പ്രതീഷ് വിശ്വനാഥ് ബിജെപി ഭാരവാഹി പട്ടികയിലെന്നും എതിര്‍പ്പുമായി എ പി അബ്ദുള്ളക്കുട്ടി കേന്ദ്ര നേതൃത്വത്തെ സമീപിച്ചെന്നും പൊട്ടിത്തെറിയെന്നും വാര്‍ത്ത; തന്റെ പേരില്‍ വ്യാജ വാര്‍ത്തയെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ചുമതല ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പ്രതീഷിന്റെ കുറിപ്പ്

പ്രതീഷ് വിശ്വനാഥ് ബിജെപി ഭാരവാഹി പട്ടികയില്‍

Update: 2025-07-02 13:55 GMT

തിരുവനന്തപുരം: അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് (എ.എച്ച്.പി) മുന്‍ നേതാവായ പ്രതീഷ് വിശ്വനാഥിനെ ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് എതിരെ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. തന്റെ പ്രതിഷേധം രേഖപ്പെടുത്താന്‍, അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഭാരവാഹികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റായെന്നും വാര്‍ത്ത വന്നു.

സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് പ്രതീഷിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ആര്‍എസ്എസിന് വേണ്ടാത്ത ആളാണ് പ്രതീഷ് വിശ്വനാഥനെന്നും ഇയാളെ ഭാരവാഹിയായി പരിഗണിക്കരുതെന്നുമാണ് അബ്ദുള്ളക്കുട്ടിയുടെ ആവശ്യം. ഇതിനെതിരെ ദേശീയ നേതൃത്വത്തിന് എ പി അബ്ദുള്ളക്കുട്ടി പരാതി നല്‍കിയെന്നാണ് സൂചന. പട്ടിക തയ്യാറാക്കിയത് മുതിര്‍ന്ന നേതാക്കളുമായി ആലോചിക്കാതെയാണെന്നാണ് അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

പ്രതീഷ് വിശ്വനാഥിന് പുറമെ കെ കെ അനീഷ്‌കുമാര്‍, എം വി ഗോപകുമാര്‍, ബി ബി ഗോപകുമാര്‍, വി കെ സജീവന്‍, ആശാനാഥ്, പാലാ ജയസൂര്യന്‍, ജിജി ജോസഫ്, കെ ശ്രീകാന്ത്, എന്‍. ഹരി തുടങ്ങിയവര്‍ പുതിയതായി പട്ടികയില്‍ ഇടംപിടിച്ചതായാണ് വിവരം. ശോഭാ സുരേന്ദ്രന്‍, എസ് സുരേഷ്, യുവമോര്‍ച്ച മുന്‍ ദേശീയ സെക്രട്ടറി അനൂപ് ആന്റണി എന്നിവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതായും വിവരമുണ്ടായിരുന്നു. വരും ദിവസങ്ങളില്‍ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ബി.ജെ.പി ദേശീയ നേതൃത്വമായിരിക്കും പട്ടികയില്‍ അന്തിമ തീരുമാനമെടുക്കുക. ഹിന്ദു സേവാ കേന്ദ്രിന്റെ സംസ്ഥാന അധ്യക്ഷനായ പ്രതീഷ് വിശ്വനാഥ്. തീവ്ര ഹിന്ദുത്വ നിലപാടിന്റെ പേരില്‍ മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

അതേസമയം പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്നും താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ചുമതല ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും പ്രതീഷ് വിശ്വനാഥന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

കുറിപ്പുകള്‍ ഇങ്ങനെ:

നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ചുമതല ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് വീണ്ടും വീണ്ടും വ്യക്തമാക്കിയിട്ടും മീഡിയ ഫണ്‍ , റിപ്പോര്‍ട്ടര്‍ , 24 ന്യൂസ് എന്നി ചാനലുകള്‍ എന്നെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് .. നിയമ നടപടികളിലേക്ക് പോകാന്‍ ഉള്ള അവസ്ഥ ഉണ്ടാക്കരുത് .. മാന്യത കാണിക്കണം എന്ന് നിങ്ങളോടു പറയാന്‍ ഞാനില്ല , വ്യാജ വാര്‍ത്തകളാണ് നിങ്ങളുടെ ജീവനോപാധി എങ്കില്‍ നമ്മള്‍ അത് മനസിലാക്കണമല്ലോ ?

പ്രതീഷ് വിശ്വനാഥ്

കേരളത്തെ വരിഞ്ഞുമുറുക്കുന്ന ഐഎസ് മോഡല്‍ ഭീകരവാദമാഫിയ പോപ്പുലര്‍ ഫ്രണ്ട് ഒരു മുന്‍ ജഡ്ജിയെയും ആയിരത്തിനടുത്ത് ഹിന്ദുനേതാക്കളെയും സംഘടനാപ്രവര്‍ത്തകരെയും കൊല്ലാന്‍ ലിസ്റ്റ് ഉണ്ടാക്കിയ വിവരം എന്‍ഐഎ പുറത്തുവിട്ടിട്ടും അതിനെപ്പറ്റി ന്യൂസവര്‍ ചര്‍ച്ചയോ അന്തിച്ചര്‍ച്ചയോ നടത്താന്‍ സമയവും കെല്‍പ്പുമില്ലാത്ത മാദ്ധ്യമങ്ങള്‍ എന്റെ പേരില്‍ ബിജെപിയുടെ സംസ്ഥാന സമിതിയില്‍ പൊട്ടിത്തെറി എന്നൊക്കെ പറഞ്ഞ് വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് ചര്‍ച്ചകള്‍ നടത്തുന്നു. തെറ്റായ വാര്‍ത്തകള്‍ ഉണ്ടാക്കി ആത്മസംതൃപ്തി കണ്ടെത്തുന്ന മാധ്യമങ്ങളോട് ഒരു ചോദ്യം ചോദിക്കാനുണ്ട്. ഈ നാട് നേരിടുന്ന ഭീകരവാദത്തെ പറ്റിയുള്ള കയ്‌പേറിയ സത്യങ്ങള്‍ വിളിച്ചുപറയാനും ചര്‍ച്ചചെയ്യാനും മടിയും ഭയവും ഉള്ളതുകൊണ്ടാണോ നിങ്ങള്‍ ഇവിടെ പതിയിരിക്കുന്ന ഭീകരതയെപ്പറ്റി ജനങ്ങള്‍ ചിന്തിക്കാതിരിക്കാന്‍ പാകത്തില്‍ അതിനെ മറച്ചുപിടിച്ചു കൊണ്ട് മറ്റോരോ നറേറ്റീവുകള്‍ സൃഷ്ടിക്കുന്നത്?

Tags:    

Similar News