'എവിടെ നോക്കിയാലും സഞ്ജു സാംസണ്‍ നിറഞ്ഞു നില്‍ക്കുന്നു; ഇത്തവണ ഐപിഎല്‍ നേരത്തേ തുടങ്ങിയോ എന്നായിരുന്നു എന്റെ സംശയം'; ഗില്‍ക്രിസ്റ്റ് ബിസിസിഐയെ ട്രോളിയതോ? യാഥാര്‍ത്ഥ്യം ഇങ്ങനെ
പ്രചരിച്ചത് ഗില്‍ക്രിസ്റ്റ് ബിസിസിഐയെ പരിഹസിച്ചെന്ന പേരില്‍
ന്യൂഡല്‍ഹി: ആദ്യ മത്സരത്തിലെ സെഞ്ചുറിക്ക് പിന്നാലെ തുടര്‍ച്ചയായ രണ്ട് ഡക്കുകള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളെ ബൗണ്ടറി കടത്തി ദക്ഷിണാഫ്രിക്കക്കെതിരെ നാലാം മത്സരത്തിലും സെഞ്ചുറി നേടിയതോടെ മലയാളി താരം സഞ്ജു സാംസണെ വാഴ്ത്തി ഒട്ടേറെ മുന്‍ താരങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ പ്രതികരണങ്ങളില്‍ ഒന്നായിരുന്നു ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റിന്റേത്. ആരാധകര്‍ ആ പരാമര്‍ശം ഏറ്റെടുക്കുകയും ബിസിസിഐയെ പരിഹസിച്ചാണ് ഗില്‍ക്രിസ്റ്റിന്റെ പ്രതികരണമെന്ന് രീതിയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
''ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം നടക്കുന്ന വിവരം പോലും ഞാന്‍ അറിഞ്ഞില്ല. സഞ്ജു സെഞ്ചറി നേടിയ കാര്യം വാര്‍ത്തകളില്‍ കണ്ടപ്പോള്‍, ഐപിഎല്‍ നേരത്തേ തുടങ്ങിയോ എന്നാണ് ഞാന്‍ ചിന്തിച്ചത്. സഞ്ജു ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത് നമ്മള്‍ അധികം കണ്ടിട്ടില്ലല്ലോ' ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റിന്റേത് എന്ന പേരിലാണ് ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.
ബിസിസിഐയ്ക്കെതിരെ ഗില്‍ക്രിസ്റ്റിന്റെ വിമര്‍ശനം എന്നൊക്കെ വ്യാഖ്യാനിച്ചാണ്, ഈ പ്രസ്താവനയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഈ പ്രസ്താവന ഭാഗികമായി ശരിയാണെങ്കിലും, ഇത് പൂര്‍ണമായും ഗില്‍ക്രിസ്റ്റ് പറഞ്ഞ രീതിയിലല്ല പ്രചരിക്കുന്നത് എന്നതാണ് വാസ്തവം. 'ക്ലബ് പ്രയറി ഫയര്‍' എന്ന യുട്യൂബ് ചാനലില്‍ ഇംഗ്ലണ്ട് മുന്‍ താരം മൈക്കല്‍ വോണ്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ചര്‍ച്ചയുടെ ഭാഗമായാണ് ഗില്‍ക്രിസ്റ്റ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുമ്പോഴാണ്, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയും ചര്‍ച്ചാവിഷയമായത്. ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിശീലനത്തിനുള്ള അവസരമാണോ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയെന്നായിരുന്നു ചര്‍ച്ചയുടെ ഉള്ളടക്കം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ ട്വന്റി20 പരമ്പര കളിക്കുന്ന കാര്യം അറിഞ്ഞുപോലുമില്ലെന്നായിരുന്നു മൈക്കല്‍ വോണിന്റെ പ്രതികരണം. ഇതിനു പിന്നാലെ, ഈ പരമ്പരയേക്കുറിച്ച് അറിഞ്ഞിരുന്നോ എന്ന് ഗില്‍ക്രിസ്റ്റിനു മുന്നിലും ചോദ്യമുയര്‍ന്നു.
''ഇങ്ങനെയൊരു പരമ്പരയുടെ കാര്യം ഞാനും അറിഞ്ഞില്ല. പക്ഷേ, സഞ്ജു സാംസണുമായി ബന്ധപ്പെട്ട ചില തലക്കെട്ടുകള്‍ ശ്രദ്ധിച്ചിരുന്നു. എവിടെ നോക്കിയാലും സഞ്ജു സാംസണ്‍ നിറഞ്ഞു നില്‍ക്കുന്നു. ഇത്തവണ ഐപിഎല്‍ നേരത്തേ തുടങ്ങിയോ എന്നായിരുന്നു എന്റെ സംശയം. എന്തായാലും ദക്ഷിണാഫ്രിക്കന്‍ പര്യടനം ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കുള്ള തയാറെടുപ്പാണെന്ന് തോന്നുന്നില്ല. അവിടെ ട്വന്റി20 പരമ്പരയില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുന്ന ടെസ്റ്റ് ടീമില്‍ അംഗങ്ങളല്ല. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായിട്ടുള്ളവര്‍ പെര്‍ത്തില്‍ എത്തിക്കഴിഞ്ഞു. അവര്‍ ടെസ്റ്റ് പരമ്പരയ്ക്കായുള്ള ഒരുക്കത്തിലാണ്.' ഇതായിരുന്നു ഗില്‍ക്രിസ്റ്റിന്റെ മറുപടി.
അതേ സമയം സഞ്ജുവിനെ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഷോണ്‍ പൊള്ളോക്ക് ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കളിച്ച ഋഷഭ് പന്തുമായി താരതമ്യം ചെയ്തതും ശ്രദ്ധേയമായിരുന്നു.
കരിയറില്‍ 76 ട്വന്റി 20 മത്സരങ്ങള്‍ കളിച്ച ഋഷഭ് പന്തിന് ഒരു സെഞ്ചുറി പോലും ഇതുവരെ നേടാനായിട്ടില്ല. എന്നാല്‍ ഋഷഭ് പന്തിന്റെ പകുതി മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള സഞ്ജു ഇതുവരെ മൂന്ന് സെഞ്ചുറികള്‍ നേടി. അതും അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍. ഋഷഭ് പന്തില്‍ ഇരട്ടിപ്രഹരശേഷിയുള്ള കളിക്കാരനാണ് സഞ്ജുവെന്നത് രണ്ട് കണ്ണും തുറന്നു കാണുന്ന ആര്‍ക്കും മനസിലാവും. എന്നിട്ടും സെലക്ടര്‍മാര്‍ എങ്ങനെ ഋഷഭ് പന്തിനെ പിന്തുണച്ചുവെന്നായിരുന്നു പൊള്ളോക്ക് കമന്ററിയില്‍ പറഞ്ഞത്.
ടി20 ക്രിക്കറ്റില്‍ 76 മത്സരങ്ങള്‍ കളിച്ച ഋഷഭ് പന്ത് 23.25 ശരാശരിയില്‍ 1209 റണ്‍സടിച്ചപ്പോള്‍ 127.4 മാത്രമാണ് പ്രഹരശേഷി. മൂന്ന് അര്‍ധസെഞ്ചുറികളാണ് ഇതുവരെ പന്ത് നേടിയത്. എന്നാല്‍ 37 ടി20 മത്സരങ്ങള്‍ കളിച്ച സഞജുവാകട്ടെ 155.2 പ്രഹരശേഷിയില്‍ മൂന്ന് സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും അടക്കം 810 റണ്‍സടിച്ചു. ടി20 ക്രിക്കറ്റില്‍ നിലവിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററായ സൂര്യകുമാര്‍ യാദവ് നാലു സെഞ്ചുറികള്‍ നേടിയിട്ടുണ്ടെങ്കിലും 78 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയിട്ടുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓപ്പണറായിരുന്നിട്ടും അഞ്ച് സെഞ്ചുറികള്‍ തികയ്ക്കാന്‍ 159 മത്സരങ്ങള്‍ കളിച്ചിരുന്നു. സൂര്യ കളിച്ചതിന്റെ പകുതിയും രോഹിത് കളിച്ചതിന്റെ അഞ്ചിലൊന്ന് മത്സരവും കളിച്ചാണ് സഞ്ജു റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നതെന്നും എന്നിട്ടും സഞ്ജുവിന്റെ സ്ഥിരതയാണ് ചിലര്‍ക്ക് പ്രശ്‌നമെന്നും ആരാധകര്‍ പറയുന്നു.