നമ്മൾ കടക്കാൻ പോകുന്നത് വെബ്ബിന്റെ അടുത്ത യുഗത്തിലേക്ക്..; വെബ് ബ്രൗസർ മേഖലയിൽ നാഴികക്കല്ലാകാൻ 'ചാറ്റ് ജിപിടി അറ്റ്‌ലസ്'; ഇനി ഗൂഗിൾ ക്രോമിന് വെല്ലിവിളിയാകുമോ?
വാഷിങ്ടൺ: വെബ് ബ്രൗസർ മേഖലയിൽ ഗൂഗിൾ ക്രോമിന് ശക്തമായ വെല്ലുവിളിയുയർത്തി ചാറ്റ് ജിപിടി നിർമ്മാതാക്കളായ ഓപ്പൺ എഐ പുതിയ ബ്രൗസറുമായി രംഗത്ത്. 'ചാറ്റ് ജിപിടി അറ്റ്‌ലസ്' എന്ന് പേരിട്ടിരിക്കുന്ന ഈ ബ്രൗസർ, വെബ്ബിൽ ഒരു പുതിയ യുഗം കൊണ്ടുവരുമെന്ന് കമ്പനി അവകാശപ്പെടുന്നു. നിലവിലുള്ള സംവിധാനങ്ങളെക്കാൾ മികച്ചതും നൂതനവുമായ സൗകര്യങ്ങൾ ഉപഭോക്താക്കൾക്ക് നൽകുമെന്ന് അറ്റ്‌ലസ് വാഗ്ദാനം ചെയ്യുന്നു.
ഈ ബ്രൗസറിന്റെ പ്രധാന പ്രത്യേകത, ഉപഭോക്താക്കൾക്ക് വെബ് പേജുകളുമായി നേരിട്ട് സംവദിക്കാനും, ചോദ്യങ്ങൾ ചോദിക്കാനും, കൃത്രിമബുദ്ധിയുടെ (AI) സഹായത്തോടെ ചില ഓൺലൈൻ ജോലികൾ ചെയ്യാനുമുള്ള കഴിവാണ്. ചാറ്റ് ജിപിടിയുടെ പൂർണ്ണ ശേഷി സമന്വയിപ്പിച്ചാണ് 'അറ്റ്‌ലസ്' രൂപകൽപ്പന ചെയ്തിരിക്കുന്നത്. വെബ് പേജുകൾ സംഗ്രഹിക്കാനും, ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും, ഉപഭോക്താവ് ആവശ്യപ്പെടുന്ന കാര്യങ്ങൾ സ്വയം ചെയ്യാനും ഈ 'സൂപ്പർ അസിസ്റ്റന്റിന്' സാധിക്കും. ഇത് കോപ്പി, പേസ്റ്റ്, ടാബുകൾ മാറിമാറി ഉപയോഗിക്കൽ തുടങ്ങിയ സാധാരണ പ്രവർത്തനങ്ങളെ ലഘൂകരിക്കും.
ആദ്യഘട്ടത്തിൽ മാക് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സൗജന്യമായി ലഭ്യമാകുന്ന അറ്റ്‌ലസ്, ഉടൻ തന്നെ വിൻഡോസ്, മൊബൈൽ പ്ലാറ്റ്‌ഫോമുകളിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ, ചാറ്റ് ജിപിടി പ്ലസ്, പ്രോ ഉപഭോക്താക്കൾക്ക് മാത്രമാണ് ഇതിലെ പ്രധാന എഐ ഏജന്റ് കഴിവുകൾ ലഭ്യമാകുന്നത്. ശക്തമായ സുരക്ഷാ സംവിധാനങ്ങളുണ്ടെന്നും, ഏതെങ്കിലും സുരക്ഷാ ഭീഷണികൾ ഉണ്ടായാൽ അവ പരിശോധിക്കുമെന്നും കമ്പനി അറിയിച്ചു.