ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഇന്ന്; ചങ്ങനാശേരി മെത്രാപ്പൊലീത്തന്‍ പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികനാകും

ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഇന്ന്

Update: 2024-10-31 01:15 GMT

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഇന്നു രാവിലെ ചങ്ങനാശേരി മെത്രാപ്പൊലീത്തന്‍ പള്ളിയില്‍ നടക്കും. രാവിലെ 9നു പള്ളിയങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്ഥാനാരോഹണ ശുശ്രൂഷ ആരംഭിക്കും. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികനാകും.

മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരാകും. തുടര്‍ന്നു മാര്‍ തോമസ് തറയിലിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന. ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ.നെറ്റോ സന്ദേശം നല്‍കും. കുര്‍ബാനയ്ക്കുശേഷം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ലിയോപോള്‍ദോ ജിറെല്ലി പ്രസംഗിക്കും. 11.45നു പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. അതിരൂപതയുടെ അധ്യക്ഷസ്ഥാനത്തുനിന്നു വിരമിക്കുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനുള്ള നന്ദിപ്രകാശനച്ചടങ്ങും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

സമ്മേളനത്തില്‍ സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ, മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, വി.എന്‍.വാസവന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എന്നിവര്‍ പ്രസംഗിക്കും. ചങ്ങനാശേരി നഗരത്തില്‍ ഇന്നു രാവിലെ 8 മുതല്‍ ഗതാഗത നിയന്ത്രണമുണ്ട്.

Tags:    

Similar News