ഗൗതം ഗഭീറിന്റെ സെലക്ടര്‍ റോള്‍ പരിശോധിക്കും, കോച്ചിങ് സ്റ്റഫിനെ തിരഞ്ഞെടുത്തതിലും ബിസിസിഐക്ക് അതൃപ്തി: റോഡ് മാപ്പ് ആവശ്യപ്പെട്ടേക്കും: ഗൗതം ഗംഭീര്‍ ഇന്ത്യന്‍ കോച്ച് സ്ഥാനത്ത് നിന്ന് പുറത്തേക്കോ?

Update: 2024-11-04 10:18 GMT

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് ഗൗതം ഗംഭീറിന് നല്‍കിയ അമിത പരിഗണന ഒഴിവാക്കാന്‍ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് പിന്നാലെയാണ് ബിസിസിഐ ആലോചന. രവി ശാസ്ത്രിക്കും രാഹുല്‍ ദ്രാവിഡിനും ലഭിച്ചതിനേക്കാള്‍ പരിഗണന ഗംഭീറിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ ലഭിച്ചു. പരിശീലകര്‍ സെലക്ഷന്‍ കമ്മറ്റിയുടെ ഭാഗമാകുകയെന്നത് ബിസിസിഐ നിയമങ്ങളില്‍ അനുവദിച്ചിട്ടില്ല. എന്നാല്‍ ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ ഈ നിയമം ബാധകമായില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയുടെ പ്രധാന്യം പരിഗണിച്ചാണ് ഇത്തരത്തില്‍ നടപടിയെടുത്തത്. ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.

ഗംഭീറിന്റെ ഇതുവരെയുള്ള എല്ലാ ആവശ്യങ്ങളും ബിസിസിഐ അംഗീകരിച്ചിട്ടുണ്ടെന്നും തീരുമാനങ്ങള്‍ പുനഃപരിശോധിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നു. നിര്‍ണായകമായ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുമ്പായി തീരുമാനങ്ങള്‍ പുനഃപരിശോധിക്കും. കൂടാതെ പര്യടനത്തിന് മുമ്പായി ഗംഭീറിനോട് ഒരു റോഡ്മാപ്പ് ആവശ്യപ്പെടുകയും ചെയ്തേക്കാം.

നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലന മികവ് കാണിക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്ന ബിസിസിഐ നയം അവഗണിച്ച് ഗംഭീര്‍ സപ്പോര്‍ട്ട് സ്റ്റാഫിനെ തെരഞ്ഞെടുത്തിരുന്നു. കോച്ചിങ് സ്റ്റാഫിലേക്ക് താന്‍ നിര്‍ദേശിക്കുന്നവരെ വേണമെന്ന ഗംഭീറിന്റെ കടുത്ത നിബന്ധന ബിസിസിഐ അംഗീകരിക്കുകയായിരുന്നു. ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷന്‍ മീറ്റിങില്‍ പങ്കെടുക്കാനും അദ്ദേഹത്തെ അനുവദിച്ചിട്ടുണ്ട്. ഇതെല്ലാം പുനഃപരിശോധിച്ചേക്കും.

ഗംഭീറിന്റെ കോച്ചിങ് സ്റ്റാഫില്‍ അഭിഷേക് നായര്‍, റയാന്‍ ടെന്‍ ഡോഷേറ്റ്, മോണ്‍ മോര്‍ക്കല്‍ എന്നിവരാണുള്ളത്. ഐപിഎല്‍ 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഗംഭീറിന് കീഴില്‍ പ്രവര്‍ത്തിച്ചവരാണ് അഭിഷേകും ഡോഷേറ്റും. മോര്‍ക്കല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ അദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്തിരുന്നു.

ജൂലൈ ഒടുവില്‍ ശ്രീലങ്കന്‍ പരമ്പരയിലാണ് ഇന്ത്യന്‍ പരിശീലകനായി ?ഗൗതം ?ഗംഭീര്‍ ചുമതലയേറ്റത്. ട്വന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ ഏകദിന പരമ്പര കൈവിട്ടു. 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ടീം ശ്രീലങ്കയോട് ഏകദിന പരമ്പരയില്‍ പരാജയപ്പെടുന്നത്. പിന്നാലെ ന്യൂസിലാന്‍ഡിനെതിരെ സ്വന്തം മണ്ണില്‍ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ സമ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങി. ഇതോടെയാണ് ?ഗംഭീറിന്റെ പരിശീലക സ്ഥാനത്തിന് നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്.

Tags:    

Similar News