വരാനിരിക്കുന്നത് സൗര കൊടുങ്കാറ്റുകളുടെ കാലം; ഭൂമിയില്‍ സൗരകൊടുങ്കാറ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി നാസ; ആഗോള ആശയവിനിമയങ്ങളും തടസ്സപ്പെട്ടേക്കാമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
വരാനിരിക്കുന്നത് സൗര കൊടുങ്കാറ്റുകളുടെ കാലം; ഭൂമിയില്‍ സൗരകൊടുങ്കാറ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി നാസ
ഭൂമിയില്‍ സൗരകൊടുങ്കാറ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. സൂര്യന്‍ അപ്രതീക്ഷിതമായി അതിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ തുടങ്ങിയ പശ്ചാത്തലത്തിലാണ് ഈ പ്രതിഭാസം ഉണ്ടാകാന്‍ പോകുന്നത്. ഇത് കൂടുതല്‍ കഠിനമായ സൗര കൊടുങ്കാറ്റുകള്‍ക്ക് കാരണമാവുകയും ആഗോള ആശയവിനിമയത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
സൂര്യന്‍ ഏകദേശം 20 വര്‍ഷമായി ദുര്‍ബലമാകുകയാണ് എന്നാണ് നാസ വെളിപ്പെടുത്തിയത്.. പക്ഷേ 2008 ല്‍ അത് അതിശയകരമാംവിധം മാറുകയായിരുന്നു. പെട്ടെന്നാണ് സൂര്യന്റെ പ്രവര്‍ത്തനം ത്വരിതഗതിയിലായത്.
ഇതിന്റെ കാരണം എന്താണെന്ന് ഗവേഷകര്‍ ഇപ്പോഴും തെരഞ്ഞു കൊണ്ടിരിക്കുകയാണ്. 2008 മുതല്‍ സൗരവാതം, വേഗത, സാന്ദ്രത, താപനില, കാന്തികക്ഷേത്ര ശക്തി എന്നിവയില്‍ വര്‍ദ്ധനവോടെ വളര്‍ന്നുവെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇത് കൂടുതല്‍ ശക്തമായ സൗര കൊടുങ്കാറ്റുകള്‍ക്ക് കാരണമാകും. അവ പതിവായി ഭൂമിയില്‍ പതിക്കുകയും തടസ്സങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
ഭൂകാന്തിക കൊടുങ്കാറ്റുകള്‍ക്ക് വൈദ്യുതി ഗ്രിഡുകള്‍ക്ക് കേടുപാടുകള്‍ വരുത്താനും, വൈദ്യുതി തടസ്സപ്പെടാനും, ഉപഗ്രഹങ്ങളെ തടസ്സപ്പെടുത്താനും, ജി.പി.എസ് പോലുള്ള ആശയവിനിമയ സംവിധാനങ്ങളെ തടസ്സപ്പെടുത്താനും കഴിയും. ശക്തമായ കൊടുങ്കാറ്റുകള്‍ ഉത്തരധ്രുവത്തിന് കൂടുതല്‍ തെക്ക് ഭാഗങ്ങളിലാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുക. ഈ കൊടുങ്കാറ്റുകളുടെ കൃത്യമായ സമയവും ശക്തിയും പ്രവചിക്കാന്‍ പ്രയാസമാണ്, പക്ഷേ 2025 നും 2026 നും ഇടയില്‍ സൂര്യന്റെ നിലവിലെ 11 വര്‍ഷത്തെ കറക്കം ഉച്ചസ്ഥായിയിലെത്തുമ്പോള്‍ അവ കൂടുതല്‍ പതിവായി മാറിയേക്കാം.
കാലിഫോര്‍ണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ പ്രധാന ഗവേഷകനായ് ജാമി ജാസിന്‍സ്‌കി പറയുന്നത് സൂര്യന്‍ പതുക്കെ ഉണരുകയാണ് എന്നാണ്. സൗരകിരണങ്ങളുടെ തീവ്രത വര്‍ദ്ധിക്കുന്നത് ബഹിരാകാശ യാത്രക്കാര്‍ക്ക് പല പ്രശ്നങ്ങളും സൃഷ്ടിക്കും. കൂടാതെ ഉപഗ്രഹങ്ങളെയും ബഹിരാകാശ പേടകങ്ങളെയും തകരാറിലാക്കുകയും ദൈനംദിന ജീവിതത്തിന് നിര്‍ണായകമായ ആശയവിനിമയങ്ങളെയും നാവിഗേഷന്‍ സംവിധാനങ്ങളെയും തടസ്സപ്പെടുത്തുകയും ചെയ്യും എന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രി വൈകി ശക്തമായ ഭൂകാന്തിക കൊടുങ്കാറ്റിന്റെ ഫലമായി എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനത്തിന് വ്യാപകമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. 2008 മുതല്‍ സൗരവാതത്തിന്റെ വേഗത ആറ് ശതമാനം വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്.