തമ്പാനൂരും ഈസ്റ്റ് ഫോർട്ടുമൊക്കെ മഞ്ഞുകൊണ്ട് മൂടും; പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തുന്നവർ തണുത്ത് മരവിക്കും; തലസ്ഥാന നഗരം വിന്റർ സീസണിലെ യൂറോപ്പ് പോലെയാകും; കുറച്ചുദിവസങ്ങളായി ഇൻസ്റ്റ തുറന്നാൽ കാണുന്നത് വിചിത്രമായ കാഴ്ചകൾ; ശരിക്കും..കേരളത്തിൽ 'ലാനിന' പ്രതിഭാസം വരുന്നുണ്ടോ?; പിന്നിലെ സത്യാവസ്ഥ അറിയാം
കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയ തുറന്നാൽ കാണുന്നത് എല്ലാം വിചിത്രമായ കാഴ്ചകൾ ആണ്. തമ്പാനൂരും ഈസ്റ്റ് ഫോർട്ടുമൊക്കെ മഞ്ഞുകൊണ്ട് മൂടുമെന്നും തലസ്ഥാന നഗരം മുഴുവൻ വിന്റർ സീസണിലെ യൂറോപ്പ് പോലെയാകുമെന്നൊക്കെയാണ് പ്രചാരണം. ഇപ്പോഴിതാ, പിന്നിലെ സത്യാവസ്ഥ തുറന്നുകാട്ടിയിരിക്കുകയാണ്.
ലാനിന പ്രതിഭാസം കേരളത്തിൽ അതിശൈത്യത്തിന് കാരണമാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കാലാവസ്ഥാ വിദഗ്ധർ. സോഷ്യൽ മീഡിയയിലും ചില ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിക്കുന്ന വ്യാജ വാർത്തകൾ ജനങ്ങളിൽ അനാവശ്യ ഭീതി സൃഷ്ടിക്കുകയാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ കാലാവസ്ഥാ വിദഗ്ധനായ രാജീവൻ എരിക്കുളം ചൂണ്ടിക്കാട്ടി. ലാനിന പ്രതിഭാസത്തെക്കുറിച്ചും അതിന്റെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ചുമുള്ള തെറ്റായ വിവരങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
ലാനിന, എൽ നിനോ പ്രതിഭാസങ്ങൾ പസഫിക് സമുദ്രത്തിൽ സാധാരണയായി ഉണ്ടാകുന്നതാണെന്ന് രാജീവൻ എരിക്കുളം വിശദീകരിച്ചു. അതുപോലെ, ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD) പ്രതിഭാസവും ഏറെ സാധാരണമാണ്. ഈ പ്രതിഭാസങ്ങളെ തെറ്റായി വ്യാഖ്യാനിച്ചാണ് നിലവിൽ ഭീതിജനകമായ പ്രചാരണങ്ങൾ നടക്കുന്നത്.
ലാനിന (La Nina) എന്നത് പസഫിക് സമുദ്രത്തിലെ മധ്യ കിഴക്കൻ ഭൂമധ്യരേഖാ പ്രദേശത്തെ സമുദ്രോപരിതലത്തിലെ താപനില സാധാരണ നിലയേക്കാൾ തണുക്കുന്ന പ്രതിഭാസമാണ്. ഇത് എൽ നിനോയുടെ വിപരീതമാണ്. ഡിസംബർ വരെയുള്ള തുലാവർഷ സീസണിൽ പസഫിക് സമുദ്രത്തിൽ ലാനിന രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്ന് അമേരിക്ക, ഇന്ത്യൻ, ഓസ്ട്രേലിയൻ കാലാവസ്ഥാ ഏജൻസികൾ പ്രവചിക്കുന്നുണ്ട്.
ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD) പ്രതിഭാസം ഇന്ത്യൻ മഹാസമുദ്രത്തിന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലെ താപനിലയിലുള്ള വ്യത്യാസമാണ്. പടിഞ്ഞാറ് ഭാഗത്ത് താപനില കുറയുകയും കിഴക്ക് കൂടുകയും ചെയ്താൽ അത് നെഗറ്റീവ് IOD എന്നും, ഇതിന് വിപരീതമായി സംഭവിച്ചാൽ പോസിറ്റീവ് IOD എന്നും അറിയപ്പെടുന്നു. ചരിത്രപരമായി, പോസിറ്റീവ് IOD കാലവർഷ സമയത്ത് കേരളത്തിൽ കൂടുതൽ മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കാറുണ്ട്. നിലവിലെ പ്രവചനങ്ങൾ പ്രകാരം, തുലാവർഷ സമയത്ത് നെഗറ്റീവ് IOD-യിലേക്ക് മാറാനാണ് സാധ്യത. എന്നാൽ, ഇരു IOD സാഹചര്യങ്ങളിലും കേരളത്തിന് നല്ല രീതിയിൽ തുലാവർഷമഴ ലഭിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത
സാധാരണയായി ലാനിന വർഷങ്ങളിൽ ഉത്തരേന്ത്യയിൽ സാധാരണയേക്കാൾ തണുപ്പ് അനുഭവപ്പെടാറുണ്ട്. എന്നാൽ, കേരളത്തിൽ ലാനിന പ്രതിഭാസം അതിശൈത്യത്തിന് കാരണമാകുമെന്നതിന് ശാസ്ത്രീയപരമായ യാതൊരു തെളിവുകളുമില്ല. ഈ വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ ആശങ്കയിലാക്കുന്നത് ഒഴിവാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് രാജീവൻ എരിക്കുളം അഭ്യർത്ഥിച്ചു. ഔദ്യോഗിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെയും വിദഗ്ധരുടെയും പ്രവചനങ്ങളെ മാത്രം വിശ്വസിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. നിലവിലെ സാഹചര്യത്തിൽ, ഭീതിപരത്തുന്ന വ്യാജ വാർത്തകൾക്കെതിരെ ബോധവാന്മാരായിരിക്കേണ്ടത് അത്യാവശ്യമാണ്.