രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തൃക്കണ്ണാപുരത്തെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തണം; ഫ്‌ലാറ്റിലെ സിസി ടിവി പരിശോധിക്കണം; മറുപടി പറയേണ്ട വിഷയങ്ങളില്‍ നിന്ന് രാഹുല്‍ ഒഴിഞ്ഞുമാറിയെന്ന് പ്രശാന്ത് ശിവന്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ശബ്ദ രേഖയില്‍ ബിജെപി ഗൂഢാലോചന നടന്നോ എന്ന് സംശയമെന്ന് സന്ദീപ് വാര്യരും

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തൃക്കണ്ണാപുരത്തെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തണം

Update: 2025-08-24 13:01 GMT

പാലക്കാട്: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് പ്രശാന്ത് ശിവന്‍. ജനങ്ങളെ വിഡ്ഢികളാക്കുന്ന സംവിധാനമാണ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ ചെയ്യുന്നതെന്ന് പ്രശാന്ത് ശിവന്‍ വിമര്‍ശിച്ചു. പ്രതിപക്ഷനേതാവ് വി ഡി സതീശനും കെപിസിസി നേതാക്കളും ഇന്‍ ഡയറക്ടറായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നുണ്ട്. പാലക്കാട് തൃക്കണ്ണാപുരത്തെ രാഹുല്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിലെ സിസിടിവി പരിശോധിക്കണം. പാലക്കാട് എംഎല്‍എ സ്ഥാനം രാജിവെച്ച് തുടര്‍ നടപടികളിലേക്ക് കടക്കണമെന്നും സമരം തുടരുമെന്നും പ്രശാന്ത് ശിവന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സ്‌ക്രീന്‍ഷോട്ട് അയച്ചുതന്നിരുന്നു. ധൈര്യമായി മുന്നോട്ട് പോകാനാണ് അന്ന് താന്‍ അവരോട് പറഞ്ഞിരുന്നത്. മറുപടി പറയേണ്ട കാര്യങ്ങളില്‍ നിന്ന് രാഹുല്‍ ബോധപൂര്‍വം ഒഴിഞ്ഞുമാറുകയാണ് ചെയ്തിരിക്കുന്നതെന്നും പ്രശാന്ത് ശിവന്‍ കൂട്ടിച്ചേര്‍ത്തു. അവന്തികയുടെ ആരോപണം നിഷേധിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരുന്നു. തന്നെ കുടുക്കാന്‍ ശ്രമം നടക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞിരുന്നു. തനിക്ക് മോശം അനുഭവമുണ്ടായിട്ടില്ലെന്ന് അവന്തിക ഒരു ചാനല്‍ റിപ്പോര്‍ട്ടറിനോട് പറയുന്ന ഫോണ്‍ കോളിന്റെ ഓഡിയോ ക്ലിപ്പ് രാഹുല്‍ പുറത്തുവിട്ടിരുന്നു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ട്രാന്‍സ് വനിത അവന്തിക രംഗത്തെത്തി. രാഹുല്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് തന്റേത് തന്നെയെന്ന് അവന്തിക പറഞ്ഞു. മാധ്യമപ്രവര്‍ത്തകനുമായി സംസാരിച്ച ദിവസം വിവാദങ്ങള്‍ ഉയര്‍ന്നിരുന്നില്ല. ആ സമയത്ത് തനിക്ക് ഭയമുണ്ടായിരുന്നു. നടിയുടെ വെളിപ്പെടുത്തലിന് ശേഷമാണ് പ്രതികരിക്കാന്‍ ധൈര്യമുണ്ടായത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോഴും ഭീഷണിയുടെ സ്വരത്തിലാണ് സംസാരിക്കുന്നതെന്നും അവന്തിക പറഞ്ഞു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ശബ്ദരേഖയില്‍ ബിജെപി ഗൂഢാലോചന നടന്നോ എന്ന് സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ പറഞ്ഞു. ഇതില്‍ അന്വേഷണം വേണമെന്ന് സന്ദീപ് ആവശ്യപ്പെട്ടു. പാലക്കാട് ജില്ലാ അധ്യക്ഷനോട് സംസാരിച്ചതായി ആരോപണം ഉന്നയിച്ചവര്‍ പറയുന്നു. പാലക്കാട് ജില്ലാ അധ്യക്ഷന്റെ പൂര്‍വകാല ചരിത്രം പരിശോധിക്കണമെന്നും യുവമോര്‍ച്ചയില്‍ നിന്നും മാറ്റി നിര്‍ത്തിയത് എന്തിനെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. എന്നാല്‍, കടുത്ത ആരോപണങ്ങള്‍ ഉയരുമ്പോഴും പാര്‍ട്ടി നേതാക്കള്‍ രാജി സൂചന നല്‍കുമ്പോഴും രാജിവെക്കില്ലെന്ന സൂചനയാണ് രാഹുല്‍ മാങ്കൂട്ടം നല്‍കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന് ഉറപ്പായതോടെ സന്ദീപ് വാര്യരും പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായാണ് സന്ദീപ് വാര്യരെ കണ്ടംചാടിച്ച് കോണ്‍ഗ്രസില്‍ എത്തിച്ചത്. പാലക്കാട് ബിജെപി സീറ്റ് നിഷേധിച്ചതിലുള്ള നിരാശയാണ് സന്ദീപിനെ പാര്‍ട്ടി മാറാന്‍ പ്രേരിപ്പിച്ചത് എന്നു വ്യക്തം. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ വോട്ടുമായി ജയിച്ചതോടെ രണ്ടു അവകാശവാദങ്ങള്‍ ശക്തമായിരുന്നു. സന്ദീപിലൂടെ ബിജെപി വോട്ട് കോണ്‍ഗ്രസിനു മറിഞ്ഞു എന്നതും എസ്ഡിപിഐയുടെ പിന്തുണയും.

പാലക്കാട് തെരഞ്ഞെടുപ്പിനു ശേഷം സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് വേദികളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. വി.ഡി സതീശന്റെ രാഷ്ട്രീയ വിജയമായാണ് രാഹുല്‍ മാങ്കൂട്ടത്തിലും സന്ദീപ് വാര്യരും അവതരിപ്പിക്കപ്പെട്ടത്. പിന്നീട് നടന്ന നിലമ്പൂര്‍ ഇലക്ഷന്‍ പ്രചാരണത്തിലും സന്ദീപിന് പ്രാധാന്യം ലഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുറപ്പാക്കിയ സ്ഥാനാര്‍ത്ഥി എന്ന മട്ടിലാണ് സന്ദീപിന്റെ സമീപകാല പ്രവര്‍ത്തനങ്ങള്‍. തൃശൂരില്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥിയായി സന്ദീപ് പെരുമാറുന്നു എന്ന പരാതി അവിടെ തന്നെ പാര്‍ട്ടിയില്‍ ഉയരുകയും ചെയ്തു.

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യപ്പെടുകയാണ് ഇപ്പോള്‍. ഇലക്ഷന്‍ ഫണ്ടായി വന്ന വലിയ തുകയെച്ചൊല്ലിയുള്ള പരാതികളും അഴിമതി ആരോപണങ്ങളും കോണ്‍ഗ്രസിന്റെ സംഘടനാതലത്തില്‍ പരാതികളായി എത്തിയെന്ന് സൂചനകളുണ്ട്. നീലപ്പെട്ടിയില്‍ വന്ന പണം എന്ന നിലയ്ക്ക് വിവാദമായ അതേ തുകയാണോ ഇപ്പോഴത്തെ കാണാതായ തുകയെന്ന സംശയങ്ങളും ഉയരുന്നുണ്ട്. നീലപ്പെട്ടി നുണയായിരുന്നു എന്ന വാദം പൊളിയുമോ എന്ന ആശങ്കയും ഇപ്പോള്‍ ഉയരുന്നുണ്ട്.

ബിജെപിയെ സംബന്ധിച്ച് സന്ദീപ് വാര്യരുടെ കൊഴിഞ്ഞുപോക്കിലൂടെ പാലക്കാടുണ്ടായ ക്ഷീണം കൂടിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയോടെ തീരുന്നത്. രാഹുല്‍ അടങ്ങിയ ടീമിനോട് ബന്ധപ്പെട്ടാണ് സന്ദീപ് പ്രവര്‍ത്തിക്കുന്നത്. വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങുന്ന സംഘത്തിനേറ്റ തിരിച്ചടി സന്ദീപിന്റെ രാഷ്ട്രീയഭാവി കൂടി അവതാളത്തിലാക്കുകയാണ്.

Tags:    

Similar News