സഞ്ജുവിന്റെ കഠിനാദ്ധ്വാനമാണ് അയാളുടെ നേട്ടങ്ങള്‍ക്ക് കാരണം, അവന്റെ മികവിനായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല; ബാറ്റിങ്ങിനായി കൃത്യമായ ഒരു സ്ഥാനവും മികച്ച പ്രകടനത്തിനായി പിന്തുണയും മാത്രമാണ് ഞാന്‍ നല്‍കിയത്; തനിക്ക് ക്രെഡിറ്റ് വേണ്ടെന്ന് ഗംഭീര്‍

Update: 2024-11-13 07:01 GMT

അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ താരം സഞ്ജു സാംസണെ പ്രശംസിച്ച് പരിശീലകന്‍ ഗൗതം ഗംഭീര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഗംഭീറിന്റെ പ്രതികരണം. 'സഞ്ജുവിന്റെ മികവിനായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഇത് അയാളുടെ കഴിവാണ്. ബാറ്റിങ്ങിനായി കൃത്യമായ ഒരു സ്ഥാനവും മികച്ച പ്രകടനത്തിനായി പിന്തുണയും മാത്രമാണ് ഞാന്‍ നല്‍കിയത്.

പ്രധാനമായും സഞ്ജുവിന്റെ കഠിനാദ്ധ്വാനമാണ് അയാളുടെ നേട്ടങ്ങള്‍ക്ക് കാരണം. ഇന്ത്യന്‍ ക്രിക്കറ്റിലെ സഞ്ജുവിന്റെ നേട്ടങ്ങളുടെ തുടക്കം മാത്രമാണിത്. ഒരിക്കലും ഇത് അവസാനമല്ല. തീര്‍ച്ചയായും സഞ്ജുവിന് ഏറെ മുന്നോട്ട് പോകാന്‍ കഴിയും.' ഗംഭീര്‍ പ്രതികരിച്ചു. 'എന്നെ സംബന്ധിച്ചടത്തോളം ഇന്ത്യന്‍ ടീമിലേക്ക് മികച്ച യുവതാരങ്ങള്‍ വരുന്നുവെന്നത് സന്തോഷകരമാണ്. അത് എപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണകരമാണ്.' ഗംഭീര്‍ വ്യക്തമാക്കി.

അതിനിടെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ഗൗതം ഗംഭീര്‍ കടുത്ത പരീക്ഷണം നേരിടുകയാണ്. ശ്രീലങ്കയില്‍ ഏകദിന പരമ്പരയും ഇന്ത്യയില്‍ ന്യൂസിലാന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയും നഷ്ടപ്പെട്ടതിന്റെ ക്ഷീണത്തിലാണ് ഗംഭീര്‍. ഈ മാസം ഒടുവില്‍ ആരംഭിക്കുന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ടോഫ്രിയിലും പരാജയപ്പെട്ടാല്‍ ഇന്ത്യന്‍ ടീമില്‍ ഗംഭീറിന്റെ പരിശീലന സ്ഥാനം പ്രതിസന്ധിയിലാകും.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശനത്തിനും ഓസ്‌ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. പരമ്പര 4-0ത്തിന് എങ്കിലും വിജയിച്ചാല്‍ മാത്രമെ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്താന്‍ സാധിക്കൂ. അപ്പോള്‍ ഇന്ത്യയുടെ വിജയശതമാനം 65.79 ആയി ഉയരും. അങ്ങനെയെങ്കില്‍ നിലവിലെ ചാംപ്യന്മാരായ ഓസ്‌ട്രേലിയ പുറത്തായേക്കും. ശ്രീലങ്ക, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ രണ്ടാം സ്ഥാനത്തിനായി മത്സരിക്കും.

Tags:    

Similar News