അടുത്ത രണ്ട് ദിവസം സൂക്ഷിക്കണം; മുൻകരുതലുകൾ കൃത്യമായി പാലിക്കണം; ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്; ഖത്തറിലെ കാലാവസ്ഥയിൽ വീണ്ടും മാറ്റം
ദോഹ: ഖത്തറിൽ അടുത്ത രണ്ട് ദിവസത്തേക്ക് ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒക്ടോബർ 29, 30 തീയതികളിലാണ് കാറ്റ് ശക്തമാകാൻ സാധ്യതയുള്ളത്. ഈ പ്രതിഭാസം കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊടിപടലം ഉയർന്ന് ദൂരക്കാഴ്ചയെ ബാധിക്കാനുള്ള സാധ്യതയുണ്ട്.
വാഹനമോടിക്കുന്നവർ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. പൊടിപടലം മൂലം ദൂരക്കാഴ്ച കുറയുന്നത് അപകടങ്ങൾക്ക് കാരണമായേക്കാം. അതിനാൽ, യാത്ര ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്.
അതേസമയം, സമുദ്ര മേഖലകളിലും ജാഗ്രതാ നിർദ്ദേശങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കടലിൽ യാത്ര ചെയ്യുന്നവർക്കും തീരദേശങ്ങളിൽ താമസിക്കുന്നവർക്കും ഇത് ബാധകമായിരിക്കും. ശക്തമായ കാറ്റിന്റെ തീവ്രതയും വ്യാപനവും കാലാവസ്ഥാ വകുപ്പ് നിരീക്ഷിച്ചുവരികയാണ്.