ഇന്ത്യയിലുള്ളവര്‍ക്ക് ഇനി ഒരു വര്‍ഷക്കാലം 'ചാറ്റ്ജിപിടി ഗോ' സുഖമായി ഉപയോഗിക്കാം; സൗജന്യ പ്ലാനുമായി ഓപ്പൺഎഐ; കൂടുതൽ അറിയാം..
ബെംഗളൂരു: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ പ്രമുഖരായ ഓപ്പൺഎഐ, തങ്ങളുടെ ചാറ്റ്ബോട്ട് സേവനമായ ചാറ്റ്ജിപിടിയുടെ 'ഗോ' പ്ലാൻ ഇന്ത്യയിൽ ഒരു വർഷത്തേക്ക് സൗജന്യമായി പ്രഖ്യാപിച്ചു. 2025 നവംബർ 4 മുതൽ ഈ സൗജന്യ ഓഫർ ലഭ്യമാകും. പ്രതിമാസം 399 രൂപ ഈടാക്കി ഇതുവരെ നൽകിയിരുന്ന ഈ മിഡ്-ടയർ പ്ലാൻ, ഇന്ത്യയടക്കമുള്ള വിപണികളിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ളതായിരുന്നു.
നേരത്തെ ഓഗസ്റ്റ് മാസത്തിൽ അവതരിപ്പിക്കപ്പെട്ട ചാറ്റ്ജിപിടി ഗോ പ്ലാൻ, പ്രതിമാസം 399 രൂപ നിരക്കിലാണ് ലഭ്യമാക്കിയിരുന്നത്. 1,999 രൂപയുടെ ചാറ്റ്ജിപിടി പ്ലസ് പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ താങ്ങാനാവുന്ന ഈ പ്ലാൻ, സാധാരണ ഉപയോക്താക്കൾക്കിടയിൽ ശ്രദ്ധ നേടാൻ ലക്ഷ്യമിട്ടതായിരുന്നു. സൗജന്യ പ്ലാനിൽ ലഭ്യമല്ലാത്ത കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കാനും ഫയലുകൾ അപ്‌ലോഡ് ചെയ്യാനും വിശകലനം ചെയ്യാനും സംഗ്രഹിക്കാനുമുള്ള സൗകര്യങ്ങൾ ഗോ പ്ലാനിൽ ഉൾപ്പെടുന്നു. കൂടാതെ, ജിപിടി-5 ലേക്കുള്ള പ്രവേശനം, മെച്ചപ്പെട്ട ചിത്ര നിർമ്മാണ സാധ്യതകൾ, ഫയൽ അപ്‌ലോഡ് പരിധി വർദ്ധിപ്പിക്കൽ, കസ്റ്റം ജിപിടികളിലേക്കുള്ള പ്രവേശനം തുടങ്ങിയ അധിക സവിശേഷതകളും ഇതിലുണ്ട്.
സൗജന്യ എഐ സേവനങ്ങൾ നൽകുന്ന പെർപ്ലെക്‌സിറ്റി (ഭാരതി എയർടെല്ലുമായി സഹകരിച്ച്) പോലുള്ള സ്ഥാപനങ്ങൾക്കും, വിദ്യാർത്ഥികൾക്കായി ഒരു വർഷത്തേക്ക് സൗജന്യ എഐ പ്രോ മെമ്പർഷിപ്പ് പ്രഖ്യാപിച്ച ഗൂഗിളിനും ഇത് നേരിട്ടുള്ള വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തുന്നത്. ആദ്യഘട്ടത്തിൽ ഗോ പ്ലാൻ അവതരിപ്പിച്ച വിപണികളിൽ ഒന്നാണ് ഇന്ത്യ. ഇത് ഉപയോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവിന് ഇടയാക്കിയിരുന്നു.