30 വര്‍ഷത്തെ പ്രവാസജീവിതത്തിനു തിരശ്ശീലയിട്ട് നാട്ടിലേയ്ക്ക് മടങ്ങുന്ന കൃഷ്ണന്‍ പേരാമ്പ്രയ്ക്ക് നവയുഗം യാത്രയയപ്പ് നല്‍കി
ദമ്മാം: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയുടെ ചരിത്രത്തോടൊപ്പം നടന്ന മൂന്നു പതിറ്റാണ്ടുകളുടെ പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം കേന്ദ്രകമ്മിറ്റിഅംഗവും, നാടകപ്രവര്‍ത്തകനുമായ കൃഷ്ണന്‍ പേരാമ്പ്രയ്ക്ക് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി.
നവയുഗം കേന്ദ്രകമ്മിറ്റി ഓഫിസ് ഹാളില്‍, നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്റെ അധ്യക്ഷതയില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ വെച്ച് നവയുഗം ജനറല്‍ സെക്രട്ടറി എം എ വഹിദ് കാര്യറ നവയുഗത്തിന്റെ ഉപഹാരം കൃഷ്ണന്‍ പേരാമ്പ്രയ്ക്ക് കൈമാറി. നവയുഗം കലാവേദിയുടെ ഉപഹാരം കലാവേദി പ്രസിഡഡന്റ് റിയാസ് മുഹമ്മദ് കൈമാറി.
നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറര്‍ സാജന്‍ കണിയാപുരം, കേന്ദ്രനേതാക്കളായ അരുണ്‍ ചാത്തന്നൂര്‍, നിസ്സാം കൊല്ലം, ശരണ്യ ഷിബു, മഞ്ജു അശോക്, പദ്മനാഭന്‍ മണിക്കുട്ടന്‍, സജീഷ് പട്ടാഴി, ഷീബ സാജന്‍, ആമിന റിയാസ്, ഷഫീക്ക് എന്നിവര്‍ ആശംസപ്രസംഗം നടത്തി.ചടങ്ങിന് ബിജു വര്‍ക്കി സ്വാഗതവും, ബിനുകുഞ്ഞു നന്ദിയും പറഞ്ഞു.
കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ കൃഷ്ണന്‍ നാട്ടില്‍ നാടകപ്രവര്‍ത്തനങ്ങളിലൂടെ സജീവമായിരുന്ന കാലത്താണ് ജീവിതപ്രാരാബ്ധങ്ങള്‍ കാരണം പ്രവാസിയായി സൗദി അറേബിയയില്‍ എത്തിയത്. ദമ്മാമിലെ ഒരു ഐസ്‌ക്രീം കമ്പനിയില്‍ ആണ് ജോലി ചെയ്തു വന്നിരുന്നത്.
നവയുഗം രൂപീകരിച്ച കാലം മുതല്‍ സജീവപ്രവര്‍ത്തകനായ കൃഷ്ണന്‍, സൗദിയിലെ സാമൂഹ്യസാംസ്‌ക്കാരിക മേഖലകളില്‍ ഒരു നാടകപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു. നവയുഗം കലാസന്ധ്യകളില്‍ നടനും സംവിധായകനും ആയി പഴയ നാടകങ്ങളുടെ രംഗാവിഷ്‌ക്കാരങ്ങള്‍ പുന:രവതരിപ്പിച്ചത് ആസ്വാദകരുടെ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. കെ പി എ സിയുടെ അശ്വമേധം, നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളുടെ രംഗാവിഷ്‌ക്കാരങ്ങള്‍ പ്രത്യേകം അഭിനന്ദനങ്ങള്‍ നേടിയിരുന്നു.ആരോഗ്യപരമായ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് പ്രവാസജീവിതം അവസാനിപ്പിയ്ക്കാന്‍ കൃഷ്ണന്‍ തീരുമാനിച്ചത്.