സി.സദാനന്ദന് എന്ത് പ്രാവീണ്യമാണുള്ളത്? രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്ത നടപടി അധാര്‍മികം; സുരേഷ് ഗോപിയെ രാഷ്ട്രപതി മുമ്പ് നോമിനേറ്റ് ചെയ്തത് സിനിമാ നടനെന്ന നിലയിലാണ്; വിമര്‍ശനവുമായി രമേശ് ചെന്നിത്തല
സി.സദാനന്ദന് എന്ത് പ്രാവീണ്യമാണുള്ളത്?
തിരുവനന്തപുരം: സി.സദാനന്ദനെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനറ്റ് ചെയ്തതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രപതിമാര്‍ അംഗങ്ങളെ സാധാരണ നിലയില്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നത് ഓരോ മേഖലയിലെയും പ്രൊഫഷണലുകള്‍ എന്ന നിലയിലാണ്. ആ കീഴ്വഴക്കം തെറ്റിച്ചുവെന്ന വിമര്‍ശനമാണ് ചെന്നിത്തല ഉയര്‍ത്തിയത്.
എന്ത് പ്രാവീണ്യമാണ് സദാനന്ദനുള്ളതെന്ന് ചെന്നിത്തല ചോദിച്ചു. 'ഏതെങ്കിലും മേഖലയില്‍ പ്രാവീണ്യമുള്ളയാളെയാണ് സാധാരണ നോമിനേറ്റ് ചെയ്യാറുള്ളത്. അതായിരുന്നു ഇതുവരെയുണ്ടായിരുന്ന കീഴ് വഴക്കം.സുരേഷ് ഗോപി സിനിമാ നടനാണെന്ന് വെക്കാം. ഒന്നുമല്ലാത്ത ബിജെപി പ്രവര്‍ത്തകനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത നടപടി അധാര്‍മികമാണ്'. രാഷ്ട്രതി ഇങ്ങനെ ചെയ്ത കീഴ്വഴക്കമില്ലെന്നും ചെന്നിത്തല പറഞ്ഞു.
ബിജെപി സംസ്ഥാന ഉപാധ്യക്ഷനും ആര്‍എഎസ്എസ് നേതാവുമായ സി. സദാനന്ദന്‍ ഉള്‍പ്പെടെ നാലുപേരെയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം ദേശിയതലത്തിലടക്കം ചര്‍ച്ചയക്കാനാണ് ബിജെപിയുടെ നീക്കമെന്നാണ് വിലയിരുത്തല്‍.
കണ്ണൂരിലെ പ്രമുഖ ആര്‍ എസ് എസ് നേതാവാണ് കൂത്തുപറമ്പ് ഉരുവച്ചാല്‍ സ്വദേശിയായ സി.സദാനന്ദന്‍.1994 ലെ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തില്‍ സദാനന്ദന്റെ ഇരുകാലുകളും നഷ്ടമായി. 2019ല്‍ കണ്ണൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിച്ചു.സ്ഥാനാര്‍ഥിയായിരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രചാരണത്തിന് എത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് സദാനന്ദന്‍ ബിജെപി വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്.
തൊട്ട് പിന്നാലെയാണ് രാജ്യസഭ പ്രവേശനവും. രാജ്യസഭയില്‍ സുരേഷ് ഗോപിയുടെ സീറ്റ് ഒഴിഞ്ഞുകിടക്കുകയിരുന്നു. ഇതിലേക്കാണ് സദാനന്ദനെ പരിഗണിച്ചത്. വിവിധ മേഖലയിലെ പ്രാവീണ്യവും അവര്‍ രാജ്യത്തിന് നല്‍കിയ സംഭാവനകളും പരിഗണിച്ച് 12 പേരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്. അധ്യാപകനെന്ന നിലയിലാണ് സദാനന്ദനെ രാഷ്ട്രപതി നോമിനേറ്റ് ചെയ്തത്.