ഫോൺ ഗാലറിയിൽ അടിപൊളി ഫോട്ടോകളും വീഡിയോകളും തിരയുന്ന ടൂളുമായി 'മെറ്റ' രംഗത്ത്; ഇനി സ്വകാര്യതയിലും കടന്നുകയറുമോ? ആശങ്ക അറിയിച്ച് ടെക് ലോകം
ഉപയോക്താക്കളുടെ ഫോൺ ഗാലറിയിലെ ഫോട്ടോകളും വീഡിയോകളും തിരിച്ചറിഞ്ഞ് അവ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ ഓർമ്മിപ്പിക്കുന്ന പുതിയ നിർമിത ബുദ്ധി (AI) ടൂൾ മെറ്റ അവതരിപ്പിക്കുന്നു. ഈ ടൂൾ ഗാലറിയിലെ വിവരങ്ങൾ സ്കാൻ ചെയ്ത്, മികച്ച ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാൻ ഉപയോക്താക്കൾക്ക് നിർദ്ദേശങ്ങൾ നൽകും. ആദ്യഘട്ടത്തിൽ യു.എസിലും കാനഡയിലുമാണ് ഇത് ലഭ്യമാക്കുന്നത്.
പുതിയ സംവിധാനത്തിലൂടെ, എഡിറ്റ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യാത്ത ചിത്രങ്ങളുടെയും വീഡിയോകളുടെയും അവലോകനം മെറ്റയുടെ ക്ലൗഡ് സംവിധാനമുപയോഗിച്ച് നടത്തും. ഉപയോക്താക്കൾക്ക് അനുമതി നൽകിയാൽ അവരുടെ ഗാലറി സ്കാൻ ചെയ്യും. മുമ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചവയെ അടിസ്ഥാനമാക്കി ഫോട്ടോകളും വീഡിയോകളും തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന രീതിയിലാണ് ടൂൾ ക്രമീകരിച്ചിരിക്കുന്നത്. ഇവ എഡിറ്റ് ചെയ്യാനും വീണ്ടും പോസ്റ്റ് ചെയ്യാനും അല്ലെങ്കിൽ ഗാലറിയിലേക്ക് സേവ് ചെയ്യാനും ഉപയോക്താക്കൾക്ക് കഴിയും. ഗൂഗിൾ ഫോട്ടോസിലും സമാനമായ സംവിധാനം നിലവിലുണ്ട്.
എന്നാൽ, ഈ ടൂൾ സ്വകാര്യതയെ ബാധിക്കുമോ എന്ന ആശങ്ക ടെക് ലോകത്ത് ഉയർന്നിട്ടുണ്ട്. പ്രസിദ്ധീകരിക്കപ്പെടാത്തതും സ്വകാര്യവുമായ ചിത്രങ്ങൾ മെറ്റയുടെ എ.ഐ പരിശീലനത്തിന് ഉപയോഗിക്കില്ലെന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും, ഭാവിയിൽ അങ്ങനെയൊരു സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. എ.ഐ ടൂളിന് പ്രവർത്തന അനുമതി നൽകുന്നവർ ചിത്രങ്ങളുടെയും വീഡിയോകളുടെയും ക്ലൗഡ് പരിശോധനയ്ക്കുള്ള അനുമതിയും നൽകേണ്ടി വരും. മെറ്റയുടെ ക്ലൗഡിലേക്ക് അപ്‌ലോഡ് ചെയ്യുന്ന ചില വിവരങ്ങൾ 30 ദിവസത്തേക്ക് സൂക്ഷിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 2007 മുതൽ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പങ്കുവെക്കപ്പെട്ട പൊതു പോസ്റ്റുകളിലെ വിവരങ്ങൾ തങ്ങളുടെ എ.ഐയെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്നുണ്ടെന്ന് മെറ്റ കഴിഞ്ഞ വർഷം സമ്മതിച്ചിരുന്നു.