രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ സജീവമായതോടെ എതിര്‍പ്പുകളും വഴിമാറുന്നു; ബിജെപി പ്രതിഷേധത്തിനിടെ രാഹുലിനൊപ്പം വേദി പങ്കിട്ട് ബിജെപി നഗരസഭാ ചെയര്‍പേഴ്‌സണ്‍; വിവാദങ്ങള്‍ക്ക് ശേഷം രാഹുല്‍ കോണ്‍ഗ്രസ് ഇതര ജനപ്രതിനിധി വേദി പങ്കിടുന്നത് ഇതാദ്യം

രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ സജീവമായതോടെ എതിര്‍പ്പുകളും വഴിമാറുന്നു

Update: 2025-10-25 17:00 GMT

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വന്തം മണ്ഡലത്തില്‍ സജീവമായതോടെ എതിര്‍പ്പുകളും വഴിമാറുന്നു. ലെംഗികാരാപണ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിജെപിയുടെ പ്രതിഷേധം നടക്കുന്നതിനിടെ എംഎല്‍എയ്‌ക്കൊപ്പം വേദി പങ്കിട്ട് പാലക്കാട്ടെ ബിജെപിയുടെ നഗരസഭാ ചെയര്‍പേഴ്‌സണ്‍. സ്റ്റേഡിയം ബൈപാസ്- ജില്ലാ ആശുപത്രി ലിങ്ക് റോഡ് ഉദ്ഘാടന ചടങ്ങിലാണ് ചെയര്‍ പേഴ്‌സണ്‍ പ്രമീള ശശിധരന്‍ പങ്കെടുത്തത്.

രാഹുലിന്റെ എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡ് നിര്‍മിച്ചത്. നഗരസഭാ ചെയര്‍പേഴ്സണായിരുന്നു ചടങ്ങിന്റെ അധ്യക്ഷ. വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് കോണ്‍ഗ്രസ് ഇതര ജനപ്രതിനിധി രാഹുലിനൊപ്പം വേദി പങ്കിടുന്നത്. പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ കാല് കുത്തിക്കില്ലെന്നായിരുന്നു ബിജെപി സംസ്ഥാന നേതാക്കളും ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നത്.

കൂടാതെ രാഹുലിന്റെ ഓഫീസിലേക്ക് പലതവണ മാര്‍ച്ചും നടത്തിയിരുന്നു. ഓഫീസിന് മുന്നില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ കോഴിയെ കെട്ടിത്തൂക്കുന്ന സാഹചര്യം പോലുമുണ്ടായി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനത്തില്‍ പങ്കെടുക്കരുത് എന്നാവശ്യപ്പെട്ട് നഗരസഭാ വൈസ് ചെയര്‍മാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കത്തയച്ചിരുന്നു.

രണ്ട് മാസം മുമ്പായിരുന്നു ഇത്. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കണക്കിലെടുത്താണ് ആഗസ്റ്റ് 22ന് നടന്ന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട് വൈസ് ചെയര്‍മാന്‍ അഡ്വ. ഇ. കൃഷ്ണദാസ് കത്തയച്ചത്. ഇത്തരമൊരു സാഹചര്യത്തില്‍ ബിജെപി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ രാഹുലിനൊപ്പം വേദി പങ്കിട്ടത് ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ എന്ന നിലയ്ക്കാണ് ചടങ്ങില്‍ പങ്കെടുത്തത് എന്നാണ് പ്രമീളയുടെ വിശദീകരണം.

കഴിഞ്ഞദിവസം ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി. കൃഷ്ണകുമാര്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. രാഹുലിനെ പൂര്‍ണമായും ബഹിഷ്‌കരിക്കേണ്ടതില്ലെന്നാണ് സി. കൃഷ്ണകുമാര്‍ വിരുദ്ധ പക്ഷമായ പ്രമീളയുള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ നിലപാട്.

യുവതികളുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പരിപാടികളില്‍ നിന്നും വിട്ടുനിന്നിരുന്നു. പിന്നീട് കെഎസ്ആര്‍ടിസി ബസ്സിന്റെ ഉദ്ഘാടനത്തിനും റോഡ് ഉദ്ഘാടനത്തിനും എംഎല്‍എ പങ്കെടുത്തിരുന്നു. എന്നാല്‍ എംഎല്‍എയെ തടയുമെന്ന നിലപാടിലായിരുന്നു ബിജെപിയും സിപിഎഎമ്മും. സമകാലിക വിഷയങ്ങളില്‍ പ്രതികരണം നടത്തി സജീവമാവുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയേയും രാഹുല്‍ വിമര്‍ശിച്ചിരുന്നു.

Tags:    

Similar News