ലോഗിൻ ചെയ്യാനും സേവനങ്ങൾ ഉപയോഗിക്കാനും കഴിയുന്നില്ല; ആഗോളതലത്തിൽ ചാറ്റ്‌ജിപിടി സേവനം തടസ്സപ്പെട്ടു; പ്രതികരിച്ച് ഓപ്പണ്‍എഐ
സാൻ ഫ്രാൻസിസ്കോ: ലോകത്തെ ഏറ്റവും പ്രചാരമുള്ള എഐ ചാറ്റ്ബോട്ടായ ചാറ്റ്‌ജിപിടിയുടെ സേവനം ആഗോളതലത്തിൽ തടസ്സപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് ഉപഭോക്താക്കൾക്ക് ചാറ്റ്‌ജിപിടി ആക്സസ് ചെയ്യുന്നതിൽ പ്രശ്നങ്ങൾ നേരിട്ടു തുടങ്ങിയത്. ഡൗൺ ഡിറ്റക്ടറിൽ ഇത് സംബന്ധിച്ച് ആയിരക്കണക്കിന് പരാതികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.25നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ലോഗിൻ ചെയ്യാനും സേവനങ്ങൾ ഉപയോഗിക്കാനും സാധിക്കാതെ വന്നതോടെയാണ് ഉപഭോക്താക്കൾ പരാതികളുമായി രംഗത്തെത്തിയത്. 12.56 ഓടെ പ്രശ്നം കൂടുതൽ വഷളാവുകയും വ്യാപകമാവുകയുമായിരുന്നു. എല്ലാ പ്ലാറ്റ്‌ഫോമുകളിലും ചാറ്റ്‌ജിപിടി സേവനം തടസ്സപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ചാറ്റ്‌ജിപിടിയുടെ നിർമ്മാതാക്കളായ ഓപ്പൺഎഐ പ്രശ്നം സ്ഥിരീകരിച്ചിട്ടുണ്ട്. ഭാഗികമായ തടസ്സമാണ് നേരിടുന്നതെന്നാണ് കമ്പനിയുടെ ആദ്യ പ്രതികരണം. എന്നാൽ, പ്രശ്നത്തിൻ്റെ കാരണം, എത്ര ഉപഭോക്താക്കളെ ഇത് ബാധിച്ചിട്ടുണ്ട്, എപ്പോൾ പരിഹരിക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇത് ആദ്യമല്ല ഇത്തരം ഒരു സാങ്കേതിക തകരാർ സംഭവിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയും സമാനമായ ഔട്ടേജ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.