ഇനി പണമിടപാടുകൾക്ക് കാത്തിരിക്കേണ്ട; യുപിഐ സേവനം അവതരിപ്പിക്കാനൊരുങ്ങി ബി.എസ്.എൻ.എൽ

Update: 2025-08-31 12:08 GMT

ന്യൂഡൽഹി: ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്കായി ഒരു കിടിലൻ വാർത്തയുമായി രംഗത്ത് വന്നിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ബി.എസ്.എൻ.എൽ തങ്ങളുടെ സെൽഫ് കെയർ ആപ്പിൽ യു.പി.ഐ. (UPI) സേവനം ആരംഭിക്കാൻ ഒരുങ്ങുകയാണ്. പ്രമുഖ ടെലികോം കമ്പനികളായ ജിയോയും എയർടെലും ഇതിനോടകം തന്നെ സമാന സേവനങ്ങൾ ലഭ്യമാക്കി തുടങ്ങിയപ്പോഴാണ് ബി.എസ്.എൻ.എൽ. പതിയെ ഈ വഴിയിലേക്ക് ചുവടുറപ്പിക്കുന്നത്.

ഇത് ഉപഭോക്താക്കൾക്ക് യാതൊരുവിധ തടസ്സവുമില്ലാതെ ഓൺലൈനായി പണം കൈമാറാനും സ്വീകരിക്കാനും സാധിക്കുന്ന ഒരു വലിയ മാറ്റമാണ്. ആപ്പ് സന്ദർശിക്കുമ്പോൾ കാണുന്ന ഒരു ബാനറിലാണ് ഈ വിവരം സൂചിപ്പിച്ചിരിക്കുന്നത്. 'ഭീം യു.പി.ഐ.' (BHIM UPI) പിന്തുണയോടെയാണ് ഈ സംവിധാനം പ്രവർത്തിക്കുക എന്നും ബാനറിൽ വ്യക്തമാക്കുന്നുണ്ട്. സേവനം എന്ന് മുതലാണ് ആരംഭിക്കുക എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും, ഈ നീക്കം ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്ക് ഒരുപോലെ സന്തോഷം നൽകുന്ന ഒന്നാണ്.

നിലവിൽ ബി.എസ്.എൻ.എൽ. സെൽഫ് കെയർ ആപ്പിലൂടെ റീച്ചാർജ് ചെയ്യാനും, ബിൽ അടയ്ക്കാനും, ലാൻഡ്‌ലൈൻ, ഫൈബർ സേവനങ്ങൾ ബുക്ക് ചെയ്യാനും സാധിക്കുന്നുണ്ട്. സ്വന്തം നമ്പറിൽ റീച്ചാർജ് ചെയ്യാനും മറ്റുള്ളവർക്ക് വേണ്ടി റീച്ചാർജ് ചെയ്തുകൊടുക്കാനും ഈ ആപ്പ് സഹായിക്കുന്നു. അമേരിക്കൻ കൺസൾട്ടിങ് സ്ഥാപനമായ ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പ് പങ്കാളിത്തത്തോടെ ബി.എസ്.എൻ.എൽ വലിയ തോതിലുള്ള നവീകരണ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നത്.

രാജ്യമെമ്പാടും 4ജി സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഒരു ലക്ഷത്തോളം ടവറുകൾ സ്ഥാപിക്കുന്നതിനൊപ്പം 4ജി വിന്യാസം പൂർത്തിയാക്കുന്നതോടെ 5ജി സേവനങ്ങളും ആരംഭിക്കാൻ ബി.എസ്.എൻ.എൽ. ലക്ഷ്യമിടുന്നു. ഇതെല്ലാം യാഥാർത്ഥ്യമാകുമ്പോൾ സ്വകാര്യ കമ്പനികളുമായി നേരിട്ട് മത്സരിക്കാൻ ബി.എസ്.എൻ.എൽ സജ്ജമാകും.

Tags:    

Similar News