ദോഹ പുസ്തകമേളയില്‍ മലയാളത്തിന്റെ നിറസാന്നിധ്യമായി ഐ.പി.എച്ച്

Update: 2025-05-15 12:04 GMT
ദോഹ പുസ്തകമേളയില്‍ മലയാളത്തിന്റെ നിറസാന്നിധ്യമായി ഐ.പി.എച്ച്
  • whatsapp icon

ദോഹ: മുപ്പത്തിനാലാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയില്‍ മലയാളത്തിന്റെ നിറസാന്നിധ്യമറിയിച്ച് ഐ.പി.എച്ച് പവലിയന്‍ ശ്രദ്ധേയമാവുന്നു. ദോഹ എക്‌സിബിഷന്‍ & കണ്‍വന്‍ഷന്‍ സെന്ററില്‍ നാളെ സമാപിക്കുന്ന മേളയിലെ ഏക മലയാള പങ്കാളിത്തമാണ് H3-58 പവലിയനിലുള്ള ഐ.പി.എച്ച്.

സാംസ്‌കാരിക വകുപ്പ് മന്ത്രി ശൈഖ് അബ്ദുറഹ്‌മാന്‍ ബിന്‍ ഹമദ് ആല്‍ഥാനി, ഔഖാഫ്-മതകാര്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഗാനിം ആല്‍ഥാനി, സിറിയന്‍ സാംസ്‌കാരിക മന്ത്രി മുഹമ്മദ് യാസീന്‍ അല്‍സാലിഹ്, ഖത്തരി ഓദേഴ്‌സ് ഫോറം ഡയറക്ടര്‍ ഡോ. ആയിശ ജാസിം അല്‍കുവാരി, അര്‍ജന്റീനന്‍ അംബാസഡര്‍ ഗ്വിലെര്‍മോ ലൂയിസ് നിക്കോളാസ്, കമ്മ്യൂണിറ്റി പ്രതിനിധികള്‍, തുടങ്ങിയ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ഐ.പി.എച്ച് സ്റ്റാള്‍ സന്ദര്‍ശിച്ചു. സി.ഐ.സി ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട്, കേന്ദ്ര കമ്മിറ്റി അംഗം നൗഫല്‍ പാലേരി, ഐ.പി.എച്ച് മാനേജര്‍ സിറാജ്, ഫര്‍ഹാന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അതിഥികളെ സ്വീകരിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ പുസ്തകപ്രേമികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടതെന്ന് സിറാജ് പറഞ്ഞു. ഐ.പി.എച്ചിന്റെ പ്രസാധനത്തിലുള്ള പുസ്തകങ്ങള്‍ക്ക് പുറമെ ഡി.സി, മാതൃഭൂമി, പ്രതീക്ഷ, ബുക്ക് പ്ലസ്, ഒലിവ്, അദര്‍ ബുക്‌സ്, മാധ്യമം ബുക്‌സ്, യുവത ബുക്‌സ് തുടങ്ങിയവയുടേതടക്കം അറുന്നൂറിലധികം മലയാള പുസ്തകങ്ങള്‍ ലഭ്യമാണ്.

ഇസ്ലാമിക വിജ്ഞാനകോശം, തഫ്ഹീമുല്‍ ഖുര്‍ആന്‍, ഹദീസ്, ചരിത്രം, ഫലസ്തീന്‍, കുടുംബം തുടങ്ങിയ പാക്കേജുകളിലായി പുസ്തകങ്ങള്‍ മികച്ച വിലയില്‍ ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ മലയാളി പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങളും ലഭ്യമാണ്.

Similar News