പുമായി ബന്ധപ്പെട്ടായിരുന്നു വിവാദം ഉയർന്നുവന്നത്.