ഇടതുപക്ഷം സ്വർണം മുതൽ അടിവസ്ത്രം വരെ മോഷ്ടിക്കുന്നവരായി; സംസ്ഥാന സർക്കാർ കൊള്ളസംഘം; ആന്റണി രാജു രാജിവെക്കണമെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷ്

Update: 2026-01-03 12:40 GMT

തിരുവനന്തപുരം: ആന്റണി രാജു എം.എൽ.എ ഉടനടി രാജിവെക്കണമെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷ്. ഇടതുപക്ഷം സ്വർണം മുതൽ അടിവസ്ത്രം വരെ മോഷ്ടിക്കുന്നവരുടെ കൂട്ടമായി മാറിയെന്നും സംസ്ഥാന സർക്കാർ കൊള്ളസംഘമാണെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കോടതിയിൽ തെളിവായി സമർപ്പിച്ച അടിവസ്ത്രം മാറ്റിയ വ്യക്തി മന്ത്രിയായിരുന്നപ്പോൾ എന്തെല്ലാം ചെയ്തിട്ടുണ്ട് എന്ന് പരിശോധിക്കണമെന്നും ജനീഷ് ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വെള്ളാപ്പള്ളി നടേശൻ വിഷയത്തിലും ജനീഷ് പ്രതികരണം അറിയിച്ചു. പൊതുസമൂഹം ആഗ്രഹിക്കുന്ന പ്രസ്താവനയല്ല വെള്ളാപ്പള്ളി നടേശനിൽ നിന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. വർഗീയ പരാമർശത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം.

ശ്രീനാരായണ പ്രസ്ഥാനത്തിന്റെ അധ്യക്ഷൻ എന്ന നിലയിൽ അദ്ദേഹത്തിൽ നിന്ന് ഉചിതമായ പ്രതികരണം ഉണ്ടാകണമെന്നും ജനീഷ് ആവശ്യപ്പെട്ടു. കൂടാതെ, മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവന യൂത്ത് കോൺഗ്രസിന്റെ നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കെതിരെ പാർട്ടി നടപടി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും ജനീഷ് കൂട്ടിച്ചേർത്തു. 

Tags:    

Similar News