ഖത്തറിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സൗദി വഴി മടങ്ങാം; എംബസി രജിസ്‌ട്രേഷൻ തുടങ്ങി; വിസ കാലാവധി നീട്ടി ഖത്തർ ആഭ്യന്തര മന്ത്രാലയം; സുരക്ഷാ നിർദേശങ്ങൾ പാലിക്കാൻ എംബസിയുടെ അറിയിപ്പ്

Update: 2026-03-06 15:51 GMT

ദോഹ: പശ്ചിമേഷ്യയിലെ വ്യോമപാത നിയന്ത്രണങ്ങളെത്തുടർന്ന് ഖത്തറിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ആശ്വാസം. ട്രാൻസിറ്റ് വിസയിലുള്ളവർക്ക് സൗദി അറേബ്യ വഴി നാട്ടിലേക്ക് മടങ്ങാൻ ദോഹയിലെ ഇന്ത്യൻ എംബസി സൗകര്യമൊരുക്കി. ഇതിനായുള്ള പ്രത്യേക രജിസ്‌ട്രേഷൻ ലിങ്ക് എംബസി തുറന്നു. സൗദിയിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാൻ കൺഫേം ടിക്കറ്റുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

രജിസ്റ്റർ ചെയ്യേണ്ട വിധം

അർഹരായ ഇന്ത്യൻ പൗരന്മാർക്ക് https://forms.gle/oTwqEQYa4z220X4W7 എന്ന ലിങ്ക് വഴി വിവരങ്ങൾ സമർപ്പിക്കാം. ഖത്തറിലേക്കുള്ള ഇൻവേഡ് ഫ്‌ളൈറ്റ് ടിക്കറ്റ്, സൗദിയിൽ നിന്നുള്ള കൺഫേം ടിക്കറ്റ് എന്നിവയുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം നൽകണം. സൽവ അതിർത്തി ക്രോസിങ് വഴി വിമാനത്താവളത്തിലേക്കുള്ള യാത്രയുടെ ക്രമീകരണങ്ങൾ യാത്രക്കാർ സ്വയം ചെയ്യേണ്ടതാണ്. അപേക്ഷ നൽകിയ ശേഷം ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ എംബസിക്ക് കുറഞ്ഞത് 48 മണിക്കൂർ സമയം ആവശ്യമാണ്. യുഎസ്, യുകെ, അല്ലെങ്കിൽ ഷെങ്കൻ വിസകൾ കൈവശമുള്ളവർക്കും (കുറഞ്ഞത് ഒരു തവണയെങ്കിലും ഉപയോഗിച്ചിരിക്കണം) സൗദിയിൽ ഓൺ അറൈവൽ വിസ ലഭിക്കും. മറ്റുള്ളവർക്ക് നടപടിക്രമങ്ങൾ അനുസരിച്ച് വിസയ്ക്ക് അപേക്ഷിക്കാം.

ജാഗ്രത പാലിക്കണം

നിലവിലെ സുരക്ഷാ സാഹചര്യം പരിഗണിച്ചു ഖത്തർ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എംബസി ഓർമിപ്പിച്ചു. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. ജനാലകളിൽ നിന്നും തുറന്ന പ്രദേശങ്ങളിൽ നിന്നും അകലം പാലിക്കണം. അധികൃതരുടെ അറിയിപ്പുകൾ എംബസി സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്നുണ്ട്.

ഖത്തർ വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്നതിനാൽ വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. ഖത്തർ എയർവേയ്‌സ് അടുത്ത അപ്‌ഡേറ്റ് മാർച്ച് 7-ന് രാവിലെ 9 മണിക്ക് നൽകും. കാലാവധി കഴിഞ്ഞതോ അവസാനിക്കാറായതോ ആയ എൻട്രി വിസകളുടെ കാലാവധി ഖത്തർ ആഭ്യന്തര മന്ത്രാലയം ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി (ഫെബ്രുവരി 28 മുതൽ പ്രാബല്യം).

ഹെൽപ്പ്‌ലൈൻ: സഹായങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം: +974 55647502, +974 55362508. ഇമെയിൽ: cons.doha@mea.gov.in.

Tags:    

Similar News