രാവിലെ തന്നെ ഖത്തർ എയർവെയ്‌സുമായി പൈലറ്റ് ലണ്ടനിലേക്ക് പറന്നു; ഒടുവിൽ കുടുങ്ങി കിടന്ന യാത്രക്കാർക്ക് ആശ്വാസം; വ്യോമപാത ഭാഗികമായി തുറന്ന് ഖത്തർ

Update: 2026-03-07 10:44 GMT

ദോഹ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യങ്ങളെത്തുടർന്ന് അടച്ചിട്ടിരുന്ന ഖത്തറിൻ്റെ വ്യോമപാത ഭാഗികമായി തുറന്നു. ഫെബ്രുവരി 28 മുതൽ ഇറാൻ്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തുടർന്നായിരുന്നു ഖത്തർ വ്യോമപാത പൂർണ്ണമായി അടച്ചിട്ടിരുന്നത്. നിലവിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സുരക്ഷിതമായി സ്വന്തം രാജ്യങ്ങളിലേക്ക് എത്തിക്കുന്നതിനും, അത്യാവശ്യ ചരക്ക് നീക്കം സുഗമമാക്കുന്നതിനുമുള്ള വിമാനങ്ങൾക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. സാധാരണ വാണിജ്യ വിമാനങ്ങൾക്കുള്ള യാത്രാ വിലക്ക് തുടരുമെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (QCAA) ഔദ്യോഗികമായി അറിയിച്ചു.

വ്യോമസേനയുമായി ഏകോപിപ്പിച്ച് അതീവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിശ്ചിത റൂട്ടുകളിലൂടെയും, കർശനമായി നിയന്ത്രിത തോതിലുമായിരിക്കും വിമാനങ്ങൾക്ക് പ്രവർത്തനാനുമതി നൽകുക. മേഖലയിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യം കണക്കിലെടുത്ത്, സുരക്ഷാ നടപടികൾക്ക് അതീവ പ്രാധാന്യം നൽകിയാണ് ഈ ഭാഗികമായ തുറന്നുവിടൽ. വ്യോമപാത അടച്ചതുമുതൽ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മാത്രം ഏകദേശം 2000 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇത് ആയിരക്കണക്കിന് യാത്രക്കാരെയും ആഗോള ചരക്ക് നീക്കത്തെയും കാര്യമായി പ്രതിസന്ധിയിലാക്കിയിരുന്നു.

ഈ ഭാഗികമായ തുറന്നുവിടലിന് പിന്നാലെ, ദോഹയിൽ നിന്ന് ഇന്ന് രാവിലെ ലണ്ടനിലേക്ക് ആദ്യ വിമാനം പുറപ്പെട്ടു. പാരീസ്, മാഡ്രിഡ്, റോം, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലേക്കും ഇന്ന് പ്രത്യേക സർവീസുകൾ നടത്തുമെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന കുടുംബങ്ങൾ, പ്രായമായവർ, അടിയന്തര ചികിത്സ ആവശ്യമുള്ളവർ എന്നിവർക്കായിരിക്കും ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ മുൻഗണന ലഭിക്കുക. ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ യാത്രക്കാർ വിമാനത്താവളത്തിലേക്ക് വരരുതെന്ന് ഖത്തർ എയർവേസ് കർശന നിർദേശം നൽകിയിട്ടുണ്ട്. മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിലും, യാത്രാദുരിതത്തിലായ ആയിരക്കണക്കിന് ആളുകൾക്ക് ഈ നടപടി വലിയ ആശ്വാസമാണ് നൽകുന്നത്.

Tags:    

Similar News