വീണ്ടും ബഹിരാകാശത്ത് ചരിത്രം കുറിക്കാനൊരുങ്ങി ഐഎസ്ആർഒ; സ്പേസ് ഡോക്കിങ് പരീക്ഷണം ചൊവ്വാഴ്ച നടക്കും; വിജയിച്ചാൽ രാജ്യത്തിന് തന്നെ നാഴികക്കല്ലാകും; നെഞ്ചിടിപ്പോടെ ഗവേഷകർ; ഉറ്റുനോക്കി അയൽരാജ്യങ്ങൾ!
തിരുവനന്തപുരം: ബഹിരാകാശത്തുവച്ച് തന്നെ രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഐഎസ്ആർഒയുടെ പുത്തൻ പരീക്ഷണം ചൊവ്വാഴ്ച നടക്കും. ഇതോടെ സ്പേസ് ഗവേഷകർ വലിയ ആവേശത്തിലായിരിക്കുകയാണ്. സ്പേസ് ഡോക്കിങ് പരീക്ഷണം ജനുവരി 7നാണ് നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ 9നും 10 ഇടയിലാണ് സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായുള്ള സ്പേസ് ഡോക്കിങ് നടത്തുകയെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. ചേസർ, ടാർഗറ്റ് എന്നീ ഉപഗ്രഹങ്ങളെയാണ് കൂട്ടിച്ചേർക്കുക.
ഈ പരീക്ഷണം വിജയിച്ചാൽ ലോകത്ത് സ്പേസ് ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്നും അധികൃതർ പറഞ്ഞു. ഇതുവരെ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് സ്പേസ് ഡോക്കിങ് വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളത്. 220 കിലോ വീതമാണ് ഉപഗ്രഹങ്ങളുടെ ഭാരം. പരസ്പരം 1–15 കിലോമീറ്റർ അകലെയായി നിർത്തുന്ന ഉപഗ്രഹങ്ങളെ അടുപ്പിച്ചാണ് ഡോക്കിങ് നടത്തുകയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ബഹിരാകാശത്ത് സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുക എന്ന ഇന്ത്യൻ സ്വപ്നം യാഥാർഥ്യമാക്കാനും സ്പേസ് ഡോക്കിങ് സാങ്കേതികവിദ്യ വഴികാട്ടിയാകും. ഭാവിയിൽ വമ്പൻ ഉപഗ്രഹങ്ങളെയും പര്യവേഷണ വാഹനങ്ങളെയും ചെറുഭാഗങ്ങളാക്കി ബഹിരാകാശത്തെത്തിച്ച ശേഷം അവിടെവച്ച് കൂട്ടിച്ചേർക്കാനും ഡോക്കിങ് സംവിധാനത്താൽ സാധ്യമാകുമെന്നുമാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്.
അതേസമയം, അന്ന് ഡിസംബർ 30ന് സ്പേഡെക്സ് ദൗത്യത്തിന്റെ വിക്ഷേപണം വിജയകരമാക്കി ഇസ്രോ പൂർത്തിയാക്കിയിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് പിഎസ്എൽവി സി60 റോക്കറ്റാണ് സ്പേഡെക്സിനെ ഭ്രമണപഥത്തിൽ എത്തിച്ചത്.
രണ്ട് ഉപഗ്രഹങ്ങൾക്കു പുറമെ 24 പരീക്ഷണ ഉപകരണങ്ങളെക്കൂടി സ്പേഡെക്സ് ഭ്രമണപഥത്തിൽ എത്തിക്കും. ഇതോടെ വീണ്ടുമൊരു ചരിത്രനിമിഷത്തിനാണ് ഐഎസ്ആർഒ കാൽവെയ്പ്പ് നടത്താൻ പോകുന്നത്.