തിരുവനന്തപുരം: ഡെബിറ്റ് കാര്‍ഡിനെപ്പോലെ തന്നെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിക്കുകയാണ് ക്രെഡിറ്റ് കാര്‍ഡിനും. നിശ്ചിത കാലയളവിലേക്ക് പലിശ പോലും നല്‍കാതെ വായ്പ വരെ ലഭിക്കുമെന്നതാണ് ക്രെഡിറ്റ് കാര്‍ഡിന് ഇത്രയേറെ സ്വീകാര്യത കൂടാന്‍ കാരണം.

അതിനാല്‍ തന്നെ പ്രധാന ബാങ്കുകള്‍ ഉള്‍പ്പടെ വലിയ അളവില്‍ ക്രെഡിറ്റ് കാര്‍ഡിനെ പ്രമോട്ട് ചെയുന്നുമുണ്ട്. ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ ക്രെഡിറ്റ് കാര്‍ഡിനെപോലെ ഉപകാരപ്രദമായ സാമ്പത്തിക സ്രോതസ്സ് തന്നെ വിരളമാണ്. പക്ഷെ ഉപയോഗം ഒന്ന് അയഞ്ഞാലോ പണി എപ്പോള്‍ കിട്ടിന്ന് ചോദിച്ച മതി..

എന്നാല്‍ കാര്‍ഡിന്റെ കൂടെ നമുക്ക് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പേപ്പര്‍ സസൂക്ഷ്മം പരിശോധിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് ഒക്കെ എളുപ്പത്തില്‍ പരിഹാരം കാണാം. കാര്‍ഡ് സ്വന്തമാക്കുന്നവര്‍ ഇവയുടെ കേവല ഉപയോഗം അല്ലാതെ മറ്റു കാര്യങ്ങള്‍ മനസിലാക്കുന്നില്ലെന്നതാണ് സത്യം. കാര്യങ്ങള്‍ മനസിലാക്കതെയുള്ള ഉപയോഗമാണ് പലരെയും വലിയ സാമ്പത്തിക ബാധ്യതകളില്‍ ചെന്നെത്തിക്കുന്നത്.

ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും, ബാങ്കുകളും വ്യത്യസ്ത പേരുകളില്‍ ഗണ്യമായ ഫീസ് ഈടാക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് മനസിലാക്കിയാല്‍ അറിഞ്ഞ് തന്നെ കൃത്യമായ രീതിയില്‍ ക്രെഡിറ്റ് കാര്‍ഡിനെ ഉപയോഗിക്കാം.

കാര്‍ഡ് തിരിച്ചടി തരാതിരിക്കാന്‍ ഉള്ള ചില മാര്‍ഗ്ഗങ്ങള്‍ ആണ് പരിചയപ്പെടുത്തുന്നത്..

ജോയിനിംഗ് ഫീയും വാര്‍ഷിക ചാര്‍ജുകളും

മിക്ക ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ജോയിനിംഗ് ഫീസും, വാര്‍ഷിക ചാര്‍ജും ആവശ്യമാണ്. ജോയിനിംഗ് ഫീസ് ഒറ്റത്തവണ പേയ്‌മെന്റാണ്. അതേസമയം വാര്‍ഷിക ചാര്‍ജ് എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്നു. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ചിലര്‍ ഇവ ഒഴിവാക്കിയും നല്‍കാറുണ്ട്. നിശ്ചിത തുകയ്ക്കു മുകളിലുള്ള ഇടപാടുകള്‍ ഒരുപക്ഷെ നിങ്ങളുടെ വാര്‍ഷിക ചാര്‍ജും ഒഴിവാക്കിയേക്കാം.

ഓവര്‍ ലിമിറ്റ് ഫീ

ഒരു ബാങ്കിന്റെ എടിഎം കാര്‍ഡ് മറ്റ് ബാങ്കില്‍ ഉപയോഗിക്കുമ്പോള്‍ പരിധിയും ചാര്‍ജും ഈടാക്കുന്നില്ലെ.. അതിന് സമാനമാണ് ഇവിടെയും. ചില കാര്‍ഡുകള്‍ പരിധിക്കപ്പുറവും ഉപയോക്താക്കളെ ഉപയോഗിക്കാന്‍ അനുവദിക്കുന്നു. അത്തരം ഇടപാടുകള്‍ക്ക് ബാങ്കുകളോ, കാര്‍ഡ് കമ്പനികളോ ഓവര്‍ലിമിറ്റ് ഫീസ് ഈടാക്കുന്നു. ഇതൊരു ഓവര്‍ ഡ്രാഫ്റ്റ് സൗകര്യമാണ്. ചില ഉപയോക്താക്കള്‍ ഇതുമൂലം പരിധി അറിയാതെ ഉപയോഗിക്കുന്നു. ഇതു വലിയ സാമ്പത്തിക ബാധ്യതയിലേയ്ക്കു നയിക്കുന്നു.

ഫിനാന്‍സ് ചാര്‍ജുകള്‍

നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബില്‍ മുഴുവനായും അടച്ചില്ലെങ്കില്‍, ബാക്കിയുള്ള ബാലന്‍സിന് ബാങ്ക് ഫിനാന്‍സ് ചാര്‍ജുകള്‍ ബാധകമാക്കുന്നു. മുഴുവന്‍ ബില്ലും അടയ്ക്കുക എന്നതാണ് ഇത് ഒഴിവാക്കുനുള്ള മാര്‍ഗം. മിനിമം പണം അടയ്ക്കുന്നത് ബാക്കി തുകയ്ക്ക് ഉയര്‍ന്ന പലിശയ്ക്ക് വഴിവയ്ക്കും. ഇതു നിങ്ങളുടെ ബാധ്യത വര്‍ധിപ്പിച്ചുകൊണ്ടിരിക്കും.

ക്യാഷ് അഡ്വാന്‍സ് ഫീസ്

നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനികളോ, ബാങ്കുകളോ ഈ ഫീസ് ചുമത്തുന്നു. നിശ്ചിത തുകയ്ക്ക് നിശ്ചിത ചാര്‍ജ് ബാധകമാണ്. ഇതു ബാങ്കുകള്‍ക്ക് അനുസരിച്ചും, നിങ്ങളുടെ കൈവശമുള്ള കാര്‍ഡിന്റെ തരമനുസരിച്ചും മാറാം. ക്രെഡിറ്റ് കാര്‍ഡുകള്‍ കാര്‍ഡ് പിന്‍വലിക്കല്‍ പ്രോല്‍സാഹിപ്പിക്കുന്നില്ല. അതിനാല്‍ തന്നെ ഈ നിരക്ക് താരതമ്യേന ഉയര്‍ന്നതാകും.

പെട്രോള്‍ പമ്പുകളിലെ സര്‍ചാര്‍ജ്

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പെട്രോളോ, ഡീസലോ വാങ്ങുമ്പോള്‍ സര്‍ചാര്‍ജ് ഈടാക്കുന്ന വിവരം പല കാര്‍ഡ് ഉപയോക്താക്കള്‍ക്കും അറിയില്ല. ഇന്ധനം നിറയ്ക്കലുകള്‍ക്കായാണു നിങ്ങള്‍ കാര്‍ഡ് എടുക്കുന്നതെങ്കില്‍ ഫ്യുവല്‍ കാര്‍ഡുകള്‍ എടുക്കുക. ക്രെഡിറ്റ് കാര്‍ഡുകള്‍ അല്ല നിങ്ങള്‍ക്ക് ആവശ്യം.

ഫോറെക്സ് മാര്‍ക്ക്അപ്പ് ഫീസ്

വിദേശ ഇടപാടുകള്‍ക്കായി നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍, കാര്‍ഡ് കമ്പനികള്‍ ഫോറെക്സ് മാര്‍ക്ക്അപ്പ് ഫീസ് പ്രയോഗിക്കുന്നു. ഇതു ബാങ്കിനും, കാര്‍ഡുകള്‍ക്കും അനുസരിച്ച് മാറും.

കാര്‍ഡ് റീപ്ലേസ്‌മെന്റ് ഫീസ്

ഒരു കാര്‍ഡ് നഷ്ടപ്പെടുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍, പകരം കാര്‍ഡ് നല്‍കാന്‍ കമ്പനികള്‍ ഈടാക്കുന്ന നിരക്കാണിത്. ഒട്ടുമിക്ക എല്ലാ കാര്‍ഡ് ഇഷ്യൂവറും ഇതു ഈടാക്കുന്നു. അടുത്തിടെ ഈ നിരക്ക് ചിലര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡുകളുടെ റീപ്ലേസ്മെന്റ് നിരക്ക് താരതമ്യേന ഡെബിറ്റ് കാര്‍ഡുകളേക്കാള്‍ കൂടുതലാണ്. അതിനാല്‍ സൂക്ഷിച്ച് ഉപയോഗിക്കുക.