ദുരിത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേന്ദ്രത്തിന് 132.62 കോടി കൊടുക്കേണ്ടി വരുമോ? തുക ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് എതിരെ പ്രതിഷേധം ഉയരുന്നതിനിടെ ചെലവിന്റെ ബില്ല് അയയ്ക്കുന്നത് ചട്ടപ്രകാരമെന്ന് വിശദീകരണം; വ്യോമസേനയുടെ പണം സംസ്ഥാനം അടയ്‌ക്കേണ്ടി വരില്ലെന്ന് വി മുരളീധരനും
ദുരിത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേന്ദ്രത്തിന് 132.62 കോടി കൊടുക്കേണ്ടി വരുമോ?
തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ വ്യോമസേനയുടെ പണം സംസ്ഥാനം അടയ്‌ക്കേണ്ടി വരില്ലെന്ന് വിശദീകരണം. സഹായങ്ങള്‍ ബില്ല് ചെയ്യുക എന്നത് കാലങ്ങള്‍ ആയുള്ള നടപടിയാണെന്നും സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച മറച്ചു വെക്കാന്‍ സി.പി.എം ഇതൊരു വിവാദമാക്കുന്നുവെന്നും മുന്‍കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ ആരോപിച്ചു.
'വ്യോമസേന നല്‍കിയ സഹായങ്ങള്‍ ബില്ല് ചെയ്യുക എന്നത് കാലങ്ങളായുള്ള നടപടിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക രീതിയില്‍ നടക്കുന്ന നടപടിക്രമം എന്നതിനപ്പുറത്ത് യാതൊരു പ്രാധാന്യമില്ല. സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച മറച്ചുവയ്ക്കാന്‍ സി.പി.എം ഇതൊരു വിവാദമാക്കുന്നു. അതിന് മാധ്യമങ്ങളെ കൂട്ട്പിടിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.
സംസ്ഥാനം വ്യോമസേനയുടെ പണം അടക്കേണ്ടി വരില്ല. എല്ലാം അഡ്ജസ്റ്റ് ചെയ്ത് കൊടുക്കപ്പെടും. സേവനങ്ങള്‍ക്ക് വര്‍ഷങ്ങളായി അതാത് വകുപ്പുകള്‍ ബില്ല് കൊടുക്കാറുണ്ട്. 1990 മുതല്‍ വ്യോമയാന നിയമത്തില്‍ പറയുന്നതാണ് ഇതെല്ലാം. അനാവശ്യ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ആണ് ഇവിടെ സിപിഎം അടക്കം ശ്രമിക്കുന്നത്'- മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
വിവിധ സേനകളുടെ ധനാകാര്യ വിഭാഗം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചെലവിന്റെ ബില്ല് നല്‍കുന്നത് ചട്ടപ്രകാരം എന്നാണ് കേന്ദ്ര വിശദീകരണം. എസ്ഡിആര്‍എഫ് ഫണ്ടില്‍ നിന്നാണ് തുക നല്‍കേണ്ടതെന്നു എല്ലാ സംസ്ഥാനങ്ങള്‍ക്കും വ്യോമസേന ബില്ല് നല്‍കാറുണ്ടെന്നും കേരളത്തോട് മാത്രമുള്ള സമീപനമെല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ മാസം 207 കോടിയുടെ ബില്ലാണ് ഉത്തരാഖണ്ഡിന് നല്‍കിയത്. പണം കൊടുക്കേണ്ടിവന്നാല്‍ എസ്എഡിആര്‍ഫിലെ തുക വീണ്ടും കുറയുമെന്നതാണ് സംസ്ഥാനത്തിന്റെ പ്രതിസന്ധി.
2006 മുതല്‍ ഈവര്‍ഷം സെപ്റ്റംബര്‍ 30 വരെ വിവിധഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് പ്രതിരോധസേനയ്ക്ക് 132.61 കോടി സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുണ്ട്. ഈ തുക മുഴുവനും നല്‍കണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിക്ക് പ്രതിരോധ മന്ത്രാലയം കത്ത് നല്‍കിയിട്ടുള്ളത്. പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിന് നേരത്തേ പ്രതിരോധ മന്ത്രാലയം പണം ആവശ്യപ്പെട്ടിരുന്നു. അന്ന് നൂറുകോടിയോളം രൂപ സംസ്ഥാനം നല്‍കിയിരുന്നു. മറ്റു പല സമയങ്ങളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ആകത്തുകയാണ് അവര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
തുക ഒഴിവാക്കിത്തരാന്‍ കേന്ദ്രത്തിന് സംസ്ഥാനം കത്തയക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദുരന്തമുണ്ടായാല്‍ സൈന്യത്തിന്റെ സേവനം തേടും. തുക അതാത് സംസ്ഥാനങ്ങള്‍ ദുരന്ത നിവാരണ നിധിയില്‍ നിന്ന് നല്‍കണമെന്നും വ്യവസ്ഥയുണ്ട്. 2019 ലെ പ്രളയകാലം മുതല്‍ വയനാട് ദുരന്തത്തില്‍ പെട്ടവരെ എയര്‍ലിഫ്റ്റ് ചെയ്തതിന് വരെ ചെലവായ തുകയാണ് 132 കോടി 62 ലക്ഷം രൂപ തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. അതില്‍ വയനാടിന് മാത്രമുണ്ട് 69 കോടി 65 ലക്ഷം രൂപ. പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് അധികസഹായം വേണമെന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന തര്‍ക്കം തുടരുന്നതിനിടെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ആവശ്യം.