ആപ്പിള്‍ 16ഇ- യേക്കാള്‍ വിലക്കുറവ്; 6.3 ഇഞ്ച് ഡിസ്പ്ലേ; രണ്ട് റിയര്‍ കാമറ, 30 മണിക്കൂര്‍ ബാറ്ററി ലൈഫ്: ഐഫോണിന്റെ ബജറ്റ് ഫോണിനെ മറികടക്കാന്‍ ഇറക്കിയ ഗൂഗിള്‍ പിക്‌സല്‍ 9എ ടെക് ലോകത്തെ ഇളക്കി മറിക്കുന്നു

Update: 2025-04-20 02:10 GMT

ലണ്ടന്‍: ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആയിരുന്നു ഐഫോണ്‍ 16 ഇ ആപ്പിള്‍ പുറത്തിറക്കിയത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ആപ്പിളില്‍ നിന്നും വിലക്കുറവുള്ള ഫോണ്‍ പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ ഇതുമായി മത്സരിക്കാന്‍ പ്രധാന എതിരാളികളായ ഗൂഗിള്‍ പിക്സല്‍ 9 എ യുമായി രംഗത്തെത്തിയിരിക്കുകയാണ്. അതിശയകരമാം വിധം കുറഞ്ഞ വിലയ്ക്കാണ് ഗൂഗിള്‍ തങ്ങളുടെ ഫോണ്‍ വില്‍ക്കുന്നത്.

ആപ്പിളിനോട് സമാനമായ 6.3 ഇഞ്ച് ഡിസ്പ്ലേയോടുകൂടിയ പിക്സല്‍ 9 എ ഗൂഗിള്‍ നല്‍കുന്നത് ആപ്പിളിന്റെ വിലയേക്കാള്‍ 100 പൗണ്ട് കുറച്ച് 499 പൗണ്ടിനാണ്. രണ്ട് റിയര്‍ ക്യാമറകളോടു കൂടിയ ഈ ഫോണ്‍ ഒരൊറ്റ ചാര്‍ജിംഗില്‍ 30 മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള ബാറ്ററി ലൈഫും നല്‍കുന്നുണ്ട്. 799 പൗണ്ട് വിലയുള്ള ഗൂഗിളിന്റെ പിക്സല്‍ 9 ന് പകരക്കാരനായിട്ടാണ് ഇപ്പോള്‍ പിക്സല്‍ 9 എ പുറത്തിറക്കിയിരിക്കുന്നത്.

പിങ്ക്, പര്‍പ്പിള്‍, വെളുപ്പ്, കറുപ്പ് തുടങ്ങിയ നാല് നിറങ്ങളിലാണ് ഇപ്പോള്‍ പിക്സല്‍ 9 എ ലഭ്യമായിട്ടുള്ളത്. ഗൂഗിളിന്റെ ഭാഷയില്‍ പിയോണി, ഐറിസ്, പോര്‍സെലെയ്ന്‍, ഒബ്‌സിഡിയന്‍ എന്നിങ്ങനെയാണ് ഈ നിറങ്ങള്‍ക്ക് പേരുകള്‍ നല്‍കിയിരിക്കുന്നത്. 2,424 ബൈ 1,080 പിക്സലുകളോടു കൂടിയ 6.3 ഇഞ്ച് ഡിസ്പ്ലെ ആണ് ഇതിനുള്ളത്. ഇതിനേക്കാള്‍ വിലക്കൂടുതലുള്ള പിക്സല്‍ 9 ന് സമാനമാണ് ഈ സ്പെസിഫിക്കേഷന്‍. അതേ സമയം എ സീരീസിലെ ഫോണുകളില്‍ ഏറ്റവും തെളിച്ചമുള്ള ഡിസ്പ്ലെയാണ് ഇതിനുള്ളത്.

എന്നാല്‍, കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്തിറക്കിയ പിക്സല്‍ 9 ല്‍ നിന്നും വ്യത്യസ്തമായി ഇതിന്റെ പുറകുവശത്ത് വ്യക്തമായ ദീര്‍ഘചതുരാകൃതിയോടു കൂടിയ ക്യാമറ ബാര്‍ ഇല്ല എന്നൊരു പ്രത്യേകത ഇതിനുണ്ട്. അതിനു പകരമായി ഒരു ഗ്ലാസ്സ് പില്‍ ആകൃതിയുള്ള, ഏതാണ്ട് ഫ്‌ലാറ്റ് ആയ ക്യാമറ മോഡ്യൂള്‍ ആണ് ഇതിനുള്ളത്. രണ്ട് റിയര്‍ ക്യാമറകളാണ് ഇതിനുള്ളത്, 48 എം പി മെയിന്‍ ക്യാമറയും 13 എം പി അള്‍ട്രാവൈഡ് ക്യാമറയും. അതിനോടൊപ്പം മുന്‍ഭാഗത്ത് ഒരു 13 എം പി സെല്‍ഫീ ക്യാമറയും ഉണ്ട്.

പിക്സല്‍ 9 ന് സമാനമായ എ ഐ ചിപ് തന്നെയാണ് പിക്സല്‍ 9 എ യ്ക്കും ഉള്ളത്. അതായത്, മാജിക് എറേസര്‍, മാജിക് എഡിറ്റര്‍ തുടങ്ങിയ ഗൂഗിളിന്റെ എ ഐ ഫോട്ടോ എഡിറ്റിംഗ് ടൂളുകള്‍ ഇതില്‍ ലഭ്യമാണെന്നര്‍ത്ഥം. 5100 മില്ലി ആംപിയര്‍ - ഹവര്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ശരാശരി ഇലക്ട്രിക്കല്‍ കപ്പാസിറ്റിക്കും മേലെയാണിത്. സാധാരണ നിലയില്‍ ഉപയോഗിക്കുമ്പോള്‍, ഒരൊറ്റ ചാര്‍ജിംഗില്‍ 30 മണിക്കൂര്‍ വരെ ഉപയോഗിക്കാനാകും.

Similar News