മുന്‍പരിചയം ഉള്ളവരെ മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് തിരിച്ചടിയായി; സംസ്ഥാന മന്ത്രി സഭ പരാജയമെന്ന് കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം; എം മുകേഷിനെ ലോക്‌സഭാ സ്ഥാനാര്‍ഥി ആക്കിയ തീരുമാനം തെറ്റിയെന്ന വിമര്‍ശനം ശരിവച്ച് സിപിഎം ജില്ലാ സെക്രട്ടറി
സംസ്ഥാന മന്ത്രി സഭ പരാജയമെന്ന് കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം
കൊല്ലം: സംസ്ഥാന മന്ത്രിസഭ പരാജയമെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. മുന്‍ പരിചയമുള്ളവരെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയത് തിരിച്ചടിയായി. പുതുമുഖങ്ങളെ മാത്രം ഉള്‍പ്പെടുത്തിയ മന്ത്രിസഭ ഗുണം ചെയ്തില്ല. സര്‍ക്കാരിന്റെ പ്രതിച്ഛായ തകരാന്‍ ഇത് കാരണമായി. അഞ്ചാലുംമൂട്ടില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനമുന്നയിച്ചത്.
നടനും എംഎല്‍എയുമായ മുകേഷിനെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം തെറ്റിയെന്ന വിമര്‍ശനം സിപിഎം ജില്ലാ സെക്രട്ടറി ശരിവച്ചു. പൊതുവോട്ടുകള്‍ കൂടി സമാഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍ കണക്കുകൂട്ടല്‍ തെറ്റിപ്പോയെന്ന് ജില്ലാ സെക്രട്ടറി എസ്.സുദേവന്‍ പൊതുചര്‍ച്ചക്ക് മറുപടിയായി പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ജില്ലാ കമ്മിറ്റിക്ക് ഈ വിലയിരുത്തല്‍ ഉണ്ടെന്നും സുദേവന്‍ വ്യക്തമാക്കി.
കരുനാഗപ്പള്ളിയിലെ വിഭാഗീയത മൂര്‍ച്ഛിച്ചതില്‍ ജില്ലാ നേതൃത്വത്തിനും പങ്കുണ്ടെന്ന് പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. ജില്ലയിലെ ചില നേതാക്കളുടെ പിന്തുണയില്ലാതെ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിടുമോ? ഏരിയാ കമ്മിറ്റി ഓഫീസിലേക്കുള്ള മാര്‍ച്ചിന് നേതൃത്വം നല്‍കിയ നേതാക്കളെ സംരക്ഷിച്ചു. അവര്‍ക്കെതിരെ ഇപ്പോഴും നടപടി എടുക്കാത്തതില്‍ ജില്ലാ നേതൃത്വത്തിന് പങ്കുണ്ട്. കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെമേല്‍ മാത്രം കുറ്റം ചാര്‍ത്തിയിട്ട് കാര്യമില്ല. വിഭാഗീയതയില്‍ നടപടിയെടുക്കേണ്ട നേതൃത്വം ഒരു പക്ഷത്ത് മാത്രം നില്‍ക്കുകയാണ് ചെയ്തത്. പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കാതെ ഏരിയാ കമ്മിറ്റി പിരിച്ചുവിടുക എന്ന ലക്ഷ്യം നടപ്പിലാക്കാനാണ് ശ്രമിച്ചതെന്നും പ്രതിനിധികള്‍ ആരോപിച്ചു.
റിപ്പോര്‍ട്ടില്‍ എത്ര പേജ് എഴുതിവെച്ചാലും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ജില്ലാ നേതൃത്വത്തിന് കഴിയില്ലെന്ന് പ്രതിനിധികളില്‍ ചിലര്‍ പറഞ്ഞു. കൊട്ടാരക്കര, പുനലൂര്‍, കൊല്ലം ഈസ്റ്റ്, കുണ്ടറ ഏരിയകളില്‍ നിന്നുള്ള പ്രതിനിധികളാണ് വിഷയം ഉന്നയിച്ചത്.
വിഭാഗീയതയെ തുടര്‍ന്ന് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചു വിടാന്‍ നേതൃത്വം തീരുമാനിച്ചിരുന്നു. ലോക്കല്‍ സമ്മേളനങ്ങളിലെ വിഭാഗീയതയെത്തുടര്‍ന്നു, സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിടുകയും നേതൃത്വത്തെ വെല്ലുവിളിച്ചു പ്രകടനം നടത്തുകയും ചെയ്തതിന്റെ പേരിലാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങള്‍ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചു വിടാന്‍ തീരുമാനിച്ചത്.
ആഭ്യന്തര വകുപ്പിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി. കിളികൊല്ലൂര്‍ പൊലീസ് മര്‍ദനക്കേസ് അടക്കം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ വിഷയങ്ങള്‍ ഉണ്ടാകുന്നു. പൊലീസിലെ ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ ആഭ്യന്തരവകുപ്പിന് കഴിയുന്നില്ലെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.