കോഴഞ്ചേരി: ഉത്രാടരാവിൽ ദീപങ്ങൾ തീർത്ത പ്രഭാവലയത്തിൽ ആറന്മുള ഭഗവാനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി കാട്ടൂർ കടവിൽ നിന്ന് പുറപ്പെട്ടു. തിരുവോണ നാളിൽ പുലർച്ചെ ആറന്മുള പാർഥസാരഥി ക്ഷേത്രക്കടവിൽ തോണിയെ ഉപചാരപൂർവം വരവേൽക്കും.

പമ്പയുടെ അടിത്തട്ട് തെളിഞ്ഞു കിടക്കുകയാണ്. കൊടുംവേനലിൽ മൺപുറ്റുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ആചാര പ്രകാരം തോണിയാത്രയ്ക്ക് ഇക്കുറി നേതൃത്വം നൽകുന്നത് മങ്ങാട്ട് രവീന്ദ്ര ബാബു ഭട്ടതിരിയാണ്. അദ്ദേഹം ആറന്മുളയിൽ നിന്നും കാട്ടൂരിലെത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു. വെച്ചൂർ മനയിലെ വിശ്രമ ശേഷം അയിരൂർ പുതിയകാവ് ദേവീ ക്ഷേത്രത്തിലെ ഉച്ചപൂജ തൊഴുതാണ് ഭട്ടതിരി കാട്ടൂർ ക്ഷേത്രക്കടവിലെത്തിയത്. ഭട്ടതിരിയെ തിരുവോണ തോണി കമ്മറ്റി ഭാരവാഹികളും 18 നായർ കുടുംബ പ്രതിനിധികളും ദേവസ്വം ഉദ്യോഗസ്ഥരും ചേർന്ന് ആചാരപൂർവ്വം വരവേറ്റു .

കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ദീപാരാധന തൊഴുത ശേഷം ഓണവിഭവങ്ങൾ തോണിയിൽ കയറ്റാൻ ഭട്ടതിരി നിർദ്ദേശിച്ചു. ഉപ്പ് മുതൽ സദ്യക്ക് ആവശ്യമുള്ള വിഭവങ്ങൾ തോണിയിൽ കയറ്റി. കൊടിയും കുടയും പലകയുമടക്കമുള്ള സാധനങ്ങളും തോണിയിലേറ്റി. ക്ഷേത്ര ശ്രീകോവിലിൽ നിന്ന് മേൽശാന്തി പകർന്ന് നൽകിയ ദീപം ഏറ്റുവാങ്ങി ഭട്ടതിരിയും തോണിയിലേറി. തുടർന്ന് തോണിയിൽ പ്രത്യേകം തയാറാക്കിയ പീഠത്തിൽ ദീപം സ്ഥാപിച്ചു.

ഈ ദീപമാണ് അടുത്ത ഒരുവർഷം ആറന്മുള പാർഥസാരഥിയുടെ ശ്രീലകത്തെ കെടാവിളക്കിൽ തെളിയുന്നത്. ഭക്തി സാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ മങ്ങാട്ട് ഭട്ടതിരി തോണിയിൽ കയറിയതോടെ നായർ കുടുംബാംഗങ്ങളും ദേവസ്വം ഉദ്യോഗസ്ഥരും ഒപ്പം കയറി. ഭട്ടതിരിയുടെ അനുജ്ഞ ലഭിച്ചതോടെ യാത്രക്ക് തുടങ്ങി. തോണി മൂന്ന് വള്ളപ്പാട് കിഴക്ക് ദിശയിലേക്ക് തുഴഞ്ഞ് നീങ്ങി വടക്ക് ഭാഗത്തേക്ക് തിരിഞ്ഞ് പടിഞ്ഞാറ് ദിശയിലേക്ക് മാറി ആറന്മുള ലക്ഷ്യമാക്കി തുഴഞ്ഞ് നീങ്ങിയപ്പോൾ സമീപ പള്ളിയോടങ്ങൾ അകമ്പടിയായി.

അയിരൂർ മഠത്തിലെത്തിയ തോണിക്ക് ആദ്യ വരവേൽപ്പ് അവിടെ ലഭിച്ചു. മഠത്തിലെ ദീപാരാധനയ്ക്കു ശേഷം പുറപ്പെട തോണിക്ക് മേലുകര വെച്ചൂർ മനയിലും സ്വീകരണം ലഭിച്ചു. മനയിലെ ദീപാരാധനയ്ക്കും നാരായണീയ പാരായണത്തിനും ശേഷം പുറപ്പെട്ട തോണിക്ക് ഇടനാട്ട്കാവ്, തേവരക്കുന്ന് ക്ഷേത്രക്കടവുകളിലും പമ്പയുടെ ഇരുകരകളിലും ഭക്തർ മൺെചരാത് ഒഴുക്കിയും വായ്ക്കുരവയിട്ടും വഞ്ചിപ്പാട്ട് പാടിയും സ്വീകരണം നൽകി.

കോട്ടയം കുമാരനല്ലൂർ മങ്ങാട്ടില്ലത്തെ മൂപ്പുമുറക്കാരൻ രവീന്ദ്രബാബു ഭട്ടതിരിയാണ് ഇത്തവണ തിരുവോണ തോണിക്ക് നായകത്വം വഹിക്കുന്നത്. പരമ്പരാഗതമായി ലഭിച്ച ഈ അവകാശം നാലാം തവണയാണ് വിനിയോഗിക്കാൻ കഴിയുന്നത്. ആറന്മുള കാട്ടൂർ കരക്കാർ പാർഥസാരഥി ഭഗവാന് തിരുവോണത്തോണിയിൽ പരമ്പരാഗത ആചാരങ്ങളോടെ നിറയ്ക്കുന്ന വിഭവങ്ങൾ വർഷംതോറും തിരുനടയിൽ സമർപ്പിക്കുക എന്ന നിയോഗമാണ് മങ്ങാട്ടില്ലത്തെ കാരണവർക്കുള്ളത്.