ആര്‍എസ്എസ് ഇടപെടലില്‍ പാലക്കാട് ബിജെപിയില്‍ സമവായം; രാജിനീക്കത്തില്‍ നിന്ന് പിന്മാറി നഗരസഭ അധ്യക്ഷയടക്കം ഒന്‍പത് കൗണ്‍സിലര്‍മാര്‍; പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ് പ്രശാന്ത് ശിവന്; ചടങ്ങില്‍നിന്നും വിട്ടുനിന്ന് വിമതര്‍
ജില്ലാ അധ്യക്ഷന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ ഇവര്‍ വന്നില്ല
പാലക്കാട്: ബിജെപി ജില്ലാ അധ്യക്ഷ തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ആര് എസ് എസ് നേതൃത്വം ഇടപെട്ടതോടെ പാലക്കാട് ബിജെപിയില്‍ സമവായം. നഗരസഭ അധ്യക്ഷയടക്കം ഒന്‍പത് കൗണ്‍സിലര്‍മാര്‍ രാജിനീക്കത്തില്‍ നിന്ന് പിന്മാറി. ആര്‍എസ്എസ് ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. പാര്‍ട്ടി എന്ന നിലയില്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് ആര്‍എസ്എസ് നേതാക്കള്‍ കൗണ്‍സിലര്‍മാര്‍ക്ക് നിര്‍ദേശം നല്കി. പിന്നാലെ ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവന് ചുമതലയേറ്റു. വരണാധികാരി പ്രമീള ദേവിക്ക് മുന്‍പാകെയാണ് പ്രശാന്ത് സത്യപ്രതിജ്ഞ ചെയ്തത്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണന് ചടങ്ങ് ഉദ്ഘാടനം ചെയ്തു.പ്രശാന്ത് ശിവന് ചുമതലയേറ്റാല്‍ സ്ഥാനം രാജിവയ്ക്കുമെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏഴ് കൗണ്‍സിലര്‍മാര്‍ പറഞ്ഞത്. ഇതിനൊപ്പം നാല് കൗണ്‍സിലര്‍മാരും കൂടി രാവിലെ ചേര്‍ന്നതോടെ പ്രതിസന്ധി മൂര്‍ച്ഛിച്ചു. ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനും ഇവര്‍ക്കൊപ്പമായിരുന്നു. ഇതോടെയാണ് ആര്‍എസ്എസ് നേതൃത്വം ഇടപെട്ടത്.
ബിജെപിക്കൊപ്പം നില്‍ക്കുമെന്നും രാജിക്കില്ലെന്നും ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് പറഞ്ഞു. തനിക്ക് പ്രശാന്ത് ശിവനോട് വ്യക്തിപരമായ എതിര്‍പ്പില്ലെന്ന് നഗരസഭ വൈസ് ചെയര്മാന് ഇ.കൃഷ്ണദാസും അറിയിച്ചു. പ്രശാന്ത് ശിവന് ചുമതലയേറ്റ ചടങ്ങില്‍ ഇ.കൃഷ്ണദാസും പങ്കെടുത്തു.ഇതിനിടെ പാര്‍ട്ടി നേതൃത്വം ഒരു തീരുമാനമെടുത്താല്‍ അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് അത് നടത്താന്‍ ഉത്തരവാദിത്വമുണ്ടെന്നും എതിര്‍ക്കുന്നവര്‍ക്ക് പ്രവര്‍ത്തകര്‍ മറുപടി നല്‍കുമെന്നും സ്ഥാനമൊഴിഞ്ഞ ജില്ലാ പ്രസിഡന്റ് കെ.എം ഹരിദാസ് പറഞ്ഞു.
വ്യാപക എതിര്‍പ്പുകള്‍ക്കിടെയാണ് പ്രശാന്ത് ശിവന് പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷനായി ചുമതലയേറ്റത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് കൂടുതല്‍ വോട്ട് നേടിയവരെ മാറ്റി പകരം മറ്റൊരാളെ പ്രസിഡന്റാക്കി എന്നതാണ് വിമതരുടെ ആക്ഷേപം.പ്രശാന്ത് ശിവനെ തെരഞ്ഞെടുത്ത നടപടിയില്‍ അട്ടിമറി ഉണ്ടെന്നും നേതൃത്വം ഇത് തിരുത്തണം എന്നുമാണ് ഇവരുടെ ആവശ്യം. അതേസമയം ബിജെപിയില്‍ പക്ഷമില്ലെന്ന് തെളിഞ്ഞെന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പ്രതികരണം.
നഗരസഭ അധ്യക്ഷയും വൈസ് ചെയര്‍പേഴ്സനും അടക്കം 9 കൗണ്‍സിലര്‍മാരാണ് ജില്ലാ അധ്യക്ഷനെ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് രാജിഭീഷണി മുഴക്കിയത്. സന്ദീപ് വാര്യര്‍ ഇവരെ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ ശ്രമിച്ചതോടെ നഗരസഭാ ഭരണം പ്രതിസന്ധിയിലായി. എന്നാല്‍ ആര്‍എസ്എസ് നേതൃത്വം വിമതരെ അനുനയിപ്പിച്ചു. പരാതികള്‍ പരിഹരിക്കാമെന്നാണ് ആര്‍എസ്എസ് ഉറപ്പ് നല്‍കിയത്. ഇതോടെ രാജിയില്‍ നിന്ന് വിമതര്‍ പിന്മാറി. പക്ഷെ ജില്ലാ അധ്യക്ഷന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ എതിര്‍പ്പ് ഉയര്‍ത്തിയവര്‍ വന്നില്ല.
പാലക്കാട് ബിജെപി നഗരസഭാ ഭരണത്തിന് ഒരു പോറലുമേറ്റില്ലെന്ന് സി കൃഷ്ണകുമാര്‍ പ്രതികരിച്ചു. പ്രചരിച്ച കഥകളെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ അംഗീകരിച്ചാല്‍ പിന്നീട് ഒരു ചര്‍ച്ചകളുടേയും ആവശ്യമില്ല. ബിജെപിയില്‍ പൊട്ടിത്തെറി എന്ന് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണ്. ദേശീയ നേതൃത്വം പറയുന്നത് അച്ചടക്കത്തോടെ നടപ്പിലാക്കുന്നതാണ് ബിജെപി പാരമ്പര്യമെന്നും സി കൃഷ്ണകുമാര്‍ അവകാശപ്പെട്ടു.
തല്ക്കാലം പ്രശ്നം തീര്‍ന്നെങ്കിലും ഉപതെരഞ്ഞെടുപ്പ് മുതല്‍ പാലക്കാട് ബിജെപിയില്‍ തുടരുന്ന പ്രതിസന്ധി പാര്‍ട്ടിക്ക് നിരന്തരം വെല്ലുവിളിയാകുന്നുണ്ട്. പാലക്കാടിന് പിന്നാലെ മറ്റ് പലയിടത്തും പരാതി ഉയര്‍ന്നെങ്കിലും നേതൃത്വം തീരുമാനിച്ചവര്‍ തന്നെ എല്ലായിടത്തും ചുമതലയേറ്റു. പ്രായപരിധിയില്‍ ഉയര്‍ന്ന പരാതി തള്ളിക്കൊണ്ടാണ് തിരുവനന്തപുരം സെന്‍ട്രലില്‍ കരമന ജയനെ തന്നെ നേതൃത്വം പരിഗണിച്ചത്. കൂടുതല്‍ വോട്ട് കിട്ടിയതിനെക്കാള്‍ മറ്റ് പല ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് നേതൃത്വം പുതിയ അധ്യക്ഷന്മാരെ തീരുമാനിച്ചത്. മൂന്നിടത്താണ് ഇനി സമവായം ആകേണ്ടത്. അതിന് ശേഷം സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനം വരും.