ടി.പി. ചന്ദ്രശേഖരന്‍ വധം; വ്യാജ സിം കാര്‍ഡ് കേസില്‍ കൊടി സുനി ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടു; പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യുഷന് കഴിഞ്ഞില്ലെന്ന് കോടതി

കൊടി സുനി ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ടു

Update: 2024-10-04 17:18 GMT

വടകര: ടി.പി. ചന്ദ്രശേഖരന്‍ വധത്തിനായി വ്യാജ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ ഉപയോഗിച്ചുവെന്ന കേസില്‍ കൊടി സുനി ഉള്‍പ്പെടെ അഞ്ചു പേരെ കുറ്റക്കാരല്ലെന്നു കണ്ടെത്തി കോടതി വെറുതെ വിട്ടു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ.എ. ഷീജയാണ് പ്രതികളെ വെറുതേ വിട്ടുകൊണ്ട് ഉത്തരവിട്ടത്.

ചൊക്ലി മീത്തലെ ചാലില്‍ സുനില്‍ കുമാര്‍ എന്ന കൊടി സുനി (40), അഴിയൂര്‍ സ്വദേശികളായ പുറത്തെ തയ്യില്‍ ജാബിര്‍ (47), നടുച്ചാലില്‍ നിസാര്‍ (45), കല്ലമ്പത്ത് ദില്‍ഷാദ് (39), വടകര ബീച്ച് റോഡിലെ കുറ്റിയില്‍ അഫ്‌സല്‍ (44) എന്നിവരാണ് കേസിലെ പ്രതികള്‍.

ടി.പി. വധത്തോട് അനുബന്ധിച്ച് 2012 ഏപ്രില്‍ 26ന് പ്രതികള്‍ വ്യാജ സിം കാര്‍ഡ് ഉപയോഗിച്ചുവെന്ന അന്നത്തെ ഡിവൈ.എസ്.പി ജോസി ചെറിയാന്റെ പരാതിയില്‍ ചോമ്പാല പൊലീസാണ് കേസെടുത്തത്. പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിധിയില്‍ പറഞ്ഞു.

12 വര്‍ഷത്തിനു ശേഷമാണ് വിധി. ഈ കേസില്‍ ഇവര്‍ മാസങ്ങളോളം റിമാന്‍ഡിലായിരുന്നു. ടി.പി വധത്തില്‍ കൊടി സുനിയും ദില്‍ഷാദും പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ജാബിറിനേയും നിസാറിനേയും പൊലീസ് സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രതികള്‍ക്കു വേണ്ടി അഡ്വ. കെ.എം. രാംദാസ് ഹാജരായി.

Tags:    

Similar News