അറിവിന്റെ തീര്‍ത്ഥാടനം നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍; ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ ഡോ. എം വെങ്കിട്ടാചലം ഉദ്ഘാടനം ചെയ്യുമ്പോള്‍ മുഖ്യാതിഥികളായി ഷാജന്‍ സ്‌കറിയയും നടന്‍ ശോധന്‍ പ്രസാദ് അട്ടവരും; ശ്രീനാരായണീയര്‍ ആവേശത്തില്‍
അറിവിന്റെ തീര്‍ത്ഥാടനം നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍
വൂള്‍വര്‍ഹാംപ്ടണ്‍: ശ്രീനാരായണ ഗുരു വിഭാവനംചെയ്ത ആത്മീയ ഉന്നതിയിലേക്കുള്ള സഞ്ചാരത്തിന്റെ ഓര്‍മ പുതുക്കലാണ് ഓരോ ശിവഗിരി തീര്‍ത്ഥാടനവും. ശ്രീനാരായണീയര്‍ നെഞ്ചോടു ചേര്‍ക്കുന്ന രണ്ടാം തീര്‍ത്ഥാടനത്തിന് നാളെ വൂള്‍വര്‍ഹാംപ്ടണിലെ ശിവഗിരി ആശ്രമത്തില്‍ തിരിതെളിയുമ്പോള്‍ ചടങ്ങില്‍ പങ്കെടുക്കുന്ന മഹദ് വ്യക്തികളെ എതിരേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് യുകെയിലെ ശ്രീനാരായണീയര്‍.
രാവിലെ ഒന്‍പതു മണിക്കാണ് സര്‍വ്വൈശ്വര്യപൂജയോട് കൂടി രണ്ടാം തീര്‍ത്ഥാടന പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. ഗുരു നിര്‍ദ്ദേശിച്ച ആത്മീയ ഔന്നത്യത്തിലേക്കുള്ള യാത്രയുടെ ചടങ്ങ് ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ മുരുകന്‍ വെങ്കിടാചലം ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി പ്രശസ്ത കന്നഡ നടനും നിര്‍മാതാവും ബില്ലവ സമുദായ നേതാവും ആയ ശോഭന്‍ പ്രസാദും മലയാളിയുടെ വാര്‍ത്താലോകത്തെ പ്രമുഖ വ്യക്തിത്വവും ആയ ഷാജന്‍ സ്‌കറിയയും പങ്കെടുക്കും. വെസ്റ്റ് മിഡ്ലാന്‍ഡ് ഹിന്ദു സമാജം പ്രസിഡന്റ് പത്മകുമാര്‍ എസ് പിള്ള മറ്റു സാമൂഹിക സാംസ്‌കാരിക നേതാക്കളും ചടങ്ങില്‍ പങ്കുചേരും.
രാവിലെ ഒന്‍പതു മുതല്‍ 10.30 വരെ നീണ്ടു നില്‍ക്കുന്ന സര്‍വൈശ്വര്യ പൂജയ്ക്കും ഗുരു പൂജയ്ക്കും ശേഷം ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശിവഗിരി തീര്‍ത്ഥാടന ഘോഷയാത്രയാണ് നടക്കുക. തുടര്‍ന്ന് ദൈവദശകം പ്രാര്‍ത്ഥനയോടെ ഉദ്ഘാടന ചടങ്ങും ആരംഭിക്കും. ശിവഗിരി ആശ്രമം യുകെ പ്രസിഡന്റ് സജീഷ് ദാമോദരന്‍ സ്വാഗത പ്രസംഗം നടത്തും. വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍ ശശിധരന്‍ അധ്യക്ഷനാകും.
തുടര്‍ന്ന് ഉദ്ഘാടനവും മുഖ്യാതിഥികളുടെ പ്രസംഗത്തിനും ശേഷം ഭിമ പ്രസിഡന്റ് പത്മകുമാര്‍ പിള്ളൈ, ശിവഗിരി ആശ്രമം യുകെ ട്രസ്റ്റിമാരായ സ്ലിബി കുമാര്‍, ഡോ. ബിജു പെരിങ്ങത്തറ, ജോയിന്റ് സെക്രട്ടറി ഗണേഷ് ശിവന്‍, സേവനം യുകെ ഗുരുമിത്ര കോര്‍ഡിനേറ്റര്‍ കലാ ജയന്‍, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ അനീഷ് കുമാര്‍, ട്രഷറര്‍ അനില്‍ കുമാര്‍ രാഘവന്‍, ശിവഗിരി ആശ്രമം യുകെ ട്രഷറര്‍ ദിലീപ് വാസുദേവന്‍, സേവനം യുകെ ഐടി കോര്‍ഡിനേറ്റര്‍ മധു രവീന്ദ്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും.
ശിവഗിരി ആശ്രമം യുകെ ജോയിന്റ് സെക്രട്ടറി ഗണേഷ് ശിവന്‍ നന്ദി അര്‍പ്പിക്കും. തുടര്‍ന്ന് ഉച്ചഭക്ഷണവും മൂന്നു മണിയ്ക്ക് ശേഷം കലാപരിപാടികളും നടത്തി രാത്രി എട്ടു മണിയോടെ പരിപാടികളെല്ലാം അവസാനിക്കുന്നതാണ്. അറിവിന്റെ തീര്‍ത്ഥാടനം ആണ് നാളെ യുകെയിലെ ശിവഗിരിയില്‍ ആശ്രമത്തില്‍ നടക്കുന്നത്. ജാതിമത ഭേദമന്യേ ഏവരെയും ഈ തീര്‍ത്ഥാടനത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.