'ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റിയതിന് മകന്റെ കേസുമായി ബന്ധമില്ല; കേസില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല; മകന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് ഇപ്പോഴും വിശ്വാസം'; വലിയ വേട്ടയാടലാണ് തനിക്കെതിരെ നടന്നതെന്ന് യു. പ്രതിഭ

വലിയ വേട്ടയാടലാണ് തനിക്കെതിരെ നടന്നതെന്ന് യു. പ്രതിഭ

Update: 2025-01-07 12:04 GMT

കായംകുളം: ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റിയതിന് തന്റെ മകന്റെ കേസുമായി ബന്ധമില്ലെന്ന് യു. പ്രതിഭ എംഎല്‍എ. മകനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഇക്കാലത്ത് ചില കുട്ടികള്‍ പുകവലിക്കാറുണ്ട്. തന്റെ മകന്‍ അത് ചെയ്തെങ്കില്‍ അത് താന്‍ തിരുത്തണം. കഞ്ചാവുമായി പിടിയിലായെന്ന് കേസില്ല എന്നും യു. പ്രതിഭ പറഞ്ഞു.

മകന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഇപ്പോഴും വിശ്വാസമെന്നും വലിയ വേട്ടയാടലാണ് ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നതെന്നും എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മകന്റെ ലഹരിക്കേസിലില്‍ പാര്‍ട്ടിയെ ആരും വലിച്ചിഴയ്ക്കേണ്ട. വലിയ വേട്ടയാടലാണ് തനിക്കെതിരെ നടന്നതെന്നും പ്രതിഭ പറഞ്ഞു.

ചില മാധ്യമങ്ങള്‍ പ്രത്യേകം അജണ്ടയോടെ വാര്‍ത്ത നല്‍കി. എന്നാല്‍, പാര്‍ട്ടി വലിയ പിന്തുണയാണ് നല്‍കിയത്. മകന്‍ എന്തെങ്കിലും തെറ്റ് ചെയ്തെങ്കില്‍ അവനെ തിരുത്തേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്നാല്‍, മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പ്രതിഭ പറഞ്ഞു.

മകന്റെ ചിത്രമടക്കം കൊടുത്ത് വാര്‍ത്ത നല്‍കി. കഴിഞ്ഞ ദിവസം ലഹരിക്കടിമപ്പെട്ട രണ്ട് കുട്ടികള്‍ ഒരാളെ കുത്തിക്കൊലപ്പെടുത്തിയപ്പോള്‍ പോലും അവരുടെ ചിത്രങ്ങള്‍ കൊടുത്തിരുന്നില്ല. കൊടുക്കേണ്ട കാര്യവുമില്ല. പക്ഷെ, മകന്റെ കാര്യത്തില്‍ വ്യക്തിപരമായി ദിവസങ്ങളോളം അക്രമം നേരിട്ടുവെന്നും പ്രതിഭ പറഞ്ഞു.

താന്‍ മതം പറഞ്ഞൂവെന്ന തരത്തില്‍ വലിയ ചര്‍ച്ച നടക്കുന്നു. ഒരിക്കലും ഇല്ലാത്തൊരു പരാമര്‍ശമാണത്. കാര്യങ്ങള്‍ വളച്ചൊടിച്ചാണ് അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ചില ചാനലുകള്‍ക്ക് അവരുടേതായ അജണ്ടകളുണ്ടായിരുന്നു. അത് നടപ്പാക്കുകയും ചെയ്തുവെന്നും പ്രതിഭ ചൂണ്ടിക്കാട്ടി.

പൊതു സമൂഹത്തിന്റെ ഭാഗമാണ് നാമെല്ലാം. അതിന്റെ എല്ലാ നന്മയുടേയും തിന്മയുടേയും ഭാഗമാണ് എന്റെ മകന്‍ അടക്കം ഇവിടുത്തെ ചെറുപ്പക്കാരുടെ സമൂഹം. സ്വാഭാവികമായും എന്തെങ്കിലും തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ അതു പറഞ്ഞു തിരുത്തിക്കേണ്ടതിന്റെ ഉത്തരവാദിത്തം എനിക്ക് ഉണ്ടെന്ന ബോധ്യമുള്ളപ്പോള്‍ തന്നെ, അവന്‍ ചെയ്യാത്ത കാര്യം വലിയ ഹൈലറ്റായി കാണിച്ചു. ഒരിക്കലും ഇല്ലാത്ത കാര്യം ആ മാധ്യമങ്ങള്‍ നല്‍കിയതാണ് അമ്മ എന്ന നിലയില്‍ തന്നെ ചൊടിപ്പിച്ചതെന്നും യു പ്രതിഭ പറഞ്ഞു. കുട്ടികളായാല്‍ തെറ്റ് പറ്റും. അത് തിരുത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റംഗം എച്ച് ബാബുജാന്‍ പറഞ്ഞു.

Tags:    

Similar News