കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ ഇന്ന് പാണക്കാട്ടെത്തും; 'വെല്‍ക്കം ബ്രോ' എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു സ്വാഗതം ചെയ്തു മുനവ്വറലി ശിഹാബ് തങ്ങള്‍; ബാലന്‍' സിനിമയുടെ കാലത്ത് നിന്ന് വണ്ടി കിട്ടാത്തവര്‍ ഇപ്പോഴും ബിജെപി ഓഫീസില്‍ ഉണ്ടെന്ന് പറഞ്ഞ് ആക്രമണം കടുപ്പിച്ചു സന്ദീപ്
കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ ഇന്ന് പാണക്കാട്ടെത്തും
പാലക്കാട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞ് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ ഇന്ന് പാണക്കാട്ടെത്തും. സന്ദീപ് വാര്യര്‍ പാണക്കാട് തങ്ങളുമായി കൂടിക്കാഴ്ച നടത്തും. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളേയും യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവ്വറലി തങ്ങളെയും കാണും. സന്ദീപ് വാര്യറെ മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ സ്വാഗതം ചെയ്തതിരുന്നു. വെല്‍ക്കം ബ്രോ എന്ന ടാഗ് ലൈനോടുകൂടിയായിരുന്നു സ്വാഗതം ചെയ്തത്. ഇതിന് പിന്നാലെയാണ് സന്ദീപിനെ പാണക്കാടേക്ക് ക്ഷണിച്ചത്. യുഡിഎഫിന്റെ നെടുംതൂണായ ലീഗുമായി സന്ദീപ് കൈകോര്‍ക്കുന്നത് കോണ്‍ഗ്രസില്‍ കൂടുതല്‍ ഉറച്ച നിലപാട് സ്വീകരിക്കാന്‍ വേണ്ടിയാണ്.
അതേസമയം പാര്‍ട്ടിവിട്ട സന്ദീപ് ബിജെപിക്കെതിരായ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ബാലന്‍' സിനിമയുടെ കാലത്ത് നിന്ന് വണ്ടി കിട്ടാത്തവര്‍ ഇപ്പോഴും ബിജെപി ഓഫീസില്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു പരിഹാസം. തന്നെ സ്വീകരിക്കാന്‍ എത്തിയത് ബഹുസ്വരതയുടെ ആള്‍കൂട്ടമെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു. നിങ്ങളില്‍ ഒരുവനായി താന്‍ ഉണ്ടാവുമെന്ന് സന്ദീപ് പ്രവര്‍ത്തകരോട് പറഞ്ഞു. തനിക്ക് കോണ്ഗ്രസ് നല്‍കിയത് വലിയ കസേര അല്ല, ഹൃദയത്തില്‍ വലിയ ഇടമാണ് നല്‍കിയത് സന്ദീപ് വ്യക്തമാക്കി.
രാത്രി ഇരുട്ടി വെളുത്തപ്പോള്‍ സ്ഥാനാര്‍ഥി ആകാനല്ല സന്ദീപ് വാര്യര്‍ വന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. സന്ദീപ് വാര്യര്‍ ഒരു തുടക്കം മാത്രമെന്നും ഇനിയും ആളുകള്‍ വരുമെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവേശത്തിന് പിന്നാലെ പാലക്കാട് യുഡിഎഫ് പ്രചരണത്തില്‍ സന്ദീപ് വാര്യര്‍ സജീവമായി. പാലക്കാട് നടന്ന യുഡിഎഫ് റോഡ് ഷോയില്‍ പങ്കെടുത്താണ് സന്ദീപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. റോഡ് ഷോയിലേക്ക് എത്തിയ സന്ദീപ് വാര്യരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തോളിലേറ്റി സ്വീകരിച്ചു. രാഹുല്‍ മാങ്കൂട്ടത്തിനൊപ്പം തുറന്ന വാഹനത്തില്‍ റോഡ് ഷോയുടെ ആദ്യാവസാനം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് സന്ദീപ് വാര്യരും ചേര്‍ന്നു.
അതേസമയം, സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തിനായി ചരട് വലിച്ചത് എഐസിസിയായിരുന്നു. നേതൃത്വത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു പാലക്കാട്ടെ കരുനീക്കങ്ങള്‍. ബിജെപിയുടെ ശക്തനായ വക്താവിനെ പാളയത്തിലെത്തിച്ചത് ദേശീയ തലത്തിലും കോണ്‍ഗ്രസ് ചര്‍ച്ചയാക്കും. സന്ദീപ് വാര്യരുമായി നടന്ന ചര്‍ച്ചകളില്‍ തുടക്കം മുതല്‍ എഐസിസി നേതൃത്വം നേരിട്ട് തന്നെ ഇടപെട്ടു.
ഓരോ ഘട്ടത്തിലെയും നീക്കങ്ങള്‍ കൃത്യമായി വിലയിരുത്തിയാണ് മുന്‍പോട്ട് പോയത്. സംസ്ഥാനത്തെ നേതാക്കള്‍ക്ക് പുറമെ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയേയും മറ്റൊരു നേതാവിനെയും സന്ദീപുമായി നേരിട്ട് സംസാരിക്കാന്‍ ചുമതലപ്പെടുത്തി. പാര്‍ട്ടിയിലെത്തിയ ശേഷമുള്ള പരിഗണനകളില്‍ എഐസിസി നേതൃത്വം തന്നെ നേരിട്ട് ഉറപ്പ് നല്‍കിയതായാണ് വിവരം.
ഒരു വിഭാഗം നേതാക്കള്‍ നടത്തിയ നീക്കത്തില്‍ നിന്ന് പാലക്കാട്ടെ നേതാക്കളെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തിയിരുന്നു. അന്തിമഘട്ടത്തില്‍ മാത്രം ഡിസിസി അധ്യക്ഷനോട് പോലും വിവരം നല്‍കിയാല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശം. കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞു പോക്കിന് ബദലായി മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ മുഖങ്ങളെ കോണ്‍ഗ്രസിലെത്തിക്കാനുള്ള നിര്‍ദ്ദേശത്തിന് കേരളത്തിലെ ഈ നീക്കം ബലം പകരുന്നതാണ്. സംസ്ഥാന കോണ്‍ഗ്രസില്‍ നിന്ന് പദ്മജ വേണുഗോപാലിനെ അടര്‍ത്തിയെടുത്ത ബിജെപിക്ക് മറുപടി നല്‍കിയെന്നും ആശ്വസിക്കാം.
ഹരിയാനെ തെരഞ്ഞെടുപ്പ് വേളയില്‍ ഫലം എതിരായിരുന്നെങ്കിലും ബിജെപി പാളയത്തില്‍ നിന്ന് പ്രധാനികളായ പല നേതാക്കളെയും മറുകണ്ടം ചാടിക്കാന്‍ കഴിഞ്ഞിരുന്നു. മഹാരാഷ്ട്രയിലും സമാന നീക്കം കണ്ടു. ബിജെപി ദേശീയ നേതാക്കളുമായും, ആര്‍എസ്എസ് നേതാക്കളുമായും ഏറെ അടുപ്പം ഉണ്ടായിരുന്ന സന്ദീപ് വാര്യരെ പാളയത്തിലെത്തിക്കാന്‍ കഴിഞ്ഞത് ദേശീയ തലത്തിലും കോണ്‍ഗ്രസ് നേട്ടമായി ഉയര്‍ത്തിക്കാട്ടും.
അതേസമയം കൊട്ടിക്കലാശത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പാലക്കാട് പ്രചാരണം തീപാറുകയാണ്. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയതോടെ പാലക്കാട്ട് മത്സരം കനത്തു. യുഡിഎഫിന്റെ പ്രചരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഇന്ന് മണ്ഡലത്തിലെത്തും. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന റോഡ് ഷോയും മണ്ഡലത്തില്‍ സംഘടിപ്പിക്കും. അതേസമയം, എല്‍ഡിഎഫിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്നും മണ്ഡലത്തില്‍ തുടരും. കണ്ണാടിയിലും ഒലവക്കോടും സുല്‍ത്താന്‍ പേട്ടിലുമാണ് മുഖ്യമന്ത്രിയുടെ പൊതുയോഗങ്ങള്‍. ഇരട്ട വോട്ട് ആരോപണവും മുന്നണികള്‍ക്കിടയില്‍ സജീവമാണ്.