സര്‍വമതസമ്മേളനത്തിന് വത്തിക്കാനില്‍ തുടക്കമായി; സമ്മേളനത്തെ ആശീര്‍വദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നു സംസാരിക്കും: ഗുരു രചിച്ച 'ദൈവദശകം' ഇറ്റാലിയന്‍ ഭാഷയില്‍ മൊഴിമാറ്റി ആലപിക്കും

സര്‍വമതസമ്മേളനത്തിന് വത്തിക്കാനില്‍ തുടക്കമായി

Update: 2024-11-30 02:08 GMT

വത്തിക്കാന്‍ സിറ്റി: ശിവഗിരിമഠം വത്തിക്കാനില്‍ നടത്തുന്ന സര്‍വമതസമ്മേളനത്തിന് ഇന്നലെ തുടക്കമായി. സന്യാസികളും മതാചാര്യന്മാരും അടക്കം നിരവധി പേരാണ് വത്തിക്കാനിലെ ഈ സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.സമ്മേളനത്തെ ആശീര്‍വദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നു സംസാരിക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മാര്‍പാപ്പയുടെ അഭിസംബോധന. ഗുരു രചിച്ച 'ദൈവദശകം' പ്രാര്‍ഥന സമ്മേളനത്തിന്റെ തുടക്കത്തില്‍ ഇറ്റാലിയന്‍ ഭാഷയില്‍ മൊഴിമാറ്റം ചെയ്ത് ആലപിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും വിവിധ മതപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഇന്ന് ദൈവദശകം വത്തിക്കാനില്‍ മുഴങ്ങുക.

വത്തിക്കാന്‍ സ്‌ക്വയറില്‍ ഉച്ചയ്ക്ക് 2.30നു ചേരുന്ന സര്‍വമതസമ്മേളനത്തിലെ പ്രത്യേക സെഷനുകള്‍ കര്‍ദിനാള്‍ ലസാരു ഹ്യൂങ് സിക് ഉദ്ഘാടനം ചെയ്യും. ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും. സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സമ്മേളന ലക്ഷ്യങ്ങള്‍ വിശദമാക്കും. സ്വാമി സച്ചിദാനന്ദ തയാറാക്കിയ 'സര്‍വമത സമ്മേളനം' എന്ന കൃതിയുടെ ഇറ്റാലിയന്‍ പരിഭാഷയും 'ഗുരുവും ലോകസമാധാനവും' എന്ന പുസ്തകത്തിന്റെ ഇംഗ്ലിഷ് പതിപ്പും പ്രകാശനം ചെയ്യും.

മതസമ്മേളനത്തില്‍ റോമിലെ ജോര്‍ജിയന്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍ഫെയ്‌സ് ഡയലോഗിന്റെ അധ്യക്ഷന്‍ ഫാ. മിഥുന്‍ ജെ. ഫ്രാന്‍സിസ് മോഡറേറ്ററാകും. ഇന്നത്തെ പ്രധാന സെഷനുകളില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, കര്‍ണാടക സ്പീക്കര്‍ യു.ടി.ഖാദര്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ചാണ്ടി ഉമ്മന്‍ എംഎല്‍എ, ഫാ. ഡേവിസ് ചിറമ്മല്‍, സ്വാമി വീരേശ്വരാനന്ദ, സ്വാമി ശുദ്ധാനന്ദഗിരി തുടങ്ങിയവര്‍ പ്രസംഗിക്കും. വിവിധ രാജ്യങ്ങളിലെ മതവിഭാഗങ്ങളില്‍നിന്നുള്ള സമ്മേളന പ്രതിനിധികളുടെ സ്‌നേഹസംഗമത്തോടെയാണ് ഇന്നലെ സര്‍വമത സമ്മേളനത്തിനു തുടക്കമായത്. നാളെ സമ്മേളനവേദിയില്‍ ഇറ്റലിയിലെ ജനപ്രതിനിധികളും സമ്മേളന പ്രതിനിധികളും ഒത്തുചേരുന്ന മതപാര്‍ലമെന്റ് നടക്കും.

ശിവഗിരി മഠം വത്തിക്കാനില്‍ സംഘടിപ്പിക്കുന്ന ലോക സര്‍വമത സമ്മേളന വേദിയില്‍ ഇന്ന് ഇറ്റാലിയന്‍ ഭാഷയിലുള്ള 'ദൈവദശകം' ആലപിക്കുമ്പോള്‍ വൈപ്പിന്‍ ഇളങ്കുന്നപ്പുഴ സ്വദേശി സിസ്റ്റര്‍ ആശ ജോര്‍ജിന് ധന്യനിമിഷം. ശ്രീനാരായണഗുരു രചിച്ച ഈ പ്രാര്‍ഥനാഗീതം, സിസ്റ്റര്‍ ആശ ജോര്‍ജാണ് സുഹൃത്തും സൈക്യാട്രിസ്റ്റും ആയ ഇറ്റലിയിലെ ഡോ.അര്‍ക്കിമേദെ റുജേറോയുടെ സഹായത്തോടെ ഇറ്റാലിയന്‍ ഭാഷയിലേക്കു മൊഴി മാറ്റിയത്. ദൈവദശകം 100 ലോക ഭാഷകളില്‍ മൊഴി മാറ്റി പ്രചരിപ്പിക്കുന്ന 'ദൈവദശകം വിശ്വവിശാലയതിലേക്ക്' പദ്ധതിയുടെ ഭാഗമായി 2017 ല്‍ ആണ് ഇറ്റാലിയന്‍ ഭാഷയിലേക്കു മൊഴി മാറ്റിയത്.

Tags:    

Similar News