സെഞ്ച്വറിയും 6 വിക്കറ്റും! ഹോം ഗ്രൗണ്ടില്‍ ഓള്‍റൗണ്ട് മികവുമായി അശ്വിന്‍; പിന്തുണയുമായി ജഡേജയും; ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ; ഒന്നാം ടെസ്റ്റില്‍ ആതിഥേയര്‍ക്ക് 280 റണ്‍സിന്റെ ആധികാരിക ജയം
ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ
ചെന്നൈ: കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ടീമിലെടുത്തിട്ടും പ്ലേയിങ്ങ് ഇലവനില്‍ അശ്വിനെ ഇറക്കാത്തതാണ് ഇന്ത്യയുടെ പരാജയത്തിന് കാരണമെന്ന് ഇപ്പോഴും വിശ്വസിക്കുന്നവര്‍ ഉണ്ട്.ടെസ്റ്റ് ക്രി്ക്കറ്റില്‍ അശ്വിന്‍ കാണിക്കുന്ന അപ്രമാദിത്യം തന്നെയാണ് അതിന് പ്രധാനകാരണം.ഈ കാഴ്ച്ചപ്പാടിനെ ശരിവെക്കുന്നതായിരുന്നു ബംഗ്ലാദേശിനെതിരായ ചെന്നൈയിലെ ഒന്നാം ടെസ്റ്റില്‍ അശ്വിന്റെ പ്രകടനം.ആദ്യ ഇന്നിങ്ങസില്‍ ടീമിനെ രക്ഷിച്ച ശതകവും രണ്ടാം ഇന്നിങ്ങ്സിലെ 6 വിക്കറ്റുമായുള്ള അശ്വിന്റെ നിര്‍ണ്ണായക പ്രകടനത്തിന്റെ കരുത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 280 റണ്‍സിന്റെ ആധികാരിക ജയം.
515 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ബംഗ്ലാദേശ് നാലാം ദിനം 234 റണ്‍സിന് ഓള്‍ ഔട്ടായി. 82 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മുള്‍ ഹൗസൈന്‍ ഷാന്റോ മാത്രമാണ് ബംഗ്ലാദേശിനായി പൊരുതിയത്.അശ്വിനെക്കൂടാതെ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റെടുത്തു. സ്‌കോര്‍ ഇന്ത്യ276, 287-4, ബംഗ്ലാദേശ് 149, 234.മികച്ച ഓള്‍റൗണ്ട് മികവിലൂടെ ആശ്വിന്‍ തന്നെയാണ് കളിയിലെ താരവും.അശ്വിനും ജഡേജയും നടത്തിയ ഓള്‍റൗണ്ട് മികവാണ് നേരത്തെയുള്ള വിജയം സാധ്യമാക്കിയത്.
നാലിന് 158 എന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് ഷാന്റോയും ഷാക്കിബും ചേര്‍ന്ന് നാലാം ദിനം തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയെങ്കിലും അശ്വിനും ജഡേജയും പന്തെടുത്തതോടെ ബംഗ്ലാദേശ് മുട്ടുമടക്കി.പൊരുതി നോക്കിയ ഷാക്കിബ് അല്‍ ഹസനെ(25) ഷോര്‍ട്ട് ലെഗ്ഗില്‍ യശസ്വി ജയ്സ്വാളിന്റെ കൈകളിലെത്തിച്ചാണ് അശ്വിന്‍ ബംഗ്ലാദേശിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നാലെ ലിറ്റണ്‍ ദാസിനെ(1) ജഡേജ പുറത്താക്കി. മെഹ്ദി ഹസന്‍ മിറാസിനെ(8) പുറത്താക്കി അശ്വിന്‍ അഞ്ച് വിക്കറ്റ് തികച്ചതിന് പിന്നാലെ ടസ്‌കിന്‍ അഹമ്മദിനെക്കൂടി പുറത്താക്കി വിക്കറ്റ് നേട്ടം ആറാക്കി.
ഹസന്‍ മെഹ്‌മൂദിനെ വീഴ്ത്തി ജഡേജ ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിപ്പിച്ചു.21 ഓവറില്‍ 88 റണ്‍സ് വഴങ്ങിയാണ് അശ്വിന്റെ ആറുവിക്കറ്റ് നേട്ടം.15.1 ഓവറില്‍ 58 റണ്‍സ് വഴങ്ങി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുമെടുത്തു.ഒന്നാം ഇന്നിങ്‌സില്‍ ടീം തകര്‍ച്ചയെ നേരിട്ടപ്പോള്‍ അശ്വിനും ജഡേജയും ബാറ്റുകൊണ്ട് ടീമിനെ കരകയറ്റിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ അത് പന്തുകൊണ്ടാക്കി മാറ്റി.ആദ്യ ഇന്നിങ്‌സില്‍ 144-ന് ആറ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ അശ്വിന്റെ സെഞ്ചുറിയും (113) ജഡേജയുടെ തകര്‍പ്പന്‍ പ്രകടനവും (86) റണ്‍സ് ആണ് രക്ഷിച്ചിരുന്നത്. ഇരുവരും ഏഴാംവിക്കറ്റില്‍ 199 റണ്‍സിന്റെ കൂട്ടകെട്ടുയര്‍ത്തി.
ബുംറ ആദ്യ ഇന്നിങ്‌സില്‍ നാലും രണ്ടാം ഇന്നിങ്‌സില്‍ ഒന്നും അടക്കം അഞ്ച് വിക്കറ്റുകളാണ് ആകെ നേടിയത്. ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നേടിയ ജഡേജയുടെ ആകെ നേട്ടവും അഞ്ചായി.അശ്വിന് ഒന്നാം ഇന്നിങ്‌സില്‍ വിക്കറ്റ് നേടാന്‍ സാധിച്ചിരുന്നില്ല.ശുഭ്മാന്‍ ഗില്ലിന്റെയും ഋഷഭ് പന്തിന്റെയും സെഞ്ചുറികളായിരുന്നു രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ കരുത്ത്.ഇതിനിടെ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്ക് രണ്ട് ഇന്നിങ്‌സിലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.
നേരത്തേ ആദ്യ ഇന്നിങ്സില്‍ രവിചന്ദ്രന്‍ അശ്വിന്റെ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ചുറിയുടെയും ബലത്തില്‍ 376 റണ്‍സ് ഉയര്‍ത്തിയിരുന്നു ഇന്ത്യ. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിനെ 149 റണ്‍സെടുക്കാനേ ആയുള്ളൂ. നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ടുവീതം വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവരുമാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്.
227 റണ്‍സിന്റെ ലീഡോടെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 287-ന് നാല് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ശുഭ്മാന്‍ ഗില്ലിന്റെയും (176 പന്തില്‍ 119*) ഋഷഭ് പന്തിന്റെയും (128 പന്തില്‍ 109) സെഞ്ചുറികളാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് കരുത്തായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി (17) എന്നിവര്‍ രണ്ട് ഇന്നിങ്‌സിലും നിരാശ പടര്‍ത്തിയപ്പോള്‍ ജയ്‌സ്വാള്‍ ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറി നേടി. 515 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ബംഗ്ലാദേശിന് മുന്നില്‍വെച്ചത്.ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം ടെസ്റ്റ് 27ന് കാണ്‍പൂരില്‍ തുടങ്ങും.