'ഇന്ദിരാ ഗാന്ധിയെയും അടിയന്തരാവസ്ഥയെയും വിമര്‍ശിക്കുന്ന തരൂര്‍ എന്തിന് കോണ്‍ഗ്രസില്‍ ചേര്‍ന്നു? അന്ന് കോണ്‍ഗ്രസിനോട് ചേര്‍ന്നാല്‍ അധികാരത്തിന്റെ അപ്പ കഷ്ണങ്ങള്‍ ലഭിക്കും; ഇപ്പോള്‍ വല്ലതും കിട്ടണമെങ്കില്‍ മോദിയെ സ്തുതിക്കണം; വിശ്വപൗരന്റെ രാഷ്ട്രീയ നിലവാരവും ആദര്‍ശവും കൊള്ളാം'; ശശി തരൂരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പി ജെ കുര്യന്‍
ശശി തരൂരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പി ജെ കുര്യന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി ശശി തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവ് പി.ജെ.കുര്യന്‍. അധികാരത്തിന്റെ അപ്പ കഷ്ണത്തിന് വേണ്ടിയാണ് തരൂര്‍ കോണ്‍ഗ്രസില്‍ എത്തിയതെന്നും ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിക്കുന്നതും ആ ലക്ഷ്യം വെച്ചാണെന്നും പി ജെ കുര്യന്‍ കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥയിലെ ഇന്ദിരാ ഗാന്ധിയുടെയും മകന്‍ സഞ്ജയ് ഗാന്ധിയുടെയും ക്രൂരതകള്‍ ചൂണ്ടിക്കാട്ടി ശശി തരൂര്‍ കഴിഞ്ഞ ദിവസം ലേഖനമെഴുതിയിരുന്നു. കൂടാതെ സമീപകലാത്ത് തരൂര്‍ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും പ്രശംസിച്ചുള്ള പ്രസ്താവനകളുടെയും പശ്ചാത്തലത്തിലാണ് കുര്യന്റെ വിമര്‍ശനം.
അടിയന്തരാവസ്ഥയെ കുറിച്ച് തരൂരിന് ഇതാണ് അഭിപ്രായമെങ്കില്‍ അദ്ദേഹം എന്തിനാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് കുര്യന്‍ ചോദിച്ചു. കോണ്‍ഗ്രസിന്റെ എംപിയും മന്ത്രിയുമായും പ്രവര്‍ത്തിച്ചപ്പോള്‍ ഈ അഭിപ്രായം പറഞ്ഞില്ലെന്നും വിമര്‍ശനം.
കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഒരു കമ്മിറ്റിയിലും തരൂര്‍ ഇത്തരത്തില്‍ അഭിപ്രായം പറഞ്ഞില്ല. കോണ്‍ഗ്രസിനോട് ചേര്‍ന്ന് നിന്നാല്‍ അന്ന് അധികാരത്തിന്റെ അപ്പ കഷ്ണങ്ങള്‍ ലഭിക്കും. ഇന്ന് സ്ഥിതി മറിച്ചാണ്. ഇപ്പോള്‍ വല്ലതും കിട്ടണമെങ്കില്‍ മോദിയെ സ്തുതിക്കണം. അതുകൊണ്ടാണ് മോദി സ്തുതി നടത്തുന്നതെന്നും കുര്യന്‍ വ്യക്താക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കുര്യന്റെ പ്രതികരണം.
നേരത്തെ യൂത്ത് കോണ്‍ഗ്രസിനെ ഇകഴ്ത്തിയും എസ്എഫ്‌ഐയെ പുകഴ്ത്തിയും പി.ജെ കുര്യന്‍ രംഗത്തെത്തിയിരുന്നു. ഒരു മണ്ഡലത്തില്‍ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയുന്നില്ല. എസ്എഫ്‌ഐ ക്ഷുഭിത യൗവനത്തെ കൂടെ നിര്‍ത്തുന്നുവെന്നും പി.ജെ. കുര്യന്‍ പറഞ്ഞു. എതിര്‍ പ്രചരണങ്ങള്‍ക്കിടയിലും സിപിഐഎം സംഘടന സംവിധാനം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവരെ വേദിയില്‍ ഇരുത്തി ആയിരുന്നു പി.ജെ. കുര്യന്റെ വിമര്‍ശനം.
കഴിഞ്ഞ തവണ താന്‍ പറഞ്ഞത് കേട്ടിരുന്നുവെങ്കില്‍ പത്തനംതിട്ട ജില്ലയില്‍ മൂന്ന് നിയമസഭ സീറ്റുകളില്‍ യുഡിഎഫ് ജയിക്കുമായിരുന്നു. ജില്ലയില്‍ ആരോടും ആലോചിക്കാതെയാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്. അടൂര്‍ പ്രകാശ് ഉള്‍പ്പടെ അന്നത്തെ കെപിസിസി നേതൃത്വം തന്റെ നിര്‍ദേശം അംഗീകരിച്ചില്ല. അതുകൊണ്ട് അഞ്ച് സീറ്റ് നഷ്ടമായി. ഇത്തവണ സ്ഥാനാര്‍ഥിയെ അടിച്ചേല്‍പിച്ചാല്‍ അപകടം ഉണ്ടാകും, പി.ജെ. കുര്യന്‍ പറഞ്ഞു.
പി ജെ കുര്യന്റെ ഫേസ്ബുക്ക് കുറിപ്പ്:
അടിയന്തിരാവസ്ഥ സംബന്ധിച്ച് ഏത് അഭിപ്രായം വച്ചു പുലര്‍ത്തുവാനും അത് പ്രകടിപ്പിക്കുവാനും ഒരു വ്യക്തി എന്ന നിലയില്‍ ശ്രീ. ശശി തരൂരിന് എല്ലാ അവകാശങ്ങളുമുണ്ട്. ഇപ്പോള്‍ അദ്ദേഹം ശ്രീമതി ഇന്ദിരഗാന്ധിയെയും അടിയന്തിരാവസ്ഥയെയും രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നു. ഇത്രയും രൂക്ഷമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായമെങ്കില്‍ അദ്ദേഹം കോണ്‍ഗ്രസ്സില്‍ എന്തിന് ചേര്‍ന്നു?
കോണ്‍ഗ്രസ്സിന്റെ എംപി യായും മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. അന്ന് എന്തുകൊണ്ട് ഈ അഭിപ്രായം കമ്മറ്റികളില്‍ പോലും പറഞ്ഞില്ല. കാരണം വ്യക്തം. കോണ്‍ഗ്രസ് അന്ന് ഭരിക്കുന്ന പാര്‍ട്ടിയായിരുന്നു. കോണ്‍ഗ്രസിനോട് ചേര്‍ന്ന് നിന്നാല്‍ അധികാരത്തിന്റെ അപ്പ കഷ്ണങ്ങള്‍ ലഭിക്കും. ഇന്ന് സ്ഥിതി മറിച്ചാണ്. കോണ്‍ഗ്രസ് പ്രതിപക്ഷത്തും ശ്രീ നരേന്ദ്ര മോദി അധികാരത്തിലുമാണ്. ഇപ്പോള്‍ വല്ലതും കിട്ടണമെങ്കില്‍ മോദിയെ സ്തുതിക്കണം. ശ്രീമതി ഇന്ദിരാ ഗാന്ധിയെയും കോണ്‍ഗ്രസ്സിനെയും അധിക്ഷേപിക്കണം. വിശ്വ പൗരന്റെ രാഷ്ട്രീയ നിലവാരവും ആദര്‍ശവും കൊള്ളാം. നല്ല മാതൃക തന്നെ.