വിക്കറ്റ് തുലച്ച് വീണ്ടും പന്തിന്റെ 'സ്റ്റുപ്പിഡ്' ഷോട്ട്; സ്‌നിക്കോയില്‍ വ്യതിചലനമില്ലാഞ്ഞിട്ടും ജയ്‌സ്വാളിനെ 'പുറത്താക്കി' അംപയര്‍; സമനില പ്രതീക്ഷ ഉയര്‍ത്തിയിട്ടും മെല്‍ബണില്‍ അവസാന സെഷനില്‍ കലമുടച്ച് ഇന്ത്യ; ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ 184 റണ്‍സ് ജയത്തോടെ ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനരികെ
ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനരികെ
മെല്‍ബണ്‍: ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ചാം ദിനത്തിലെ രണ്ടാം സെഷനില്‍ സമനില പ്രതീക്ഷ ഉയര്‍ത്തിയ ശേഷം ഇന്ത്യയ്ക്ക് കനത്ത തോല്‍വി. ചായയുടെ ഇടവേള വരെ സമനില പ്രതീക്ഷ നല്‍കിയ ശേഷം അവസാന സെഷനില്‍ ഇന്ത്യ വിക്കറ്റ് തുലച്ച് മത്സരം കൈവിടുകയായിരുന്നു. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 340 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം 155 റണ്‍സില്‍ അവസാനിച്ചു. 184 റണ്‍സ് ജയത്തോടെ ഓസീസ് പരമ്പരയില്‍ മുന്നിലെത്തി (2 - 1).
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീമാകാനുള്ള ഇന്ത്യന്‍ പ്രതീക്ഷകള്‍ ഇതോടെ മങ്ങി. ഈ വിജയത്തോടെ, അടുത്ത വര്‍ഷം നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടാനുള്ള സാധ്യതകള്‍ ഓസീസ് സജീവമാക്കി. കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരായ ടെസ്റ്റ് വിജയത്തോടെ ദക്ഷിണാഫ്രിക്ക ഫൈനലില്‍ കടന്നിരുന്നു.
അവസാന ഏഴു വിക്കറ്റുകള്‍ വെറും 34 റണ്‍സിനിടെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മൂന്നിന് 121 റണ്‍സെന്ന നിലയില്‍ നിന്നാണ് അവസാന സെഷനില്‍ ഇന്ത്യ തോല്‍വി വഴങ്ങിയത്. അവസാന ദിനം ചായക്ക് പിരിയുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന ഭേദപ്പെട്ട നിലയിലായിരുന്നു ഇന്ത്യ. 79.1 ഓവറില്‍ 155 റണ്‍സിന് എല്ലാവരും പുറത്തായി. സ്‌കോര്‍: ഓസ്‌ട്രേലിയ 474 & 234, ഇന്ത്യ 369 & 155.
ഉറച്ച പ്രതിരോധവുമായി ഒരു വശത്ത് ക്രീസില്‍ നിന്ന് അര്‍ധസെഞ്ചറി നേടിയ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 208 പന്തില്‍ എട്ടു ഫോറുകള്‍ സഹിതം 84 റണ്‍സെടുത്ത ജയ്‌സ്വാള്‍, വിവാദപരമായ തീരുമാനത്തിലാണ് പുറത്തായത്. ഇതോടെ, അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഓസീസ് 2 - 1ന് മുന്നിലെത്തി. പരമ്പരയിലെ അവസാന ടെസ്റ്റ് ജനുവരി 3 മുതല്‍ സിഡ്‌നിയില്‍ നടക്കും.
ജയ്സ്വാളിനു പുറമേ ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത് 104 പന്തില്‍ 30 റണ്‍സെടുത്ത ഋഷഭ് പന്ത് മാത്രം. നാലാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത അര്‍ധെസഞ്ചറി കൂട്ടുകെട്ടാണ് ഓസീസിന്റെ വിജയം വൈകിപ്പിച്ചത്. 32.1 ഓവര്‍ ക്രീസില്‍ നിന്ന ഇരുവരും ചേര്‍ന്ന് 88 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ എത്തിച്ചത്.
ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (40 പന്തില്‍ 9), കെ.എല്‍. രാഹുല്‍ (അഞ്ച് പന്തില്‍ 0), വിരാട് കോലി (29 പന്തില്‍ അഞ്ച്), ഋഷഭ് പന്ത് (104 പന്തില്‍ 30), രവീന്ദ്ര ജഡേജ (14 പന്തില്‍ രണ്ട്), നിതീഷ് കുമാര്‍ റെഡ്ഡി (അഞ്ച് പന്തില്‍ ഒന്ന്), ആകാശ്ദീപ് സിങ് (17 പന്തില്‍ ഏഴ്), ജസ്പ്രീത് ബുമ്ര (0), മുഹമ്മദ് സിറാജ് (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. വാഷിങ്ടന്‍ സുന്ദര്‍ 45 പന്തില്‍ അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു.
ഓസ്‌ട്രേലിയയ്ക്കായി ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് 18 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. സ്‌കോട് ബോളണ്ട് 16 ഓവറില്‍ 39 റണ്‍സ് വഴങ്ങിയും മൂന്നു വിക്കറ്റ് സ്വന്തമാക്കി. നേഥന്‍ ലയണ്‍ 20.1 ഓവറില്‍ 37 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രാവിസ് ഹെഡ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
വിക്കറ്റ് തുലച്ച് ഋഷഭ് പന്ത്
88 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഖ്യം ഇന്ത്യയെ സമനിലയിലെത്തിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ട്രാവിസ് ഹെഡിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഋഷഭ് പന്ത് പുറത്താകുന്നത്. 104 പന്തുകള്‍ ക്ഷമയോടെ നേരിട്ട് രണ്ട് ബൗണ്ടറികള്‍ മാത്രം നേടി 30 റണ്‍സെടുത്ത പന്ത് പെട്ടെന്ന് പ്രതിരോധ പാഠങ്ങള്‍ മറന്നുപോയി.
ക്ഷമാപൂര്‍വും ബാറ്റേന്തി ഇന്ത്യയുടെ രക്ഷകനാകുമെന്ന് ഉറപ്പിച്ച ഘട്ടത്തില്‍, ഋഷഭ് പന്ത് അനാവശ്യ ഷോട്ടിനു ശ്രമിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞതാണ് തിരിച്ചടിയായത്. അതീവ ശ്രദ്ധയോടെ യശസ്വി ജയ്സ്വാളിനൊപ്പം ഇന്ത്യയ്ക്കായി പ്രതിരോധം തീര്‍ക്കുന്നതിനിടെ, ശ്രദ്ധ തെറ്റിയ നിമിഷത്തില്‍ പന്ത് വീണ്ടും ഗാവസ്‌കര്‍ വിശേഷിപ്പിച്ച ആ 'സ്റ്റുപ്പിഡ്' ഷോട്ട് കളിച്ചു. ഫലം, ഇന്ത്യയുടെ സമനില മോഹങ്ങള്‍ക്ക് ഭീഷണി തീര്‍ത്ത് മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ പന്ത് പുറത്ത്. 104 പന്തില്‍ രണ്ടേ രണ്ടു ഫോറുകള്‍ സഹിതം 30 റണ്‍സെടുത്ത പന്തിനെ, ട്രാവിസ് ഹെഡാണ് പുറത്താക്കിയത്. ഹെഡിന്റെ തികച്ചും നിരുപദ്രവകരമായ പന്തില്‍ ബൗണ്ടറി നേടാനുള്ള ശ്രമത്തിലാണ്, പന്ത് മിച്ചല്‍ മാര്‍ഷിന് വിക്കറ്റ് സമ്മാനിച്ച് പുറത്തായത്.
പിന്നാലെ അതിവേഗം രവീന്ദ്ര ജഡേജയേയും (2), ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ കാത്ത നിതീഷ് കുമാര്‍ റെഡ്ഡിയേയും (1) പുറത്താക്കി ഓസീസ് ഇന്ത്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. പിന്നാലെ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന ജയ്‌സ്വാളിനെ വീഴ്ത്തി കമ്മിന്‍സ് ഇന്ത്യയ്ക്ക് കാര്യങ്ങള്‍ കടുപ്പമാക്കി. വിവാദമായ ഡിആര്‍എസ് തീരുമാനത്തിലായിരുന്നു ജയ്‌സ്വാളിന്റെ മടക്കം. കമ്മിന്‍സിന്റെ പന്തില്‍ ക്യാച്ചിന് വിക്കറ്റ് കീപ്പര്‍ അപ്പീല്‍ ചെയ്യുകയായിരുന്നു.
എന്നാല്‍ സ്‌നിക്കോ മീറ്ററില്‍ പന്ത് താരത്തിന്റെ ബാറ്റിലോ ഗ്ലൗവിലോ തട്ടിയതായി തെളിഞ്ഞില്ല. പക്ഷേ പന്തിന്റെ ഗതിമാറ്റം കണക്കിലെടുത്ത് ടിവി അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു. തീരുമാനത്തില്‍ ഫീല്‍ഡ് അമ്പയര്‍മാരോട് പ്രതിഷേധം അറിയിച്ചാണ് ജയ്‌സ്വാള്‍ ക്രീസ് വിട്ടത്. 208 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയടക്കം 84 റണ്‍സെടുത്താണ് താരം മടങ്ങിയത്. ജയ്സ്വാള്‍ മടങ്ങിയതോടെ ഓസീസ് വിജയം ഉറപ്പിച്ചിരുന്നു.
പിന്നാലെയെത്തിയ ആകാശദീപ് 17 പന്തുകള്‍ പിടിച്ചുനിന്ന് ഏഴു റണ്‍സുമായി മടങ്ങി. തുടര്‍ന്ന് ബുംറയേയും സിറാജിനെയും മടക്കി ഓസീസ് വിജയം പൂര്‍ത്തിയാക്കി. ഓസീസ് വിജയം ആഘോഷിക്കുമ്പോള്‍ 45 പന്തുകളില്‍ നിന്ന് അഞ്ചു റണ്‍സുമായി വാഷിങ്ടണ്‍ സുന്ദര്‍ പുറത്താകാതെ നില്‍പ്പുണ്ടായിരുന്നു.
നേരത്തേ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് ആറു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അവസാന വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ 234-ല്‍ നില്‍ക്കേ നേഥന്‍ ലയണിന്റെ കുറ്റി തെറിപ്പിച്ച് ജസ്പ്രീത് ബുംറയാണ് ഓസീസ് ഇന്നിങ്സ് അവസാനിപ്പിച്ചത്. ബുംറ അഞ്ചു വിക്കറ്റെടുത്തു. 55 പന്ത് നേരിട്ട് അഞ്ച് ബൗണ്ടറിയടക്കം 41 റണ്‍സെടുത്താണ് ലയണ്‍ പുറത്തായത്. സ്‌കോട്ട് ബോളണ്ട് 15 റണ്‍സോടെ പുറത്താകാതെ നിന്നു.
അവസാന വിക്കറ്റില്‍ 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ലയണ്‍ - ബോളണ്ട് സഖ്യമാണ് നാലാം ദിനം ഇന്ത്യയെ വെള്ളംകുടിപ്പിച്ചത്. 173 റണ്‍സില്‍ ഓസീസിന്റെ ഒമ്പതാം വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയ്ക്ക് നേഥന്‍ ലയണും അവസാനക്കാരന്‍ സ്‌കോട്ട് ബോളണ്ടും ചേര്‍ന്ന പത്താം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാന്‍ അഞ്ചാം ദിനം വരെ കാത്തിരിക്കേണ്ടിവന്നു. നാലാം ദിനം അവസാന സെഷനിലെ 18 ഓവറുകളോളം പിടിച്ചു നിന്ന ഈ കൂട്ടുകെട്ടാണ് ഓസീസ് ലീഡ് 300 കടത്തിയത്. സിറാജ് മൂന്നു വിക്കറ്റ് വീഴ്ത്തി. 139 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്‌നും 90 പന്തില്‍ 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും മികച്ച പ്രടനം നടത്തി.
ജയ്സ്വാളിനെ പുറത്താക്കി അംപയര്‍
ഇന്ത്യന്‍ ഇന്നിങ്‌സില്‍ നങ്കൂരമിട്ട് കളിച്ച് തുടര്‍ച്ചയായ രണ്ടാം ഇന്നിങ്‌സിലും അര്‍ധസെഞ്ചറി നേടിയ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ വിവാദച്ചുവയുള്ള പുറത്താകല്‍ വരും ദിനങ്ങളിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കു മെന്ന് തീര്‍ച്ച. ഒരറ്റത്ത് വിക്കറ്റുകള്‍ നിലംപൊത്തുമ്പോഴും മറുവശത്ത് ഉറച്ച പ്രതിരോധം തീര്‍ത്ത് ക്രീസില്‍ നിന്ന ജയ്സ്വാള്‍, പാറ്റ് കമിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി ക്യാച്ചെടുത്താണ് പുറത്തായത്. ജയ്‌സ്വാളിന്റെ വിക്കറ്റിനായി ഓസീസ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ വിക്കറ്റ് അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് റിവ്യൂ ആവശ്യപ്പെട്ടു.
വിശദമായ പരിശോധനയില്‍ പന്ത് ഗ്ലൗസില്‍ തട്ടുന്നതായി സംശയം ഉയര്‍ന്നെങ്കിലും, സ്‌നിക്കോമീറ്ററില്‍ അതിന്റെ തെളിവു ലഭിച്ചില്ല. ഒറ്റക്കാഴ്ചയില്‍ പന്തിന്റെ ഗതി ജയ്സ്വാളിന്റെ ബാറ്റിന്റെ തൊട്ടടുത്തുവച്ച് വ്യതിചലിക്കുകയും, സ്‌നിക്കോമീറ്ററില്‍ യാതൊന്നും കാണിക്കാതിരിക്കുകയും ചെയ്തതോടെ ആശയക്കുഴപ്പത്തിലായ തേഡ് അംപയര്‍, ഒടുവില്‍ ഔട്ട് അനുവദിക്കുകയായിരുന്നു. അംപയറിന്റെ തീരുമാനത്തില്‍ തന്റെ അതൃപ്തി പരസ്യമാക്കിയാണ് ജയ്സ്വാള്‍ പലവിയനിലേക്ക് മടങ്ങിയത്.