ഫറ്റോർഡയിൽ പൊരുതി വീണ് എഫ്.സി ഗോവ; എ.എഫ്.സി ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ അൽനസ്റിനോട് പരാജയപ്പെട്ടത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ആശ്വാസ ഗോൾ നേടിയത് ബ്രൈസൺ
പനാജി: ഏഷ്യൻ ഫുട്ബോൾ കരുത്തുകാരായ അൽനസ്റിനെതിരെ നടന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തിൽ എഫ്.സി ഗോവക്ക് പരാജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സന്ദർശകരായ അൽനസ്ർ ഗോവൻ ക്ലബിനെ പരാജയപ്പെടുത്തി. സ്വന്തം മൈതാനത്ത് കളിച്ചിട്ടും ഗോവക്ക് വിജയം നേടാനായില്ല.
10ാം മിനിറ്റിൽ എയ്ഞ്ചലോ ഗബ്രിയേൽ അൽനസ്റിനായി ആദ്യ ഗോൾ നേടി. 27ാം മിനിറ്റിൽ ഹാറൂൻ കമാറ ലീഡ് ഉയർത്തി. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ ബ്രൈസൺ ഗോവക്കായി ഒരു ഗോൾ മടക്കി. കളിയുടെ അവസാന നിമിഷങ്ങളിൽ ഡേവിഡ് ടിമോർ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ ഗോവ പത്ത് പേരായി ചുരുങ്ങി.
ഈ തോൽവിയോടെ മൂന്ന് മത്സരങ്ങളിൽ എഫ്.സി ഗോവയുടെ മൂന്നാം തോൽവിയായിരുന്നു ഇത്. ബാഴ്സലോണയിൽ നിന്ന് ഈ സീസൺ അൽനസ്റിൽ ചേർന്ന എൻസോ മാർട്ടിനെസ് മത്സരത്തിനിറങ്ങി. സാദിയോ മാനെ, ജാവോ ഫെലിക്സ് തുടങ്ങിയ താരങ്ങൾ പകരക്കാരായി മൈതാനത്തേക്ക് വന്നെങ്കിലും ക്രിസ്റ്റ്യാനോ റോണാൾഡോ ഇല്ലാതെയാണ് അൽനസ്ർ ഇന്ത്യയിൽ കളിക്കാനെത്തിയത്.