ഗംഭീര്‍ കൂടെയുണ്ട്, പക്ഷേ ഗവാസ്‌കര്‍ വിടില്ല! സഞ്ജുവിന്റെ പുറത്താകല്‍ രീതിയില്‍ കടുത്ത വിമര്‍ശനം; പാകിസ്ഥാനെതിരെ കളിക്കണമെങ്കില്‍ ആ 'പഴയ സ്വഭാവം' മാറ്റണം; മലയാളി താരത്തിന് മുന്നില്‍ കനത്ത വെല്ലുവിളി
സഞ്ജുവിന് മുന്നറിയിപ്പുമായി ഗവാസ്‌കര്‍
കൊളംബോ: ട്വന്റി20 ലോകകപ്പില്‍ നമീബിയയെ 93 റണ്‍സിന് തകര്‍ത്ത് ഇന്ത്യ കരുത്ത് കാട്ടിയെങ്കിലും, ഞായറാഴ്ച കൊളംബോയില്‍ നടക്കാനിരിക്കുന്ന പാകിസ്ഥാനെതിരായ പോരാട്ടത്തിന് മുന്‍പ് ടീമിന് ജാഗ്രതാ നിര്‍ദ്ദേശവുമായി സുനില്‍ ഗവാസ്‌കര്‍. നമീബിയയ്‌ക്കെതിരെ നേടിയ കൂറ്റന്‍ സ്‌കോറിലോ വിജയത്തിലോ മാത്രം ആശ്വസിച്ച് പാകിസ്ഥാനെ നേരിടാന്‍ ഇറങ്ങരുതെന്ന് അദ്ദേഹം സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
സഞ്ജു സാംസണ്‍: ഗവാസ്‌കറുടെ നിരീക്ഷണം
അഭിഷേക് ശര്‍മ്മയ്ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ടീമിലെത്തിയ സഞ്ജു സാംസണ്‍ പുറത്തായ രീതിയെ ഗവാസ്‌കര്‍ വിമര്‍ശിച്ചു. ഡീപ് മിഡ് വിക്കറ്റില്‍ ക്യാച്ച് നല്‍കി സഞ്ജു മടങ്ങിയത് മാനേജ്‌മെന്റിന് തലവേദനയാകും.
'ഒരേ രീതിയില്‍ മുന്‍പും സഞ്ജു പുറത്തായിട്ടുണ്ട്. ഇത് ആശങ്കപ്പെടുത്തുന്നതാണ്. അഭിഷേക് ശര്‍മ്മ ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കില്‍ പാകിസ്ഥാനെതിരെ സഞ്ജു തന്നെ കളിക്കേണ്ടി വരും. ആ നിര്‍ണ്ണായക മത്സരത്തില്‍ സഞ്ജു തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം.'- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
ബാറ്റിംഗ് കരുത്തും സൂര്യകുമാറിന്റെ പ്രശംസയും
ബാറ്റിംഗ് അത്ര എളുപ്പമല്ലാത്ത പിച്ചിലും മികച്ച പ്രകടനം കാഴ്ചവെച്ച ഇഷാനെയും സഞ്ജുവിനെയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പ്രശംസിച്ചു. ശിവം ദുബെ-ഹാര്‍ദിക് പാണ്ഡ്യ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരാധകരുടെ പ്രതിഷേധവും ഗംഭീറിന്റെ പിന്തുണയും
അടുപ്പിച്ച് മൂന്ന് സിക്സറുകള്‍ പറത്തി മികച്ച തുടക്കം ലഭിച്ചിട്ടും വലിയ സ്‌കോറിലേക്ക് എത്താതെ സഞ്ജു പുറത്തായത് ആരാധകര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സഞ്ജുവിന് സ്ഥിരതയില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന വിമര്‍ശനം. എന്നാല്‍, ടീം പ്ലാന്‍ അനുസരിച്ചാണ് സഞ്ജു കളിച്ചതെന്നും താരത്തിന്റേത് ഗംഭീര തുടക്കമായിരുന്നുവെന്നും കോച്ച് ഗൗതം ഗംഭീര്‍ പിന്തുണ അറിയിച്ചു.
