'സുരേഷ് ഗോപിയും കുടുംബവും വോട്ട് ചെയ്യാന്‍ മാത്രമായി തൃശ്ശൂരില്‍ താമസിച്ചു; നെട്ടിശ്ശേരിയിലെ വീട്ടില്‍ നിന്നും അവസാനഘട്ടത്തില്‍ 11 വോട്ടുകള്‍ ചേര്‍ത്തു; ആ വീട്ടിലിപ്പോള്‍ വോട്ടര്‍പട്ടികയിലുള്ള താമസക്കാരില്ല'; തൃശൂരിലും വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപിച്ച് ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്
തൃശൂരിലും വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപിച്ച് ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ്
തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ ബിജെപി ക്രമക്കേട് നടത്തിയെന്ന ഗുരുതര ആരോപണവുമായി തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ അഡ്വ. ജോസഫ് ടാജറ്റ്. സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശ്ശേരിയിലെ വീട്ടില്‍ 11 വോട്ടുകള്‍ ചേര്‍ത്തുവെന്നും സുരേഷ് ഗോപിയുടെയും ബന്ധുക്കളുടെയും വോട്ടുകളാണ് ചേര്‍ത്തതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. സുരേഷ് ഗോപി താമസിച്ചിരുന്ന വീട്ടിലിപ്പോള്‍ വോട്ടര്‍പട്ടികയിലുള്ള താമസക്കാരില്ല. തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുകൊണ്ട് സുരേഷ് ഗോപിയും കുടുംബവും ഇവിടെ വന്ന് വോട്ട് ചേര്‍ക്കുകയായിരുന്നുവെന്ന് ജോസഫ് ടാജറ്റ് ആരോപിച്ചു. വാര്‍ത്താസമ്മേളനം നടത്തിയാണ് ബിജെപിക്കെതിരെ ഡിസിസി അധ്യക്ഷന്റെ ആരോപണം.
11 വോട്ടുകളാണ് സുരേഷ് ഗോപിയുടെ കുടുംബം ഭാരത് ഹെറിറ്റേജ് എന്ന വീട്ടുപേരില്‍ വോട്ട് ചേര്‍ത്തത്. സ്ഥാനാര്‍ഥികൂടിയായിരുന്ന സുരേഷ് ഗോപി തന്നെ ക്രമക്കേടിന് നേതൃത്വം കൊടുത്തു എന്നാണ് ഡിസിസി അധ്യക്ഷന്‍ ആരോപിക്കുന്നത്. സുരേഷ് ഗോപിയുടെയും ഭാര്യയുടെയും മക്കളുടെയും അനുജന്റെ വോട്ടും കുടുംബാംഗങ്ങളുടെ വോട്ടും താമസം ഇല്ലാതിരുന്നിട്ടും തൃശ്ശൂരില്‍ ചേര്‍ത്തു.116 എന്ന പോളിംഗ് സ്റ്റേഷനില്‍ വെച്ചാണ് സുരേഷ് ഗോപിയുടെ കുടുംബവും അനുജന്റെ കുടുംബവും വോട്ട് ചെയ്തത്. ഭാരത് ഹെറിറ്റേജ് വീട് ഇപ്പോള്‍ ബോംബെ കേന്ദ്രീകരിച്ചുള്ള വ്യക്തിയ്ക്ക് കൊടുത്തു. ഇതേ വീട്ടുനമ്പര്‍ പരിശോധിച്ചാല്‍ സുരേഷ് ഗോപിക്കോ കുടുംബാംഗങ്ങള്‍ക്കോ കോര്‍പ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ട് ഇല്ല. ഇത് തന്നെയാണ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയത്.
രണ്ട് ലോകസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപി മത്സരിക്കുന്ന സമയത്ത് താമസിച്ചിരുന്ന വീടായിരുന്നു നെട്ടിശ്ശേരിയിലേത്. വാര്‍ഡ് നമ്പര്‍ 30 ല്‍ വോട്ട് ചേര്‍ത്തത് അവസാന ഘട്ടത്തിലാണ്. 45 പേരുടെ വോട്ടുകളില്‍ പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ പരാതി നല്‍കിയിരുന്നു. വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് വോട്ട് ചെയ്യാം എന്ന നിലപാടാണ് അന്ന് കളക്ടര്‍ സ്വീകരിച്ചത്. ഇക്കാര്യത്തില്‍ സ്വതന്ത്രമായി അന്വേഷണം വേണം. ബിജെപി തന്നെ അന്ന് അവകാശപ്പെട്ടത് 65,000 ത്തോളം വോട്ടുകള്‍ ചേര്‍ത്തു എന്നാണ്. പത്ത് ഫ്‌ലാറ്റുകളിലായി അമ്പതോളം പരാതികള്‍ അന്ന് നല്‍കിയിരുന്നുവെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
വീട്ടില്‍ താമസമില്ലാത്ത രീതിയില്‍ വോട്ട് ചേര്‍ക്കുകയാണ് ചെയ്തത്. തൃശ്ശൂരില്‍ ബിജെപി പുതിയ വോട്ടുകള്‍ ചേര്‍ത്തത് അവസാന സമയത്തായിരുന്നുവെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി. വോട്ടര്‍പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയ ആളുകളെ കുറിച്ച് സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും അവിടെ ഇപ്പോള്‍ ആരും തന്നെ താമസമില്ല എന്ന് കണ്ടെത്തുകയായിരുന്നു. തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പുറത്തുള്ള ആളുകളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു എന്നത് വസ്തുതയാണ്. ഒരു ബൂത്തില്‍ 25 മുതല്‍ 45 വരെ വോട്ടുകള്‍ ക്രമക്കേടിലൂടെ കടന്നുകൂടിയതായി ജോസഫ് ടാജറ്റ് ആരോപിക്കുന്നു.
കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയ പത്രക്കുറിപ്പ് വസ്തുതാവിരുദ്ധമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അത്തരമൊരു നീക്കം. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിജെപി വ്യാപകമായി വോട്ടര്‍ പട്ടികയില്‍ അട്ടിമറി നടത്തിയെന്ന ആരോപണം ഉന്നയിച്ചത്. നിരവധി വോട്ടര്‍മാരെ മറ്റ് മണ്ഡലങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും ബിജെപി നിരവധി ബൂത്തുകളില്‍ ചേര്‍ത്തിട്ടുണ്ട്. ഫോറം 6 പ്രകാരമല്ല പുതിയ വോട്ടര്‍മാരെ ചേര്‍ത്തിരിക്കുന്നത്. പുതിയ വോട്ടര്‍മാരില്‍ ഭൂരിഭാഗവും 45 മുതല്‍ 70 വയസ്സ് വരെയുള്ളവരാണെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
മുന്‍ കളക്ടറും തെരഞ്ഞെടുപ്പ് വരണാധികാരിയുമായിരുന്ന കൃഷ്ണ തേജക്ക് അന്ന് ലഭിച്ച പരാതി ഉന്നത തലങ്ങളിലേക്ക് കൈമാറിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. പരാതി ലഭിച്ചിട്ടില്ലെന്ന ചീഫ് ഇലക്ഷന്‍ ഓഫീസറുടെ അഭിപ്രായം അടിസ്ഥാനരഹിതമാണ്. 2024 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കളക്ടര്‍ക്ക് പരാതി നല്‍കിയതിന്റെ തെളിവുകളുണ്ട്. വരണാധികാരിയുടെ പ്രസ്താവന പച്ചക്കള്ളമാണ്. അവസാന ഘട്ടത്തിലാണ് തൃശ്ശൂരില്‍ വോട്ടുകള്‍ മുഴുവന്‍ ചേര്‍ത്തത്. വോട്ട് ചേര്‍ക്കുന്നതിലെ നിയമങ്ങള്‍ ലഘൂകരിച്ചത് അനര്‍ഹര്‍ പോലും വോട്ട് ചേര്‍ക്കുന്നതിന് ഇടയാക്കി. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് ഇത്തരത്തില്‍ വോട്ടുകള്‍ ചേര്‍ത്തത്. ആലത്തൂര്‍, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ വോട്ടര്‍മാരെ തൃശ്ശൂരില്‍ ചേര്‍ത്തു.
ഇലക്ഷന്‍ കമ്മീഷന്റെ സൈറ്റ് ബ്ലോക്ക് ആയതിനാല്‍ പരിശോധിക്കാനാകുന്നില്ല. തൃശൂരിലെ വോട്ടര്‍ പട്ടികയിലെ സംശയങ്ങള്‍ ദൂരീകരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. പരാതി പറയുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. തൃശൂര്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടന്ന സംഭവങ്ങളെ സംബന്ധിച്ച് അന്വേഷിക്കണമെന്നും ഡിസിസി അധ്യക്ഷന്‍ പറഞ്ഞു.