മുഖ്യമന്ത്രിയാകാന്‍ നേതാക്കള്‍ ഇപ്പോഴേ റെഡി..! അധികാരം കിട്ടിയിട്ടു പോരേയെന്ന നിലപാടില്‍ കെ സി വേണുഗോപാല്‍; ജനങ്ങളുടെ മനസ്സറിയാന്‍ കനുഗേലുവിന്റെ ടീം കേരളത്തില്‍ സര്‍വേ നടത്തുന്നു; സര്‍വേയുടെ വിശദാംശങ്ങള്‍ ഹൈക്കമാന്‍ഡിനു കൈമാറും; സ്ഥാനാര്‍ഥി നിര്‍ണയത്തിലും നിര്‍ണായകം കനുഗോലു സര്‍വേ!

Update: 2025-01-06 05:37 GMT

തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി ആകാന്‍ നാലു നീട്ടി ഇരിക്കുകയാണ് നേതാകള്‍. മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളാണ് ചെന്നിത്തലയും സതീശനുമൊക്കെ മെനയുന്നത്. എന്നാല്‍, പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികളെ കുറിച്ചൊന്നും ചര്‍ച്ചകള്‍ പോകുകയോ പുനസംഘടന എവിടെയെങ്കിലും എത്തുകയോ ചെയ്തിട്ടില്ല. ഇങ്ങനെ മുഖ്യമന്ത്രി കസേര നോട്ടമിട്ട് നേതാക്കള്‍ കരുക്കള്‍ നീക്കുമ്പോള്‍ അതൊക്കെ യുഡിഎഫിന് അധികാരം കിട്ടിയിട്ടു പോരേ എന്നതാണ് കെ സി വേണുഗോപാല്‍ ചോദിക്കുന്നത്.

നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനം നോക്കി കരുക്കള്‍ നീക്കുമ്പോള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ എത്രത്തോളമുണ്ട് എന്നറിയാന്‍ വേണ്ടി സര്‍വേ നടത്താന്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിനെ ചുമതലപ്പെടുത്തിയിരിക്കയാണ് കെ.സി. ജനങ്ങളുടെ മനസ്സറിയാന്‍ വേണ്ടി സര്‍വേ നടത്താന്‍ കനുഗേലുവിന്റെ ടീം കേരളത്തില്‍ എത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഭാവിപരിപാടികള്‍ രൂപം കൊടുക്കുമ്പോള്‍ നിര്‍ണായകമാകുക കനുഗേലുവിന്റെ റിപ്പോര്‍ട്ടാകും.

അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ അണിയറ നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെ ഹൈക്കമാന്‍ഡ് നിയോഗിച്ചിരിക്കുന്നത്. കെ സിയുടെ പ്രത്യേക താല്‍പ്പര്യത്തിലാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ നടക്കുന്നത് എന്നതാണ് ശ്രദ്ധേയം. സുനില്‍ കനുഗോലുവിന്റെ ടീം കേരളത്തിലെത്തിയിട്ടുണ്ട്. 2026ലെ കേരളം, അസം തിരഞ്ഞെടുപ്പുകളുടെ തന്ത്രങ്ങളുടെ ചുമതലയാണു കനുഗോലുവിനെ പാര്‍ട്ടി ഹൈക്കമാന്‍ഡ് ഏല്‍പിച്ചിരിക്കുന്നത്.

കനുഗോലുവിന്റെ ടീം ഏതാനും ദിവസങ്ങള്‍ മുന്‍പ് കേരളത്തിലെത്തിയെന്നും വോട്ടര്‍മാര്‍ക്കിടയില്‍ സര്‍വേ ആരംഭിച്ചെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പാര്‍ട്ടി സംവിധാനങ്ങള്‍ എത്രകണ്ട് മികച്ചതാണ് എന്നാണ് പാര്‍ട്ടി പരിശോധിക്കുന്നത്. പിണറായി സര്‍ക്കാറിന്റെ വീഴ്ച്ചകല്‍ കണ്ടെത്തി പ്രചരണ തന്ത്രങ്ങള്‍ മെനയുകയാണ് ലക്ഷ്യമിടുന്നത്. ജനങ്ങളുടെ മനസ്സറിഞ്ഞു തിരഞ്ഞെടുപ്പിനുള്ള പ്രാഥമിക ഒരുക്കങ്ങളാണു ടീം നടത്തുന്നത്. സര്‍വേയുടെ വിശദാംശങ്ങള്‍ ഹൈക്കമാന്‍ഡിനു കൈമാറും. ഈ റിപ്പോര്‍ട്ടാകും ഭാവിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അടക്കം നിര്‍ണായകമാകുക.

തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള നൂതന മാര്‍ഗങ്ങള്‍ക്കു കനുഗോലുവും സംഘവും രൂപം നല്‍കും. യുവ വോട്ടര്‍മാരെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണ തന്ത്രങ്ങളുമൊരുക്കും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടും പിന്നീട് സര്‍വേ നടത്തും. തിരഞ്ഞെടുപ്പിനു മുന്‍പുള്ള ഏതാനും മാസങ്ങളില്‍ ഭരണകക്ഷിക്കെതിരായ അഴിമതി ആക്ഷേപങ്ങള്‍ പരമാവധി പ്രചരിപ്പിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ അവ ചര്‍ച്ചയാക്കുന്നതാണു കനുഗോലുവിന്റെ രീതി.

കര്‍ണാടക, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അതു ഫലം കണ്ടിരുന്നു. എന്നാല്‍, ഹരിയാനയിലും മഹാരാഷ്ട്രയിലും തന്ത്രം പാളി. കനുഗോലുവിന്റെ ടീമിനു പുറമേ ഏതാനും ഏജന്‍സികളെ കൂടി സര്‍വേക്കായി ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷാവസാനമുള്ള തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സര്‍വേയാണ് മറ്റ് ഏജന്‍സികള്‍ പ്രധാനമായും നടത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം അടുത്ത തന്ത്രങ്ങള്‍ മുന്നോട്ടുവെക്കും.

നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച വിജയം നേടാന്‍ കഴിഞ്ഞെങ്കിലും കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തിലെ പോരായ്മകള്‍ അക്കമിട്ട് നിരത്തി കോണ്‍ഗ്രസ് വാര്‍ റൂം - സുനില്‍ കനുഗോലു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 10 ജില്ലകളില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വലിയ അപചയം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് സംഘടനാതലത്തില്‍ വീഴ്ചകള്‍ സംഭവിച്ചതായി സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ചില ജില്ലകളിലെ ഡി.സി.സി. പ്രസിഡന്റുമാരെ മാറ്റണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുള്ളതായാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന സൂചന.

ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ജില്ലാ നേതൃത്വങ്ങളില്‍ മാറ്റമുണ്ടായേക്കുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ പാര്‍ട്ടി ഗുരുതര പ്രതിസന്ധി നേരിടുന്നുണ്ട്. കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികളില്‍ പകുതിയും നിര്‍ജീവമായിരുന്നെന്നും കണ്ടെത്തലുണ്ട്. കെ.പി.സി.സി. ഭാരവാഹികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Tags:    

Similar News