ഒരിക്കല്‍ വേര്‍പിരിയലിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചു; പക്ഷേ ഉപേക്ഷിച്ച് പോകാന്‍ മനസ് വന്നില്ല; അദ്ദേഹത്തിന്റെ അവസ്ഥ കണ്ടാണ് തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയത്; ആ സമയം എന്നെ ആവശ്യമാണെന്ന് മനസിലായി; വെളിപ്പെടുത്തലുമായി ആന്‍ഡ്രിയ
മുംബൈ: മദ്യപാനത്തിന്റെ പേരില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്‌ളിയുടെ വിവാഹബന്ധം അവസാനിപ്പിക്കാന്‍ നീക്കം നടത്തിയിരുന്നതായി വെളിപ്പെടുത്തി കാംബ്‌ളിയുടെ ഭാര്യ ആന്‍ഡ്രിയ ഹെവിറ്റ്. കാംബ്‌ളിയുടെ രണ്ടാം ഭാര്യയാണ് ആന്‍ഡ്രിയ ഹെവിറ്റ്. ഒരു അഭിമുഖത്തിലാണ് മുന്‍ മോഡല്‍ കൂടിയായ ആന്‍ഡ്രിയ ഇക്കാര്യം പറഞ്ഞത്.
നിയമനടപടികള്‍ക്ക് ശ്രമം തുടങ്ങിയിരുന്നെങ്കിലും കാംബ്‌ളിയുടെ അവസ്ഥ കണ്ടാണ് തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയതെന്ന് ആന്‍ഡ്രിയ പറഞ്ഞു. കാംബ്ലിയുടെ മദ്യപാനം, കുടുംബ ജീവിതത്തേയും മോശമായി ബാധിച്ചതായും ആന്‍ഡ്രിയ വ്യക്തമാക്കി. 2006ലാണ് കാംബ്ലിയും ആന്‍ഡ്രിയയും വിവാഹിതരായത്. കാംബ്ലിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ആഴ്ചകളോളം ചികിത്സയിലായിരുന്ന കാംബ്ലി അടുത്തിടെയാണു ആശുപത്രി വിട്ടത്. കാംബ്ലിയുടെ തലയില്‍ രക്തം കട്ടപിടിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. അണുബാധ കാരണമുള്ള ആരോഗ്യപ്രശ്‌നങ്ങളും കാംബ്ലി നേരിടുന്നുണ്ട്.
ഒരിക്കല്‍ വേര്‍പിരിയലിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. പക്ഷേ അവനെ ഉപേക്ഷിച്ചാല്‍ അവന്‍ നിസ്സഹായനാകുമെന്ന് ഞാന്‍ മനസ്സിലാക്കി. അവനൊരു കുട്ടിയെപ്പോലെയാണ്, അതെന്നെ വേദനിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്നു. ഒരു സുഹൃത്തിനെപോലും ഉപേക്ഷിക്കാന്‍ കഴിയുന്ന ആളല്ല ഞാന്‍. അതിനേക്കാളും എത്രയോ അപ്പുറമാണ് എനിക്കവന്‍. പിന്നിട്ടുപോയ നിമിഷങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. അവന്‍ ഭക്ഷണംകഴിച്ചോ ഇല്ലയോ ശരിയായി കിടക്കുന്നുണ്ടോ സുഖമാണോ എന്നതെല്ലാം എന്നെ അലട്ടിക്കൊണ്ടിരിക്കും. എന്നെ അവന് ആവശ്യമാണെന്ന് ഞാന്‍ മനസ്സിലാക്കും' ആന്‍ഡ്രിയ പറഞ്ഞു.
മിക്കപ്പോഴും, എനിക്ക് എന്നോട് തന്നെ സാഹചര്യം വിശദീകരിക്കേണ്ടി വന്നിരുന്നു, ഞാന്‍ തന്നെയാണ് പപ്പയെന്നും ഞാന്‍ തന്നെയാണ് അമ്മയെന്നും. മകന്‍ ക്രിസ്റ്റ്യാനോയ്ക്ക് എല്ലാം മനസ്സിലായി, അവന്‍ എന്നെ ഒട്ടും ബുദ്ധിമുട്ടിച്ചില്ല, എന്റെ മുഖത്തുണ്ടാകുന്ന വികാരങ്ങളെല്ലാം അവന്‍ തിരിച്ചറിഞ്ഞു' ആന്‍ഡ്രിയ കൂട്ടിച്ചേര്‍ത്തു.